പരിണാമശാസ്ത്രജ്ഞന്‍ റസ്സല്‍ വാലസും ഓണ്‍ലൈനില്‍
Posted on: 29 Sep 2012
-സ്വന്തം ലേഖകന്‍

1858 ല്‍ രണ്ടുപേര്‍ ചേര്‍ന്നാണ് 'പ്രകൃതിനിര്‍ധാരണം വഴിയുള്ള ജീവപരിണാമം' എന്ന കണ്ടെത്തല്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്- ചാള്‍സ് ഡാര്‍വിനും ആള്‍ഫ്രഡ് റസ്സല്‍ വാലസും ചേര്‍ന്ന്. രണ്ടുപേരും വെവ്വേറെ നിലകളില്‍ കണ്ടെത്തിയതായിരുന്നു അത്.
ഡാര്‍വിന്റെ രചനകളും രേഖകളുമെല്ലാം 2006 മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. ഇപ്പോഴിതാ,
റസ്സലിന്റെ രചനകളും ശേഖരവും രേഖാചിത്രങ്ങളുമെല്ലാം ഓണ്‍ലൈനിലെത്തുന്നു.
'പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്' എന്ന എല്ലാ പ്രശസ്തിയും ലഭിച്ചത് ഡാര്‍വിനാണ്. അക്കാര്യത്തില്‍ വാലസ് തഴയപ്പെട്ടു. എന്നാല്‍, ഓണ്‍ലൈനില്‍ അത്തരമൊരു അസന്തുലനം പാടില്ലെന്ന കാഴ്ച്ചപ്പാടോടെ, ഡാര്‍വിന് ലഭിച്ച അതേ പരിഗണന തന്നെയാണ് വാലസിനും നല്‍കിയിരിക്കുന്നത്.
ഡാര്‍വിന് ഓണ്‍ലൈന്‍ ഇടം നേടിക്കൊടുത്ത ശാസ്ത്രചരിത്രകാരന്‍ ജോണ്‍ വാന്‍ വൈഹെ തന്നെയാണ് വാലസിന്റെ ഓണ്‍ലൈന്‍ ആര്‍ക്കൈവിനും പിന്നില്‍.
ഡാര്‍വിന്റെ ആര്‍ക്കൈവ് വൈഹെ തയ്യാറാക്കിയത് ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നുവെങ്കില്‍, വാലസിന്റേത് തയ്യാറാക്കുന്നത് സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയില്‍ (എന്‍.യു.എസ്) നിന്നാണ് എന്നതു മാത്രമാണ് വ്യത്യാസം.
'മറ്റൊരു ഡാര്‍വിന്‍'
വാലസിനെ പലരും വിശേഷിപ്പിക്കാറ് 'മറ്റൊരു ഡാര്‍വിന്‍' എന്നാണ്. 1854 മുതല്‍ എട്ടുവര്‍ഷക്കാലം അദ്ദേഹം തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു. ആ സമയത്ത് ജീവിവര്‍ഗങ്ങളുടെ പരിണാമത്തെക്കുറിച്ച് തനിക്ക് ലഭിച്ച ഉള്‍ക്കാഴ്ച പ്രസിദ്ധീകരിക്കാന്‍ അദ്ദേഹത്തിന് തോന്നിയിരുന്നെങ്കില്‍, 'പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്' എന്ന പദവി വഹിക്കുക വാലസ് ആകുമായിരുന്നു.
പക്ഷേ, ആ കണ്ടുപിടിത്തം, താന്‍ ഏറെ ആദരിക്കുന്ന ചാള്‍സ് ഡാര്‍വിന്റെ അഭിപ്രായം ആരാഞ്ഞുകൊണ്ട് വാലസ് ഇംഗ്ലണ്ടിലേക്ക് അയച്ചു. അതിന്റെ പരിണിതഫലം ഇന്ന് ശാസ്ത്രചരിത്രത്തിന്റെ ഭാഗമാണ്.
ഇംഗ്ലണ്ടില്‍ ഡാര്‍വിനെ തേടി വാലസിന്റെ കത്ത് 1858 ജൂണ്‍ 18 ന് എത്തി. അത് വായിച്ച ഡാര്‍വിന്‍ സ്തംഭിച്ചു പോയി. ജീവപരിണാമത്തെക്കുറിച്ച് രണ്ടുപതിറ്റാണ്ടുമുമ്പ് താന്‍ കണ്ടെത്തുകയും, എന്നാല്‍ അത്രകാലവും പുറത്തുവിടാത്തതുമായ അതേ കണ്ടുപിടിത്തമാണ്, സ്വന്തംനിലയ്ക്ക് വാലസും നടത്തിയിരിക്കുന്നതെന്ന് അവിശ്വസനീയതയോടെ ഡാര്‍വിന്‍ മനസിലാക്കി.
അക്കാലത്തെ പ്രമുഖ ശാസ്ത്രജ്ഞരായ ചാള്‍സ് ലൈല്‍, ജോസഫ് ഹൂക്കര്‍ തുടങ്ങിയവരുമായി മുമ്പുതന്നെ തന്റെ കണ്ടുപിടിത്തത്തിന്റെ വിവരം ഡാര്‍വിന്‍ ചര്‍ച്ച ചെയ്തിരുന്നു. വാലസിന്റെ കത്തിന്റെ കാര്യം ഡാര്‍വിന്‍ അവരെ അറിയിക്കുകയും, എന്താണ് വേണ്ടതെന്ന് ആരായുകയും ചെയ്തു.
