വലിപ്പം കൂടിയ മൊബൈല്‍ഫോണ്‍ കൊണ്ടുനടക്കുന്നത് പഴഞ്ചനായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. തീപ്പെട്ടിക്കൂട് പോലെയുളള മൊബൈലുകളായിരുന്നു അന്ന് ട്രെന്‍ഡ്. മൊബൈലിന്റെ വലിപ്പം കുറയുന്നതിനനുസരിച്ച് വിലയും കൂടുമായിരുന്നു അക്കാലത്ത്. ഇപ്പോഴത്തെ സ്ഥിതി നേരെ തിരിച്ചാണ്. എത്രത്തോളം സ്‌ക്രീന്‍ വലിപ്പം കൂടുന്നുവോ അത്രത്തോളം നിങ്ങള്‍ 'ന്യൂജനറേഷന്‍' ആകുമെന്നുറപ്പ്. പോലീസുകാരുടെ കൈയിലുള്ള വയര്‍ലെസിനേക്കാള്‍ വലിപ്പമുള്ള സ്മാര്‍ട്‌ഫോണില്‍ സംസാരിച്ച് നടക്കുന്ന ചെത്തുപയ്യന്‍മാര്‍ ഷോപ്പിങ്മാളുകളിലെ പതിവുകാഴ്ചയാണ്.
സ്മാര്‍ട്‌ഫോണുകളുടെ സ്‌ക്രീന്‍വലിപ്പം കൂട്ടുകയെന്ന പ്രവണതയ്ക്ക് തുടക്കമിട്ടത് സാംസങ് ആയിരുന്നു. 2011 ഒക്‌ടോബറില്‍ സാംസങ് വിപണിയിലെത്തിച്ച ഗാലക്‌സി നോട്ട് എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലിന് 83 മില്ലിമീറ്റര്‍ വീതിയും 178 ഗ്രാം ഭാരവുമുണ്ടായിരുന്നു. സ്‌ക്രീന്‍ വലിപ്പമാകട്ടെ 5.3 ഇഞ്ചും. ശരാശരി മനുഷ്യന്റെ കൈപ്പത്തിയുടെ വീതി 79 മില്ലിമീറ്ററായിരിക്കെ 'നോട്ട'്' കൈപ്പിടിയിലൊതുക്കാന്‍ ജനം പാടുപെടുമെന്ന് ടെക് പണ്ഡിതര്‍ വിധിയെഴുതി. പകുതി ടാബ്‌ലറ്റും പകുതി ഫോണുമായ ഈ സങ്കരഉല്‍പ്പന്നം ആരും വാങ്ങില്ലെന്നായിരുന്നു അവരുടെ കണ്ടെത്തല്‍.
പക്ഷേ പറഞ്ഞിട്ടെന്താ, ഗാലക്‌സി നോട്ട്് വാങ്ങി പോക്കറ്റിലിട്ടു നടക്കാന്‍ ഒട്ടേറെ പേര്‍ തയ്യാറായി. ടാബ്‌ലറ്റിന്റെയും സ്മാര്‍ട്‌ഫോണിന്റെയും സൗകര്യങ്ങള്‍ ഒരുമിച്ച് വാഗ്ദാനം ചെയ്യുന്ന അദ്ഭുത ഗാഡ്ജറ്റായി അതു പെട്ടെന്നു പേരുനേടി. 2012 ആഗസ്ത് 15 വരെ ഒരു കോടി ഗാലക്‌സി നോട്ട് ഫോണുകള്‍ ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുണ്ട്. സാംസങിന്റെ ബെസ്റ്റ് സെല്ലര്‍ സ്മാര്‍ട്‌ഫോണ്‍ മോഡലുകളുടെ നിരയില്‍ ഗാലക്‌സി നോട്ടും ഇടം പിടിച്ചുകഴിഞ്ഞു.
