അഡോബിയും ചുവടുമാറ്റുന്നു ; എച്ച്ടിഎംഎല്‍ 5 ലേക്ക്‌

Posted on: 02 Aug 2011


-സ്വന്തം ലേഖകന്‍



കാലത്തിനനുസരിച്ച് കോലം മാറിയില്ലെങ്കില്‍ പടിച്ചു നില്‍ക്കാനാവില്ലെന്ന് അഡോബിക്കും അറിയാം. ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡുകളിലേക്ക് വെബ്ബ് മാറുകയും, മള്‍ട്ടിമീഡിയ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ എച്ച്ടിഎംഎല്‍ സ്റ്റാന്‍ഡേര്‍ഡിന്റെ അഞ്ചാം പതിപ്പ് (HTML5) കൊണ്ട് സാധിക്കും എന്നു വരികയും ചെയ്യുമ്പോള്‍, അഡോബിക്ക് അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. അതിന് വ്യക്തമാക്കുന്നതാണ് കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ 'അഡോബി എഡ്ജ്' എന്ന പുതിയ ആപ്ലിക്കേഷന്റെ പ്രിവ്യൂ വേര്‍ഷന്‍.

വീഡിയോ/ആനിമേഷന്‍/ഇടപഴകല്‍ (ഇന്റാക്ഷന്‍) തുടങ്ങിയ വെബ്ബ് ഉള്ളടക്കങ്ങളൊക്കെ എച്ച്ടിഎംഎല്‍ 5 ന്റെ സഹായത്തോടെ കൂട്ടിയിണക്കാന്‍ സഹായിക്കുന്നതാണ് അഡോബി എഡ്ജ് എന്ന പുതിയ ആപ്ലിക്കേഷന്‍. അഡോബിയുടെ തന്നെ വന്‍ വിജയം വരിച്ച ഫ്ലാഷ് പ്രോഗ്രാമിന് ബദലാകാന്‍ അഡോബി എഡ്ജിന് സാധിക്കുമെന്ന് സാരം!

ആനിമേഷന്‍, വീഡിയെ തുടങ്ങിയ ഉള്ളടക്കങ്ങള്‍ അവതരിപ്പിക്കാന്‍ വെബ്ബ് രൂപകല്‍പ്പന ചെയ്യുന്നവര്‍ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന പ്രോഗ്രാമുകളാണ് അഡോബി ഫ് ളാഷ്, മൈക്രസോഫ്ട് സില്‍വല്‍ലൈറ്റ് (Microsoft Silverlight) തുടങ്ങിയവ. വളരെ ജനപ്രിയ പ്രോഗ്രാമാണ് ഫ് ളാഷ്. 99 ശതമാനം ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളിലും ഫ് ളാഷ് ഫയലുകള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പ്ലെയര്‍ ഉണ്ടെന്നാണ് അഡോബിയുടെ കണക്ക്.

എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡബ്ല്യു3സി (വേള്‍ഡ് വൈഡ് വെബ്ബ് കണ്‍സോര്‍ഷ്യം-W3C) പോലുള്ള സംഘടനകള്‍ പുതിയ ചില സ്റ്റാന്‍ഡേര്‍ഡുകള്‍ വെബ്ബിനായി നിര്‍ദേശിച്ചു. എച്ച്ടിഎംഎല്‍ 5, കാന്‍വാസ് ടാഗ്‌സ് (the Canvas tags), ജാവാസ്‌ക്രിപ്റ്റ് (JavaScript),സിഎസ്എസ് (Cascading Style Sheets-CSS) തുടങ്ങിയ ആ സ്റ്റാന്‍ഡേര്‍ഡുകള്‍ ഉള്‍പ്പെടുത്താന്‍ ബ്രൗസര്‍ നിര്‍മാതാക്കളും തയ്യാറായി.

അതോടെ, വീഡിയോകളും ആനിമേഷനുമൊക്കെ വെബ്ബില്‍ കാണാന്‍ ഫ് ളാഷ് പ്ലെയര്‍ പോലെ ഒരു പ്രത്യേക പ്ലഗ്ഗിന്‍ ആവശ്യമില്ല എന്ന സ്ഥിതിയാണ് സംജാതമാകുന്നത്. ഇപ്പോള്‍ ഭൂരിപക്ഷം കമ്പ്യൂട്ടറുകളും ഫ് ളാഷ് പ്ലെയര്‍ ഉപയോഗിക്കുന്നു എന്നത് നേരുതന്നെ. എന്നാല്‍, ഭാവയില്‍ ചിലപ്പോള്‍ ഫ് ളാഷ് പ്രോഗ്രാമുകളുടെ തന്നെ ആവശ്യമുണ്ടാകില്ല എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കാലത്തിന്റെ ഈ ചുവരെഴുത്ത് വായിച്ചുകൊണ്ടുള്ള നീക്കം തന്നെയാണ് അഡോബി ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്ന് സാരം.

