ഏസറിന്റെ ലിക്വിഡ് മെറ്റല്‍ ഇന്ത്യയില്‍

Posted on: 22 Mar 2011


-പി.എസ്.രാകേഷ്‌





തായ്‌വാന്‍ കമ്പനിയായ ഏസറിന്റെ ലാപ്‌ടോപ്പുകളും ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളുമെല്ലാം ഇന്ത്യക്കാര്‍ക്ക് സുപരിചിതമാണ്. 2009 മുതല്‍ കമ്പനി സ്മാര്‍ട്‌ഫോണ്‍ രംഗത്തും സാന്നിധ്യമറിയിക്കുന്നുണ്ട്. ഏസര്‍ ലിക്വിഡ് എ-വണ്‍ എന്ന ആദ്യമിറക്കിയ മോഡലിലാണ് കമ്പനി ആദ്യമായി ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം പരീക്ഷിച്ചത്. സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍ ഉപയോഗിക്കുന്ന ലോകത്തെ ആദ്യ ആന്‍ഡ്രോയിഡ് ഫോണും ലിക്വിഡ് എ-വണ്ണായിരുന്നു. ഫെറാറി കാര്‍ കമ്പനിയുടെ ലോഗോ ഉപയോഗിച്ച് ലിക്വിഡ് ഫെറാറി എന്ന പ്രീമിയം റേഞ്ച് സ്മാര്‍ട്‌ഫോണും കമ്പനി വിപണിയിലെത്തിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഏസര്‍ പുതിയ സ്മാര്‍ട്‌ഫോണ്‍ സീരീസ് ലിക്വിഡ് മെറ്റല്‍ പുറത്തിറക്കിയത്. അഞ്ചുമാസത്തിനുശേഷം ലിക്വിഡ് മെറ്റല്‍ ഇപ്പോള്‍ ഇന്ത്യയിലുമെത്തിയിരിക്കുന്നു.

തങ്ങള്‍ ഇതുവരെ ഇറക്കിയതില്‍ വെച്ച് ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍ എന്നാണ് ഏറര്‍ ലിക്വിഡ് മെറ്റലിനെ വിശേഷിപ്പിക്കുന്നത്. ഫോണിന്റെ രണ്ടുഭാഗങ്ങളും അകത്തേക്ക് കുഴിഞ്ഞ് ഏതാണ്ടൊരു കോഴിമുട്ടയുടെ ആകൃതിയാണ് ലിക്വിഡ് മെറ്റലിന്. മുന്‍വശത്തെ കറുത്ത പ്ലാസ്റ്റിക് കെയ്‌സില്‍ 3.6 ഇഞ്ച് (800 ഗുണം 480 പിക്‌സല്‍) കപാസിറ്റിവ് ടച്ച്‌സ്‌ക്രീനും നാല് ടച്ച് കീകളും. പുറകുവശത്തെ സ്റ്റീല്‍ പ്ലേറ്റഡ് കേയ്‌സ് തുറന്നാല്‍ ബാറ്ററി കാണാം. ഫോണിനുള്ളിലെ ഹാര്‍ഡ്‌വെയര്‍ വിശദാംശങ്ങള്‍ ഏവരെയും തൃപ്തിപ്പെടുത്തും.

800 മെഗാഹെര്‍ട്‌സ് ക്വാല്‍കോം 7230 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 512 എം.ബി. റാം, 512 എം.ബി. റോം, 32 ജി.ബി. വരെ എക്‌സ്പാന്‍ഡബിര്‍ മെമ്മറി, എല്ലാറ്റിലുമുപരിയായി ആന്‍്രേഡായിഡ് 2.2 (ഫ്രോയൊ) ഒ.എസും.