ഈ ഗംഭീര നേട്ടത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മറ്റെല്ലാ കമ്പനികളും സ്‌ക്രീന്‍ വലിപ്പം കൂടിയ മോഡലുകളിറക്കാന്‍ തുടങ്ങി. 'ഫാബ്‌ലറ്റ്' എന്ന പേരിലാണ് ഇത്തരം ഭീമന്‍ഫോണുകള്‍ അറിയപ്പെട്ടത്. 5.5 ഇഞ്ച് സ്‌ക്രീന്‍വലിപ്പവുമായി നോട്ട് 2 എന്ന അപ്‌ഡേറ്റഡ് മോഡല്‍ കഴിഞ്ഞവര്‍ഷം സാംസങ് അവതരിപ്പിച്ചിരുന്നു. ഈയിടെ സാംസങ് വിപണിയിലെത്തിച്ച മെഗാ എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലിന്റെ സ്‌ക്രീന്‍ വലിപ്പം 6.3 ഇഞ്ചാണ്.
ഈ നിരയിലേക്ക് തായ്‌വാനീസ് കമ്പനിയായ ഏസറിന്റെ സംഭാവനയാണ് ലിക്വിഡ് എസ് വണ്‍ ( Acer Liquid S1 ). തായ്‌പേയിയില്‍ നടന്നുവരുന്ന 'കമ്പ്യൂടെക്‌സ് 2013'ല്‍ അവതരിപ്പിക്കപ്പെട്ട ഈ ഫാബ്‌ലറ്റിന്റെ സ്‌ക്രീന്‍വലിപ്പം 5.7 ഇഞ്ച്. 1,280 X 720 പിക്‌സല്‍സ് റിസൊല്യൂഷനോടു കൂടിയ ഹൈ-ഡെഫനിഷന്‍ സ്‌ക്രീനാണ് ഫോണിലുള്ളത്. 1.5 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, എട്ട് ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഈ ഫോണിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍.
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഏസറിന്റെ സ്വന്തം യൂസര്‍ ഇന്റര്‍ഫേസായ ഏസര്‍ ഫ്്‌ളോട്ടും സജ്ജമാക്കിയിട്ടുണ്ട്. ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ യൂസര്‍ ഇന്റര്‍ഫേസ്. രണ്ട് ക്യാമറകളുള്ള ഈ ഫോണില്‍ വൈഡ് ആംഗിള്‍ വിഷ്വലുകളെടുക്കാന്‍ സഹായിക്കുന്ന 24 മില്ലമീറ്റര്‍ ലെന്‍സുമുണ്ട്. ഡി.ടി.എസ്. സംവിധാനമുളള സ്റ്റുഡിയോ സൗണ്ട്് മികച്ച ശബ്ദാനുഭവമാണ് ഫോണിന് സമ്മാനിക്കുന്നത്. ഊരിയെടുക്കാന്‍ സാധിക്കുന്ന 2400 എം.എ.എച്ച് ബാറ്ററിയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്.
ഈ വര്‍ഷമവസാനത്തോടെ യൂറോപ്യന്‍ വിപണിയിലാകും ലിക്വിഡ് എസ് വണ്‍ ആദ്യമായി വില്പനയ്‌ക്കെത്തുകയെന്ന് ഏസര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 349 യൂറോ (25,766 രൂപ) ആയിരിക്കും യൂറോപ്പിലെ വില. യൂറോപ്യന്‍വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഏഷ്യയില്‍ ഈ മോഡല്‍ മികച്ച പ്രതികരണം സൃഷ്ടിക്കാനിടയുണ്ടെന്ന് പലരും വിലയിരുത്തുന്നുണ്ട്.
വിലക്കുറവും മികച്ച പെര്‍ഫോര്‍മന്‍സുമാണ് ഏസറിന്റെ വിജയരഹസ്യം. ഏസറിന്റെ ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നന്നായി വിറ്റുപോകുന്നുണ്ട്. ആ വിജയം ഏസര്‍ ലിക്വിഡ് പ്ലസും നേടുമോയെന്നാണ് അറിയാനുളളത്.