മാത്രമല്ല, ആപ്പിള്‍ കമ്പനി അഡോബി ഫ് ളാഷിനെ പിന്തുണയ്ക്കുന്നുമില്ല. ഏറെ തകരാറുകളുള്ള ഒന്നാണ് ഫ് ളാഷ് പ്രോഗ്രാമെന്നും അതിനാല്‍ ഡെവലപ്പര്‍മാരോട് എച്ച്ടിഎംഎല്‍ 5 ലേക്ക് മാറാനും ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് മുമ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

മുമ്പ് ഫ് ളാഷിന് മാത്രമായി നീക്കിവെച്ചിരുന്ന ജോലികള്‍ ഇന്ന് പുതിയ വെബ്ബ് സ്റ്റാന്‍ഡേര്‍ഡുകളുടെ സഹായത്തോടെ ചെയ്യാനാകുന്ന കാര്യം അഡോബി സമ്മതിക്കുന്നു. എച്ച്ടിഎംഎല്‍ 5 ന്റെ സാധ്യതകള്‍ മുതലെടുക്കാന്‍ ശ്രമിക്കുക വഴി പുതിയ അവസരങ്ങളാണ് കമ്പനി മുന്നില്‍ കാണുന്നതെന്ന് അഡോബി വക്താവ് വ്യക്തമാക്കി.

എച്ച്ടിഎംഎല്‍ 5, സിഎസ്എസ്, ജാവാസ്‌ക്രിപ്റ്റ് മുതലായവയുടെ സഹായത്തോടെ ആനിമേറ്റ് ചെയ്ത വെബ്ബ് ഉള്ളടക്കം എച്ച്ടിഎംഎല്‍ പേജില്‍ നേരിട്ട് കാണിക്കാന്‍ അഡോബി എഡ്ജ് സഹായിക്കും. പുതിയ ട്രെന്‍ഡുകളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ അഡോബിക്ക് സാധിക്കുമെന്നതിന് ഉദാഹരണമാണ് ഈ നീക്കമെന്ന്, ഐഡിസിയിലെ വിശകലന വിദഗ്ധന്‍ അല്‍ ഹില്‍വ അഭിപ്രായപ്പെടുന്നു.

എന്നാല്‍, ഇതുകൊണ്ട് ഫ് ളാഷ് അവസാനിക്കുമെന്ന് കരുതാനാകില്ല. വളരെ എളുപ്പത്തിലുപയോഗിക്കാവുന്ന ഒന്നാണ് ഫ് ളാഷ് എന്നതിനാല്‍ വെബ്ബില്‍ നിന്ന് അതിനെ പെട്ടന്നൊന്നും പറിച്ചുമാറ്റാനാകില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നാല്‍, എച്ച്ടിഎംഎല്‍ 5 വ്യാപകമാകുമ്പോഴും അഡോബിയുടെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡെവലപ്പര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ അഡോബി എഡ്ജ് സഹായിക്കും. അവിടെയാണ് പുതിയ ടൂളിന്റെ പ്രസക്തി.

കുറച്ചു കാലത്തേക്കെങ്കിലും ഫ് ളാഷും എച്ച്ടിഎംഎല്‍ 5 ഉം ഒരുമിച്ച് പോയേ ഒക്കൂ എന്നാണ് അഡോബി പറയുന്നത്. കാരണം, ചില കാര്യങ്ങളില്‍ ഫ് ളാഷാണ് കേമന്‍. ഉദാഹരണം-ഗെയിമുകള്‍, വീഡിയോ സ്ട്രീമിങ്. അതേസമയം, ഇന്ററാക്ടീവ് വെബ്ബ് ഡിസൈന്‍, പരസ്യം തുടങ്ങിയവയ്ക്ക് എച്ച്ടിഎംഎല്‍ 5 ആണ് കൂടുതല്‍ അനുയോജ്യം. അതിലാന്‍ ഫ് ളാഷിനെ അത്ര പെട്ടന്ന് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നാണ് അഡോബിയുടെ വിലയിരുത്താല്‍, ആപ്പിളിന് അങ്ങനെ തോന്നുന്നില്ലെങ്കിലും!

TAGS:
adobe edge  |  html5  |  interaction design tool  |  adobe flash  |  w3c 


Stories in this Section