ആകാശവാണിയുടെ വാര്‍ത്തകള്‍ വൈകാതെ എസ്.എം.എസ് രൂപത്തില്‍ മൊബൈല്‍ ഫോണിലും ലഭ്യമാകും.
രാജ്യത്തെമ്പാടും രജിസ്റ്റര്‍ ചെയ്ത പ്രേക്ഷകര്‍ക്ക് വാര്‍ത്തകള്‍ മൊബൈല്‍ ഫോണിലെത്തിക്കാന്‍ എസ്.എം.എസ്. അധിഷ്ഠിത സര്‍വീസാണ് ആരംഭിക്കുന്നത്. ഏറ്റവും ഒടുവിലത്തെ വാര്‍ത്തകളുടെ തലവാചകങ്ങളാകും എസ്.എം.എസായി എത്തുക.
ദിവസവും മൂന്നു തവണ വീതം ന്യൂസ് അലര്‍ട്ടുകള്‍ അയയ്ക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ.റിപ്പോര്‍ട്ട് ചെയ്തു. മൂന്നോ നാലോ വാര്‍ത്തകളുടെ തലവാചകവും ഒരു പരസ്യ ടാഗും അടങ്ങിയതായിരിക്കും ഓരോ എസ്.എം.എസും.
സര്‍വീസ് ജനപ്രിയമാകുന്നതോടെ പരസ്യ ടാഗ് വഴി അതില്‍നിന്ന് വരുമാനമുണ്ടാക്കാമെന്നാണ് ഓള്‍ ഇന്ത്യ റേഡിയോ ( All India Radio - AIR ) അധികൃതരുടെ പ്രതീക്ഷ.
100 ക്യാരക്ടറുകളടങ്ങിയതായിരിക്കും ഒരോ വാര്‍ത്താ തലവാക്യവും. വാര്‍ത്തയുടെ ഹൃസ്വമായ ഉള്ളടക്കമാകും അതിലുണ്ടാവുക. എ.ഐ.ഐറിന്റെ ന്യൂസ് സര്‍വീസ് ഡിവിഷനാണ് എസ്.എം.എസ്.അയയ്‌ക്കേണ്ട തലവാചകങ്ങള്‍ നിശ്ചയിക്കുക. അതിനൊപ്പമുള്ള പരസ്യ ടാഗിന് 60 ക്യാരക്ടര്‍ ദൈര്‍ഘ്യമുണ്ടാകും.