ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ മുമ്പും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ആപ്പിളിന്റെ ഐപാഡ് ആണ് ടാബ്‌ലറ്റുകളെ പ്രലോഭനീയമായ ഒരു ഗാഡ്ജറ്റായി പരിവര്‍ത്തനം ചെയ്തത്. പേഴ്‌സണല്‍ കമ്പ്യൂട്ടിങ് രംഗത്ത് പുതിയ യുഗപ്പിറവിയായി ഐപാഡ് വിലയിരുത്തപ്പെട്ടു.
2010 ഏപ്രിലിലാണ് ആപ്പിള്‍ ഐപാഡ് അവതരിപ്പിച്ചത്. 2010 അവസാനത്തോടെ 150 ലക്ഷം ഐപാഡുകളാണ് ആപ്പിള്‍ വിറ്റഴിച്ചത്. 2011 ലും ഐപാഡിന് ആവശ്യക്കാര്‍ കുറഞ്ഞില്ല. ഇതുവരെ 290 ലക്ഷം ഐപാഡുകള്‍ ചെലവായി എന്നാണ് കണക്ക്.
മറ്റ് ഗാഡ്ജറ്റ് നിര്‍മാണ കമ്പനികള്‍ ടാബ്‌ലറ്റ് രംഗത്തേക്ക് എടുത്ത് ചാടിയത് സ്വാഭാവികം മാത്രം. ഓരോ മാസവും കമ്പനികള്‍ പുതിയ മോഡലുകളുമായി രംഗത്തെത്തി. എന്നാല്‍, ഈ ആവേശമൊന്നും ആ കമ്പനികളെ തുണച്ചില്ല. ഐപാഡിന്റെ സ്വീകാര്യത മറ്റ് ടാബ്‌ലറ്റുകള്‍ക്ക് ലഭിച്ചില്ല എന്നതാണ് വാസ്തവം.
ഉദാഹരണത്തിന്, മൊബൈല്‍ ഫോണ്‍ രംഗത്തെ വമ്പന്‍മാരായ കനേഡിയന്‍ കമ്പനി, റിസര്‍ച്ച് ഇന്‍ മോഷന്‍ (RIM-ബ്ലാക്ക്ബറി ഫോണുകളുടെ നിര്‍മാതാക്കള്‍) വലിയ പ്രതീക്ഷയോടെയാണ് തങ്ങളുടെ ടാബ്‌ലറ്റായ
'പ്ലേബുക്ക്' (PlayBook) രംഗത്തെത്തിച്ചത്. മൂന്നുമാസം കൊണ്ട് രണ്ടുലക്ഷം പ്ലേബുക്കുകള്‍ മാത്രമാണ് വിറ്റഴിക്കാന്‍ സാധിച്ചത് (വെറും മൂന്നുദിവസം കൊണ്ട് ആപ്പിളിന് സാധിച്ച കാര്യമാണിത്).
കമ്പ്യൂട്ടര്‍ നിര്‍മാണരംഗത്ത് വമ്പന്‍മാരായിരുന്ന ഹ്യുലെറ്റ്-പക്കാര്‍ഡ് (എച്ച്.പി) പുറത്തിറക്കിയ
'ടച്ച്പാഡും' (TouchPad) വിപണിയില്‍ വിജയിച്ചില്ല. മോട്ടറോളയും ഏസറും സാംസങുമെല്ലാം ടാബ്‌ലറ്റുകള്‍ രംഗത്തെത്തിക്കുന്നുവെങ്കിലും, ഐപാഡ് വിപണിയില്‍ കാട്ടുന്ന മാജിക് അനുകരിക്കാന്‍ ഈ കമ്പനികളുടെ ടാബ്‌ലറ്റുകള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഈ സമയത്താണ് 'പൂച്ചയ്ക്കാര് മണികെട്ടും' എന്നതു പോലെ, ഐപാഡിന്റെ ജൈത്രയാത്രയ്ക്ക് ആര് കടിഞ്ഞാണിടുമെന്ന ചോദ്യം പ്രസക്തമാകുന്നത്. മറ്റ് കമ്പനികള്‍ പരാജയപ്പെട്ടിടത്ത് വിജയിക്കാന്‍ മറ്റൊരു കമ്പനി എത്തുന്നതായി 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഓണ്‍ലൈന്‍ കച്ചവടത്തില്‍ ഇതിഹാസം രചിച്ച സാക്ഷാല്‍
'ആമസോണ്‍' ആണ് ഐപാഡിനോട് മത്സരിക്കാന്‍ പുതിയ ടാബ്‌ലറ്റുമായി രംഗത്തെത്തുന്നത്.
അടുത്ത ദിവസം തന്നെ ആമസോണിന്റെ ടാബ്‌ലറ്റ് രംഗത്തെത്തുമെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പറയുന്നത്. ലോകത്തെ ആദ്യ ജനപ്രിയ ഇ-റീഡര്‍ രംഗത്തെത്തിച്ച കമ്പനിയാണ് ആമസോണ്‍. കമ്പനിയുടെ ഇ-റീഡറായ 'കിന്‍ഡ്‌ലി'ന്റെ കളര്‍ പതിപ്പായിരിക്കും പുതിയ ടാബ്‌ലറ്റ് എന്നാണ് റിപ്പോര്‍ട്ട്.
