
മൊബൈല്‍ ബ്രൗസറുകള്‍ക്ക് ഫ് ളാഷ് പ്ലെയര്‍ പ്ലഗ്ഗ് ഇന്‍ വികസിപ്പിക്കുന്നത് നിര്‍ത്തുന്നതായി അഡോബി സിസ്റ്റംസ് കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനം, അക്ഷരാര്‍ഥത്തില്‍ അന്തരിച്ച ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ വിജയമായി വിലയിരുത്തപ്പെടുന്നു. ഫ് ളാഷ് പ്ലെയറിന് പകരം പുതിയ വെബ്ബ് സ്റ്റാന്‍ഡേര്‍ഡായ എച്ച്ടിഎംഎല്‍ 5 സങ്കേതങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് അഡോബിയുടെ തീരുമാനം.
ഫ് ളാഷ് ഇക്കോസിസ്റ്റത്തിന്റെ ആരോഗ്യത്തെക്കുറിച്ച് സംശയമുണര്‍ത്തുന്ന രീതിയിലാണ് അഡോബി അതിന്റെ നയംമാറ്റം പ്രഖ്യാപിച്ചത്. ഫ് ളാഷ് പ്ലെയര്‍ 11.1 മൊബൈലുകള്‍ക്കായുള്ള ഒടുവിലത്തെ ഫ് ളാഷ് വേര്‍ഷനായിരിക്കുമെന്ന് അഡോബി അറിയിച്ചു. നിലവില്‍ ഫ് ളാഷ് പ്ലെയര്‍ ഉപയിക്കുന്നവര്‍ക്ക് ആവശ്യമായ പിന്തുണ കമ്പനി തുടര്‍ന്നും നല്‍കുമെന്ന് കമ്പനിയുടെ
വൈസ് പ്രസിഡന്റ് ഡാന്നി വിനോകര്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
പുതിയ പ്രഖ്യാപനത്തോടെ ആഡോബിയുടെ നയത്തില്‍ വലിയൊരു ദിശമാറ്റമാണ് സംഭവിച്ചിരിക്കുന്നത്. എച്ച്ടിഎംഎല്‍ 5 സങ്കേതങ്ങള്‍ക്ക് ടെക് രംഗത്ത് ലഭിക്കുന്ന വന്‍തോതിലുള്ള സ്വീകാര്യതയാണ് ഈ നയംമാറ്റം പ്രതിഫലിപ്പിക്കുന്നത്. കമ്പ്യൂട്ടര്‍ രംഗത്തെ പുതിയ പ്രവണതകള്‍ ഉള്‍ക്കൊള്ളാന്‍ അഡോബി തയ്യാറാകുന്നു എന്നും ഇത് തെളിവാകുന്നു.
ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളില്‍ ഒരര്‍ഥത്തില്‍ അഡോബി ഫ് ളാഷ് സങ്കേതം സര്‍വവ്യാപിയാണ്. എന്നാല്‍, അത്തരമൊരു വിജയമോ സ്വീകാര്യതയോ മൊബൈല്‍ രംഗത്ത് ഫ് ളാഷിന് നേടാനായില്ല. അതിന് മുഖ്യകാരണമായത്, ഐഫോണും ഐപാഡും ഉള്‍പ്പടെയുള്ള ആപ്പിളിന്റെ മൊബൈല്‍ ഉപകരണങ്ങളില്‍ ഫ് ളാഷ് പ്ലെയര്‍ ഉപയോഗിക്കേണ്ടതില്ല എന്ന സ്റ്റീവ് ജോബ്‌സിന്റെ ഉറച്ച നിലപാടാണ്.
ഫ് ളാഷ് സോഫ്ട്‌വേറില്‍ തകരാറുകളുണ്ടെന്നും, മൊബൈലുകളുടെ സുരക്ഷ തന്നെ അപകടത്തിലാക്കിയേക്കാവുന്ന പഴുതുകളാണ് അവയെന്നും ആരോപിച്ചാണ് സ്റ്റീവ് ജോബ്‌സ് ഫ് ളാഷിനെ തടഞ്ഞത്. ഫ് ളാഷിന് പകരം എച്ച്ടിഎംഎല്‍ 5 പോലുള്ള പുതിയ വെബ്ബ് സ്റ്റാന്‍ഡേര്‍ഡുകളെയാണ് ആപ്പിള്‍ ഉപകരണങ്ങള്‍ കൂടുതല്‍ ആശ്രയിക്കുക എന്നും സ്റ്റീവ് 2010 ഏപ്രിലില്‍ വ്യക്തമാക്കുകയുണ്ടായി.
എന്തുകൊണ്ട് ആപ്പിളിന്റെ മൊബൈല്‍ ഉപകരണങ്ങളില്‍ ഫ് ളാഷ് സങ്കേതം അനുവദിക്കുന്നില്ല എന്ന് വ്യക്തമാക്കുന്ന ഒരു
തുറന്ന കത്തും സ്റ്റീവ് പോസ്റ്റു ചെയ്യുകയുണ്ടായി. അഡോബിയുടെ പുതിയ തീരുമാനത്തോടെ തെളിയുന്നത് സ്റ്റീവ് ജോബ്‌സിന്റെ നിലപാട് ശരിയായിരുന്നു എന്നാണ്.