മൊഹാലി: തമാശയാണെന്ന് കരുതരുത്, സംഭവം സത്യമാണ്. പഞ്ചാബിലെ മൊഹാലിയില്‍ പത്തുനില കെട്ടിടം 48 മണിക്കൂര്‍കൊണ്ട് നിര്‍മിച്ചു!
സംസ്ഥാന മുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍ കെട്ടിടത്തിന്റെ തറക്കല്ലിട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കെട്ടിടം റെഡി. ജനാലച്ചില്ലുകള്‍ , ഉള്ളിലെ ഫിറ്റിങുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്ന ചില്ലറ ജോലികളേ അവശേഷിച്ചുള്ളൂ.
വ്യാഴാഴ്ച വൈകിട്ട് 4.30 നാണ് പത്തുനില കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഏഴ് നില പൂര്‍ത്തിയായി, 48 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുഴുവന്‍ കെട്ടിടവും. കെട്ടിടഭാഗങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കി ഫിറ്റുചെയ്യുന്ന രീതിയാണ് അവലംബിച്ചത്.
'പത്തുനില കെട്ടിടം 48 മണിക്കൂറില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തിയത്'-നിര്‍മാണ ചുമതല വഹിച്ച സിനര്‍ജി തൃശ്‌ലിങ്ടണ്‍ കമ്പനിയുടെ പ്രതിനിധി പറഞ്ഞു. 'ഇത്തരമൊരു സംഗതി സാധിക്കുമെന്ന് തെളിയിക്കാന്‍ ഞങ്ങളാഗ്രഹിച്ചു. 48 മണിക്കൂര്‍കൊണ്ട് അത് സാധിക്കാനും ആയി. ഇതൊരു സാമ്പിള്‍ കെട്ടിടം മാത്രമാണ്'-പ്രതിനിധി വ്യക്തമാക്കി.
ആയിരംകോടി മൂല്യമുള്ള സിനര്‍ജി കമ്പനിയുടെ ഉടമ ഹാര്‍പാല്‍ സിങ് ആണ്, 48 മണിക്കൂര്‍കൊണ്ട് പത്തുനില കെട്ടിടം പൂര്‍ത്തിയാക്കാമെന്ന് വാഗ്ദാനം ചെയ്തത്. അത് നടപ്പാക്കുകയായിരുന്നു കമ്പനി.
48 മണിക്കൂര്‍കൊണ്ട് ഇത്തരമൊരു കെട്ടിടം നിര്‍മിക്കുന്നത് രാജ്യത്ത് ആദ്യമായാണ്. ഭൂകമ്പത്തെ അതിജീവിക്കാന്‍ പാകത്തിലുള്ളതാണ് കെട്ടിടം - ഹാര്‍പാല്‍ സിങ് പറഞ്ഞു.
നിര്‍മാണം തുടങ്ങി വെറും ആറു മണിക്കൂര്‍കൊണ്ട് മൂന്നുനിലയുടെ പണി പൂര്‍ത്തിയായി. പരിചയസമ്പന്നരായ തൊഴിലാളികളും സാങ്കേതികവിദഗ്ധരും എന്‍ജിനയര്‍മാരും ഉള്‍പ്പടെ 200 പേര്‍ നിര്‍മാണത്തില്‍ പങ്കുചേര്‍ന്നു.
നിര്‍മാണത്തിനുള്ള കെട്ടിടഭാഗങ്ങള്‍ കഴിഞ്ഞ രണ്ടുമാസംകൊണ്ട് സമീപത്തൊരു ഫാക്ടറിയിലാണ് തയ്യാറാക്കിയത്. 'മണലോ ഇഷ്ടികയോ ഉപയോഗിച്ചില്ല. ഭിത്തികള്‍ക്കെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ ഭാഗങ്ങള്‍ ഉപയോഗിക്കുകയായിരുന്നു. പരമ്പരാഗത രീതിയില്‍ കെട്ടിടം പണിയുന്നതിന്റെ ചെലവേ വന്നുള്ളൂ. എന്നാല്‍, കാര്യമായ സമയലാഭം ഉണ്ടായി'-കമ്പനി വക്താവ് അറിയിച്ചു.
തന്റെ സ്വന്തം വീട് നിര്‍മിക്കുന്ന വേളയിലാണ് ഇത്തരമൊരു ആശയമുണ്ടായതെന്ന് ഹാര്‍പാല്‍ സിങ് പറയുന്നു. രണ്ടുവര്‍ഷമെടുത്തു അത് പൂര്‍ത്തിയാക്കാന്‍-അദ്ദേഹം അറിയിച്ചു.