സര്‍വകലാശാലക്ക് എന്തിന് രതി ഡൊമെയ്ന്‍!

Posted on: 11 Dec 2011


-സ്വന്തം ലേഖകന്‍




'പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്തു കാര്യം' എന്നു ചോദിക്കുംപോലെ, രതി ഡൊമെയ്ന്‍ വില്‍ക്കുന്നിടത്ത് സര്‍വകലാശാലകള്‍ക്ക് എന്തുകാര്യമെന്ന് സംശയമുണ്ടാകാം. കാര്യമുണ്ടെന്നാണ് അമേരിക്കയില്‍ കാന്‍സാസ് സര്‍വകലാശാലയുടെ നിലപാട്. ഏതാനും രതി ഡൊമെയ്‌നുകള്‍ സ്വന്തമാക്കാന്‍ സര്‍വകലാശാല മുടക്കിയത് 3000 ഡോളറാണ്!

www.KUgirls.xxx, www.KUnurses.xxx
തുടങ്ങിയ ഡൊമെയ്ന്‍ നാമങ്ങള്‍ കാന്‍സാസ് സര്‍വകലാശാല സ്വന്തമാക്കിയ കാര്യം കഴിഞ്ഞ ദിവസം വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍വകലാശാല എന്തെങ്കിലും പുതിയ ഏര്‍പ്പാട് തുടങ്ങുന്നതായി ഇതില്‍ നിന്ന് തെറ്റിദ്ധരിക്കരുത്. ഈ ഡൊമെയ്‌നുകല്‍ സ്വന്തമാക്കി ഏതെങ്കിലും കുബുദ്ധികള്‍ സൈറ്റ് തുടങ്ങി സര്‍വകലാശാലയുടെ പേര് നാറ്റിക്കാതിരിക്കാനാണ് ഇത്തരമൊരു മുന്‍കൂര്‍ നടപടി.

കാന്‍സാസ് സര്‍വകലാശാല എടുത്ത ഈ മുന്‍കരുതല്‍ നടപടി ശരിക്കുപറഞ്ഞാല്‍ ഒരു തുടക്കമെന്ന് വേണം കരുതാന്‍. കാരണം, അസംഖ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഈ പാത പിന്തുരുകയാണ്. ഓണ്‍ലൈന്‍ രതിവ്യവസായത്തിന്റെ പിടിയില്‍ തങ്ങളുടെ സ്ഥാപനത്തിന്റെ പേര് ചെന്നുപെടുമോ എന്ന് ആശങ്കയുള്ളവരാണ് ഏവരും.

.com, .org, .co.in, .gov
എന്നിങ്ങനെയുള്ള ഡൊമെയ്ന്‍ വാലറ്റങ്ങളെപ്പോലെ (suffix) രതിസൈറ്റുകള്‍ക്കായി അനുവദിച്ച വാലറ്റമാണ് .xxx. ഏതാനും ദിവസം മുമ്പാണ് .xxx വാലറ്റമുള്ള ഡൊമെയ്ന്‍ നാമങ്ങള്‍ ആദ്യമായി വില്‍പ്പനയ്‌ക്കെത്തിയത്.

രതി സൈറ്റുകള്‍ക്കായി പ്രത്യേക ഡൊമെയ്ന്‍ നാമങ്ങള്‍ അനുവദിക്കുന്ന കാര്യം മുമ്പ് പല തവണ 'ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സി'(ഐകാന്‍ -ICANN) ന്റെ പരിഗണനയ്ക്ക് വന്നതാണ്. 2005 ല്‍ ഐകാന്‍ അതിന് അനുമതി നല്‍കിയെങ്കിലും, നിയമക്കുരുക്കുകള്‍ അഴിഞ്ഞ് രതി ഡൊമെയ്‌നുകള്‍ വില്‍പ്പനയ്‌ക്കെത്തുന്നത് 2011 ഡിസംബര്‍ ആറിനാണ്.

ഉടന്‍തന്നെ നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും കമ്പനികളും തങ്ങളുടെ സ്ഥാപനത്തിന്റെ പേര് ഏതെങ്കിലും കുബുദ്ധികള്‍, .xxx സൈറ്റാക്കി മാറ്റാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി ആരംഭിച്ചു. രതി ഡൊമെയ്‌നുകള്‍ വില്‍പ്പനയ്‌ക്കെത്തി വെറും അഞ്ചുദിവസം കൊണ്ട് 80,000 .xxx ഡൊമെയ്‌നുകള്‍ വിറ്റുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവയില്‍ ബഹുഭൂരിപക്ഷവും മേല്‍സൂചിപ്പിച്ചതു പോലുള്ള സ്ഥാപനങ്ങളാണ് സ്വന്തമാക്കിയത്.

തങ്ങളുടെ സ്ഥാപനത്തിന്റെ പേരുമായി ബന്ധമുള്ള 21 .xxx വെബ്‌സൈറ്റ് നാമങ്ങളാണ് അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാല സ്വന്തമാക്കിയത്. കാന്‍സാസിന്റെ കാര്യം മുമ്പ് സൂചിപ്പിച്ചല്ലോ. അതുപോലെ ഒട്ടേറെ സര്‍വകലാശാലകള്‍ മാനം കാക്കാന്‍ നൂറുകണക്കിന് .xxx നാമങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഫ് ളോറിഡയില്‍ പാം ബീച്ചിലുള്ള ഐസിഎം രജിസ്റ്ററി (ICM Registry) ആണ് .xxx ഡൊമെന്‍ നാമങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗോഡാഡി (GoDaddy.com) പോലുള്ള ഇടനിലക്കാര്‍ വഴി ഐസിഎം രതി ഡൊമെയ്‌നുകളുടെ വില്‍പ്പന നടത്തുന്നു. ഒരു .xxx നാമത്തിന് ഗോഡാഡി പ്രതിവര്‍ഷം നൂറ് ഡോളര്‍ ചാര്‍ജുചെയ്യുന്നു.

യൂണിവേഴ്‌സിറ്റികള്‍ മാത്രമല്ല, പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മുന്‍കരുതലെടുത്തു തുടങ്ങി. ഐസിഎമ്മില്‍ നിന്ന് വിറ്റുപോയ ചില ഡൊമെയ്ന്‍ നാമങ്ങള്‍ ഇവയാണ് - www.Pepsi.xxx, www.Nike.xxx, Target.xxx. രജിസ്ട്രര്‍ ചെയ്ത ട്രേഡുമാര്‍ക്കുകള്‍ രതി ഡൊമെയ്‌നുകളുടെ പേരില്‍ ദുരുപയോഗം ചെയ്യുന്നത് ഇതുവഴി തടഞ്ഞിരിക്കുകയാണ് ബന്ധപ്പെട്ട കമ്പനികള്‍.


Stories in this Section