പി.എസ്.

തൊട്ടതിനെയും പിടിച്ചതിനെയുമൊക്കെ സെക്‌സി എന്നു വിശേഷിപ്പിക്കുകയെന്നത് ഇപ്പോഴത്തെ ചെത്തുപിള്ളേരുടെ ഹോബിയാണല്ലോ. സെക്‌സി ബൈക്ക്, സെക്‌സി കാര്‍ എന്നു തുടങ്ങി സെക്‌സി മസാല ദോശ എന്നു വരെ തട്ടിവിടുന്ന ചുള്ളന്‍മാരെയും ചുള്ളികളെയും കാമ്പസുകളില്‍ കാണാം. ഇക്കൂട്ടര്‍ക്ക് 'വൗ, സെക്‌സി മൊബൈല്‍' എന്നാര്‍ത്തു പറയാന്‍ അവസരമൊരുക്കുകയാണ് അല്‍ക്കാടെല്‍ മൊബൈല്‍ കമ്പനി. അല്‍ക്കാടെല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ മോഡല്‍ ഹാന്‍ഡ് സെറ്റായ ഐസ് ക്യൂബിന് (Ice 3) പറ്റിയ വിശേഷണം സെക്‌സി എന്നുതന്നെയാണ്. അതു തിരിച്ചറിഞ്ഞാകും ബോളിവുഡിലെ ഹോട്ട് സെന്‍സേഷന്‍ കങ്കണ റൗനട്ടിനെ ഫോണിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കിയത്.

ഒറ്റ നോട്ടത്തില്‍ മേക്കപ്പ് ബോക്‌സിനെ ഓര്‍മ്മിപ്പിക്കുന്ന ചതുരവടിവിലാണ് ഐസ് ക്യുബിന്റെ രൂപഘടന. ക്ലാംഷെല്‍ മോഡല്‍ എന്നറിയപ്പെടുന്ന തുറക്കാവുന്ന രീതിയിലുള്ള ഫോണാണിത്. ഫോണിന്റെ പുറത്തുള്ള കൊച്ചുസ്‌ക്രീനില്‍ മിസ് കോളുകളും മെസേജുകളും ബാറ്ററിയുടെ ആയുസ്സുമെല്ലാം തെളിഞ്ഞുകാണാം. ഫോണ്‍ തുറന്നാലോ 2.4 ഇഞ്ച് വിസ്താരമുള്ള സ്‌ക്രീനും ക്യൂവെര്‍ട്ടി കീബോര്‍ഡും നമ്മെ കാത്തിരിക്കുന്നു.
കോണ്‍ടാക്റ്റ് ലിസ്റ്റിലേക്കും മെസേജ് ഇന്‍ബോക്‌സിലേക്കും എളുപ്പത്തില്‍ പ്രവേശിക്കാവുന്ന ക്വിക്ക് മെനു സൈഡ്ബാര്‍ ഹോംസ് ക്രീനിന്റെ പ്രത്യേകതയാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഓപ്പറ മിനബ്രൗസര്‍ എന്നിവയിലേക്ക് വേഗത്തില്‍ കടക്കാവുന്ന ഓപ്ഷന്‍ സമ്മാനിക്കുന്ന പ്രത്യേക കീയും ഫോണിലുണ്ട്. ഫേസ്ബുക്ക് ഭ്രാന്തന്‍മാര്‍ക്ക് വേണമെങ്കില്‍ ഹോംസ്‌ക്രീനില്‍ തന്നെ ഫേസ്ബുക്ക് പേജ് സെറ്റ് ചെയ്യാനുളള സൗകര്യവും ഐസ് ക്യൂബ് വാഗ്ദാനം ചെയ്യുന്നു. ഇരുപത്തിനാലുമണിക്കൂറും ഓണ്‍ലൈനില്‍ തുടരാന്‍ സഹായിക്കുന്ന ഇ-മെയില്‍ പോപ്പ് 3, ഐമാപ്പ് 4 എന്നീ ആധുനിക സങ്കേതങ്ങളും ഐ ക്യൂബിലുണ്ട്. ത്രിജി, ബ്ലൂടൂത്ത്, ജി.പി.ആര്‍.എസ്., എഡ്ജ്, ജാവ, ഡബഌൂ.എ.പി. എന്നുവേണ്ട പുത്തന്‍തലമുറ സാങ്കേതികത്തികവുകളെല്ലാം ഫോണില്‍ ഉള്‍പ്പെടുത്താന്‍ അല്‍ക്കാെടല്‍ മറന്നിട്ടില്ല.
രണ്ട് മെഗാപിക്‌സല്‍ കാമറയും ഫോട്ടോകള്‍ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുള്ള ഓപ്ഷനുമായാണ് ഐ ക്യൂബിന്റെ വരവ്. അതിനൊപ്പം എം.പി. ത്രി പ്‌ളെയറും എഫ്.എം. റേഡിയോയും ഉള്‍പ്പെടുത്താന്‍ അല്‍ക്കാടെല്‍ മറന്നിട്ടില്ല.
80 എം.ബി. ഇന്‍ബിള്‍ട്ട് മെമ്മറിയും എട്ട് ജി.ബി. കാര്‍ഡ് വരെ താങ്ങാന്‍ ശേഷിയുള്ള എസ്.ഡി. കാര്‍ഡ് സ്‌ലോട്ടും ഐ ക്യൂബിലുണ്ട്. ഒമ്പതു മണിക്കൂര്‍ ടോക്ക്‌ടൈമും 450 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ബാറ്ററി ആയുസ്സ്.
ഇയര്‍ഫോണ്‍ കുത്തി പാട്ടുകേള്‍ക്കാനുള്ള ഇയര്‍ഫോണ്‍ ജാക്ക് ഇല്ല എന്നതാണ് ഐസ് ക്യുബിന്റെ കാര്യമായ പോരായ്മ. പാട്ടുകേള്‍ക്കണമെങ്കില്‍ ഫോണിലെ ഇന്‍ബിള്‍ട്ട് സ്പീക്കറുകളെ തന്നെ ആശ്രയിക്കണമെന്നര്‍ഥം.
കടുംനിറങ്ങളും ആകര്‍ഷകമായ വടിവുകളും കാരണം അല്പമൊരു പെണ്ണത്തം ഐസ് ക്യൂബിനില്ലേ എന്നു ആദ്യനോട്ടത്തില്‍ തോന്നിയേക്കാം. ചിലപ്പോള്‍ അതുതന്നെയാകും പുതുതലമുറയെ ഈ ഫോണിലേക്കാകര്‍ഷിക്കുന്ന ഘടകം. 6,500 രൂപയാണ് ഐസ് ക്യുബിന് അല്‍ക്കാടെല്‍ നിശ്ചയിച്ചിരിക്കുന്ന വില.