ഏസറിന്റെ സ്വന്തം യൂസര്‍ ഇന്റര്‍ഫേസായ ബ്രീസ് ആണ് ലിക്വിഡ് മെറ്റലിലുള്ളത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഏറ്റവും അനുയോജ്യമായത് എന്നാണ് ബ്രീസിനെ വിശേഷിപ്പിക്കുന്നത്. കൃത്യമായി രണ്ടു വ്യത്യസ്ത പ്ലാറ്റഫോമുകളില്‍ പ്രവര്‍ത്തിക്കാന്‍ ബ്രീസ് സഹായിക്കുന്നു. ഫോണ്‍ എടുത്താല്‍ കാണുക സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലേക്കും ഇമെയിലുകളിലേക്കുമുള്ള ഷോട്ട്കട്ടുകളുള്ള ഹോം സ്‌ക്രീനായിരിക്കും.


ടച്ച്‌സ്‌ക്രീനില്‍ ഒന്നു സൈ്വപ്പ് ചെയ്താല്‍ രണ്ടാമത്തെ ഹോംസ്‌ക്രീനിലെത്തും. നമുക്ക് ആവശ്യമുള്ള അപ്ലിക്കേഷനുകളും വീഡിയോകളും പാട്ടുകളുമെല്ലാം രണ്ടാം ഹോംസ്‌ക്രീനില്‍ സൂക്ഷിക്കാനാകും. മൊബൈല്‍വിപണിയില്‍ കുമിഞ്ഞുകൊണ്ടിരിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിന്ന് ലിക്വിഡ് മെറ്റലിനെ വ്യത്യസ്തമാക്കുന്നതും ഇയൊരു സൗകര്യം തന്നെ. അതിന് ബ്രീസ് യു.ഐ.യോട് നന്ദി പറയാം.

കണക്ടിവിറ്റിക്കായി 3.5 ജി എന്നറിയപ്പെടുന്ന എച്ച്.എസ്.ഡി.പി.എയും (ഹൈസ്പീഡ് ഡൗണ്‍ലിങ് പാക്കറ്റ് ആക്‌സസ്) വൈഫൈയും ജി.പി.എസും ഉണ്ട്. ഓട്ടോഫോക്കസും എല്‍.ഇ.ഡി. ഫ്ലാഷുമുള്ള അഞ്ച് മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിലേത്. 720 പിക്‌സല്‍ റിസൊല്യൂഷനില്‍ വിഡിയോ റെക്കോഡിങ് സാധ്യമാണ്. ജിയോടാഗിങ്, സ്‌മൈല്‍ ഡിറ്റക്ഷന്‍, ഫേസ് ഡിറ്റക്ഷന്‍, ഇമേജ് സ്‌റ്റെബിലൈസേഷന്‍ സൗകര്യങ്ങളുള്ള ക്യാമറയില്‍ നിന്ന് മികച്ച ചിത്രങ്ങള്‍ പ്രതീക്ഷിക്കാം. ഡോള്‍ബി സറൗണ്ട് ടെക്‌നോളജിയും ഗ്രാഫിക് ഇക്വലൈസറുമുള്ളതിനാല്‍ സംഗീതത്തിന്റെ കാര്യവും ഏറെ മെച്ചമാകുമെന്നുറപ്പ്.

ഒരുപാട് ഷോട്ട്കട്ടുകള്‍ നിറഞ്ഞുകിടക്കുന്ന ഓണ്‍സ്‌ക്രീന്‍ കീബോര്‍ഡ് മാത്രമാണ് ലിക്വിഡ് മെറ്റലിന്റെ പോരായ്മയായി ചൂണ്ടിക്കാട്ടാവുന്നത്. എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 550 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി ഈ ഫോണിന് അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. എന്നാല്‍ ഒരുദിവസം ചാര്‍ജ് ചെയ്യാന്‍ മറന്നാല്‍ ഫോണ്‍ പണിമുടക്കുമെന്ന് ഉപയോഗിച്ചവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ പ്രശ്‌നം എല്ലാ ആന്‍്രേഡായിഡ് ഫോണുകള്‍ക്കുമുണ്ടെന്നതാണ് ഏസര്‍ ആരാധകര്‍ നല്‍കുന്ന മറുപടി. സില്‍വര്‍, ബ്രൗണ്‍, ബ്ലൂ നിറങ്ങളില്‍ ലഭിക്കുന്ന ഏസര്‍ ലിക്വിഡ് മെറ്റലിന് 20,500 രൂപയാണ് വില.
TAGS:


Stories in this Section