ഇക്കാര്യത്തില്‍ ആപ്പിളിനോട് മത്സരിക്കാന്‍ ഏറ്റവും അനുയോജ്യമായ കമ്പനിയാണ് ആമസോണ്‍ എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇ-റീഡര്‍ വഴി പുസ്തക വായനയെ ഡിജിറ്റല്‍ യുഗത്തിലേക്ക് കൈപിടിച്ചു നടത്തിയ കമ്പനിയാണ് ആമസോണ്‍. അതേസമയം, മാധ്യമ ഉപഭോഗത്തെ വ്യക്തിഗതമായ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ്
ഐപാഡ് വഴി ആപ്പിള്‍ ചെയ്തത്.
ഇരുകമ്പനികളും വിജയപാതയിലാണ്. രണ്ട് കമ്പനികളുടെയും വരുമാനം പുതിയ ഉയരങ്ങള്‍ തേടുന്ന സമയമാണിത്. ടാബ്‌ലറ്റ് രംഗത്ത് ഇരുകമ്പനികളും നേര്‍ക്കുനേര്‍ മത്സരിക്കുമ്പോള്‍, സ്വാഭാവികമായും ഐപാഡിന്റെയും മറ്റ് ടാബ്‌ലറ്റുകളുടെയും വില കുറയും. എന്നുവെച്ചാല്‍, ആത്യന്തികമായി വിജയം ഉപഭോക്താവിനായിരിക്കുമെന്ന് സാരം.
ആപ്പിളിനെപ്പോലെ തന്നെ, തങ്ങളുടെ ആവനാഴിയില്‍ എന്താണ് രൂപപ്പെടുന്നതെന്ന് സൂചന പോലും നല്‍കാത്ത കമ്പനിയാണ് ആമസോണും. അതിനാല്‍, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും വ്യക്തമല്ല. അടുത്ത ദിവസം മാന്‍ഹാട്ടനില്‍ ആമസോണ്‍ ഒരു വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പുതിയ ടാബ്‌ലറ്റ് അവതരിപ്പിക്കാനാകും അതെന്ന് ടെക് ബ്ലോഗുകള്‍ പ്രവചിക്കുന്നു.

ആമസോണ്‍ അതിന്റെ ഇ-റീഡറായ കിന്‍ഡ്ല്‍ അവതരിപ്പിച്ചത് 2007 നവംബര്‍ 19 നാണ്. മൂന്നര വര്‍ഷം കഴിഞ്ഞാണ് കമ്പനി അതിന്റെ ആദ്യ ടാബ്‌ലറ്റ് രംഗത്തെത്തിക്കാനൊരുങ്ങുന്നത്. ഐപാഡിന്റെ പകുതി വിലയ്ക്ക് (ഏതാണ്ട് 250 ഡോളര്‍) തങ്ങളുടെ ടാബ്‌ലറ്റ് വില്‍ക്കാനാകും ആമസോണ്‍ ശ്രമിക്കുകയെന്ന് പ്രവചിക്കപ്പെടുന്നു.
ആമസോണ്‍ ആദ്യം അവതരിപ്പിക്കുന്ന ടാബ്‌ലറ്റ് ഏഴിഞ്ച് വലിപ്പമുള്ളതാകും (ഐപാഡിന് പത്തിഞ്ചാണ് വലിപ്പം). നിലവിലുള്ള കിന്‍ഡ്‌ലില്‍ നിന്ന് വ്യത്യസ്തമായി, ഐപാഡും ഐഫോണും മാതിരി ടച്ച്‌സ്‌ക്രീന്‍ തന്നെയാകും ആമസോണിന്റെ ടാബ്‌ലറ്റ്. കൂടുതല്‍ വലിപ്പമുള്ള സ്‌ക്രീനോടുകൂടിയ മറ്റൊരു ടാബ്‌ലറ്റ് ആമസോണ്‍ അടുത്ത വര്‍ഷം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആപ്പിളും ആമസോണും തമ്മിലുള്ള മത്സരം സംതുലിതമാകില്ലെന്ന് വിലയിരുത്തപ്പെടുന്നു. കാരണം, തങ്ങളുടെ ഗാഡ്ജറ്റുകള്‍ ചെലവാകാനാണ് സിനിമയും സംഗീതവും ബുക്കുകളും ആപ്പിള്‍ വില്‍ക്കുന്നത്. അതേസമയം, ബുക്കുകളും സിനിമകളും സംഗീതവും കച്ചവടം നടത്താനാണ് ആമസോണ്‍ അതിന്റെ ഗാഡ്ജറ്റ് വില്‍ക്കുന്നത്.
ആപ്പിളിന് തങ്ങളുടെ വാണിജ്യതന്ത്രത്തെ വെല്ലുവിളിക്കുന്ന ഒരു എതിരാളിയെയും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ട് ഭാവിയിലും അങ്ങനെയായിരിക്കുമെന്ന് കരുതാനാകില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.