അങ്ങനെയാണ്, വാലസിന്റെ ലേഖനവും ഡാര്‍വിന്റെ കണ്ടെത്തലും ചേര്‍ത്ത് ഒരു സംയുക്ത പ്രബന്ധം ആ ജൂലായ് ഒന്നിന് 'ലിനിയന്‍ സൊസൈറ്റി'യില്‍ അവതരിപ്പിക്കാന്‍ തീരുമാനമായത്. ലിനിയന്‍ സൊസൈറ്റിയില്‍ പരിണാമസിദ്ധാന്തം അവതരിപ്പിക്കുമ്പോല്‍ ഡാര്‍വിന്‍ അവിടെ ഹാജരായിരുന്നില്ല, അപ്പോള്‍ മാലായ് പ്രദേശത്തായിരുന്ന വാലസ് അക്കാര്യം അറിഞ്ഞുപോലുമില്ല.
|
|
1858 ജൂലായ് ഒന്നിന് 'ലിനിയന്‍ സൊസൈറ്റി'യില്‍ അവതരിപ്പിച്ച ഡാര്‍വിന്‍ - വാലസ് സംയുക്ത പ്രബന്ധം |
അതിന്റെ പിറ്റെ വര്‍ഷം, 1859 നവംബര്‍ 24 ന്, ഡാര്‍വിന്റെ വിഖ്യാതഗ്രന്ഥമായ 'ജീവജാതികളുടെ ഉത്ഭവം' പുറത്തുവന്നു. 'പ്രകൃതിനിര്‍ധാരണം വഴിയുള്ള ജീവപരിണാമം' വ്യാപകമായി ശ്രദ്ധനേടുന്നത് ആ ഗ്രന്ഥത്തിലൂടെയാണ്. വാലസ് അതോടെ പിന്തള്ളപ്പെട്ടു.
എന്നാല്‍, ഡാര്‍വിനെക്കൊണ്ട് അതു പ്രസിദ്ധീകരിക്കാന്‍ താനൊരു നിമിത്തമായി എന്നുമാത്രമേ വാലസ് പില്‍ക്കാലത്ത് പ്രതികരിച്ചുള്ളൂ. മരിക്കുംവരെയും അദ്ദേഹത്തിന്റെ ആരാധ്യപുരുഷന്‍ തന്നെയായിരുന്നു ഡാര്‍വിന്‍.
ഉദാത്തമായ മാതൃക
പ്രകൃതിശാസ്ത്രജ്ഞനെന്ന നിലയ്ക്ക് വാലസിന്റെ മുഴുവന്‍ രചനകളും രേഖാചിത്രങ്ങളും ഒറ്റ ഇടത്ത് ലഭ്യമാകുന്നത് ആദ്യമായാണ്. 28,000 പേജ് കുറിപ്പുകളും രചനകളും സെര്‍ച്ച് ചെയ്യാവുന്ന രേഖകളായി സൈറ്റിലുണ്ടാകും. ഒപ്പം 22,000 ചിത്രങ്ങളും.
154 വര്‍ഷംമുമ്പ് പരിണാമസിദ്ധാന്തം ആദ്യമായി അവതരിപ്പിച്ച ഡാര്‍വിന്റെയും വാലസിന്റെയും ആ സംയുക്ത പ്രബന്ധമാണ് ഓണ്‍ലൈന്‍ ശേഖരത്തിലെ അമൂല്യമായ ഒരു രേഖ.
|
ചിത്രശലഭങ്ങളുള്‍പ്പടെ 125,000 മാതൃകകള്‍ തന്റെ പ്രകൃതിപഠനയാത്രകളില്‍ വാലസ് ശേഖരിച്ചു
|
തന്റെ പര്യവേക്ഷണങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പക്ഷികളുടെയും മൃഗങ്ങളുടെയും ശലഭങ്ങളുടെയും പ്രാണികളുടേതുമായി ഒന്നേകാല്‍ ലക്ഷം മാതൃകകള്‍ വാലസ് ശേഖരിച്ചിട്ടുണ്ട്. അവയുടെ വിവരങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്.
1848-1853 കാലത്ത് ബ്രസീലിലും, 1854-1862 കാലത്ത് തെക്കുകിഴക്കന്‍ ഏഷ്യന്‍ പ്രദേശത്തും വാലസ് നടത്തിയ പര്യവേക്ഷണങ്ങളാണ് അദ്ദേഹത്തിന്റെ യാത്രകളില്‍ പ്രധാനം.
2013 ല്‍ വാലസ് വിടവാങ്ങിയിട്ട് നൂറുവര്‍ഷം തികയുകയാണ്. സമ്പത്തോ പാരമ്പര്യമോ വലിയ വിദ്യാഭ്യാസമോ ഒന്നുമില്ലെങ്കിലും, ശാസ്ത്രരംഗത്ത് ഒരു മനുഷ്യന് എത്ര വലിയ ഉയരങ്ങള്‍ കീഴടക്കാമെന്നതിന് ഉദാത്തമായ മാതൃകയാണ് വാലസ്.
'ജീവപരിണാമം' മാത്രമല്ല അദ്ദേഹത്തിന്റെ കണ്ടെത്തല്‍, അത്ഭുതകമായ വെറെ ഒട്ടേറെ കണ്ടെത്തലുകള്‍ അദ്ദേഹം നടത്തി. 'അതുകൊണ്ടാണ്, വാലസിനെ ഇന്നും പലരും ആരാധനയോടെ കാണുന്നത്' -വൈഹെ ചൂണ്ടിക്കാട്ടുന്നു.