ചൂടന്‍ സൈറ്റുകള്‍ക്കായി ഡൊമെയ്ന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Posted on: 07 Sep 2011



രതി സൈറ്റുകള്‍ക്കായുള്ള പ്രത്യേക ഡൊമെയ്ന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. .xxx എന്ന വാലറ്റത്തോടെ ഡൊമെയ്ന്‍ നാമങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമാണ് ബുധനാഴ്ച മുതല്‍ നിലവില്‍ വന്നത്.

ഉത്തരവാദിത്വബോധത്തോടെ അഡള്‍ട്ട് സൈറ്റുകള്‍ നടത്താന്‍ പുതിയ നീക്കം സാഹായിക്കുമെന്ന് 'ഇന്റര്‍നെറ്റ് കണ്ടന്റ് മാനേജ്‌മെന്റ് രജിസ്ട്രറി' (ICM) അധികൃതര്‍ അഭിപ്രായപ്പെട്ടു. അടുത്തവര്‍ഷം മുതല്‍ ഈ ഡൊമെയ്ന്‍ നാമങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകും.

തങ്ങളുടെ പേരുകള്‍ .xxx എന്ന വാറ്റത്തോടെ ഉപയോഗിക്കരുതെന്ന് ബ്രാന്‍ഡുകള്‍ക്ക് ആവശ്യപ്പെടാം. അതേസമയം, നിലവിലുള്ള രതിസൈറ്റുകള്‍ക്ക് .xxx വാലറ്റമുള്ള ഡൊമെയ്ന്‍ നാമങ്ങള്‍ ലഭിക്കാന്‍ അപേക്ഷിക്കുകയുമാവാം.

ഓണ്‍ലൈനില്‍ രതിസൈറ്റുകള്‍ പരതുന്നവരെ പുതിയ നീക്കം സഹായിക്കും എന്നതുപോലെ തന്നെ, അത്തരം സൈറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പുതിയ ഡൊമെയ്ന്‍ രീതി അനുഗ്രഹമാകും.

തങ്ങളുടെ കമ്പനിയുടെയും ബ്രാന്‍ഡിന്റെയും പേരിനൊപ്പം രതിസൈറ്റുകളുടെ വാലറ്റം വരരുതെന്ന് ആഗ്രഹമുള്ളവര്‍ക്ക്, 150 മുതല്‍ 300 ഡോളര്‍ വരെ ഫീസടച്ച് അക്കാര്യം ആവശ്യപ്പെടാം.

കുബുദ്ധികള്‍ വൈറസുകളെയും ദുഷ്ടപ്രോഗ്രാമുകളെയും പലപ്പോഴും കുടിയിരുത്താറുള്ളത് രതിസൈറ്റുകളിലാണ്. അത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ കമ്പ്യൂട്ടറുകളിലേക്ക് ദുഷ്ടപ്രോഗ്രാമുകള്‍ പകരുകയും ചെയ്യും.

.xxx ന്റെ കാര്യത്തില്‍ ഈ പ്രശ്‌നമൊഴിവാക്കാനുള്ള മുന്‍കരുതല്‍ കൈക്കൊള്ളുമെന്ന് ഐ.സി.എം.അധികൃതര്‍ അറിയിച്ചു. കമ്പ്യൂട്ടര്‍ സുരക്ഷാസ്ഥാപനമായ മക്ആഫിയുടെ സഹായം ഇതിനായി തേടുമെന്ന് അധികൃതര്‍ പറഞ്ഞു.
TAGS:
.xxx  |  domain name  |  web 


Stories in this Section