LATEST NEWS
  Sep 20, 2015
ദുബായ് ഭരണാധികാരിയുടെ മകന്‍ ശൈഖ് റാഷിദ് അന്തരിച്ചു
ദുബായ്: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകന്‍ ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു.
മുപ്പത്തിനാലുകാരനായ ശൈഖ് റാഷിദ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനിയാഴ്ച കാലത്താണ് അന്തരിച്ചത്. രാജകുമാരന്റെ വിയോഗത്തില്‍ അനുശോചിച്ച് രാജ്യത്ത് ശനിയാഴ്ച മുതല്‍ മൂന്നുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. വൈകിട്ട് സാബീല്‍ പള്ളിയില്‍ മഗ്രീബ് നിസ്‌കാരത്തിനുശേഷം ബര്‍ദുബായിലെ ഉംഹുറൈര്‍ ശ്മശാനത്തില്‍ കബറടക്കം നടന്നു. രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ വന്‍ ജനാവലി പ്രാര്‍ഥനയിലും ചടങ്ങിലും സംബന്ധിച്ചു.
അധികാരസ്ഥാനങ്ങളില്‍നിന്നകന്ന് സ്‌പോര്‍ട്‌സിന്റെയും കുതിരയോട്ടത്തിന്റെയും ആവേശത്തിലായിരുന്നു എന്നും ഈ രാജകുമാരന്‍. യു.എ.ഇ.യിലെ വിശേഷിച്ച്, ദുബായിലെ ചെറുപ്പക്കാരുടെ ആരാധനാപാത്രമായി കളിക്കളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ശൈഖ് റാഷിദിന്റെ അകാലവിയോഗം രാജ്യം ഞെട്ടലോടെയാണ് കേട്ടത്.
ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെയും ശൈഖ ഹിന്ദിന്റെയും മകനായി 1981-ല്‍ ശൈഖ് റാഷിദ് ജനിച്ചു. 2002-ല്‍ ഇംഗ്ലണ്ടിലെ സാന്‍ഡ്‌ഹേഴ്സ്റ്റ് സൈനിക അക്കാദമിയില്‍നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി. സബീല്‍ റേസ് കോഴ്‌സിന്റെ ഉടമസ്ഥനായിരുന്ന അദ്ദേഹം കുതിരയോട്ടത്തിലായിരുന്നു ഏറെ തിളങ്ങിയത്. 2008-ലെ ദോഹ ഏഷ്യാഡില്‍ 120 കി.മീറ്റര്‍ കുതിരയോട്ടമത്സരത്തില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ശൈഖ് റാഷിദ് സ്വര്‍ണം നേടിയിരുന്നു.
അറബ് ലോകത്ത് ശ്രദ്ധേയമായ രാജകുമാരന്മാരില്‍ ഒരാളായിരുന്നു ശൈഖ് റാഷിദ്. 2011-ല്‍ ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ ലോകത്തിലെ രാജകുടുംബാംഗങ്ങള്‍ക്കിടയിലെ ഏറ്റവും ആകര്‍ഷണീയരായ 20 യുവാക്കളുടെ പട്ടികയില്‍ ശൈഖ് റാഷിദ് ഇടംപിടിച്ചിരുന്നു. 2010-ല്‍ എസ്‌ക്വയര്‍ മാഗസിന്‍ തയ്യാറാക്കിയ പട്ടികയിലും അറബ് രാജവംശങ്ങളിലെ ആകര്‍ഷക വ്യക്തിത്വങ്ങളിലൊന്നായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2006-മുതല്‍ 2010-വരെ അറബ് യുവാക്കള്‍ക്കിടയിലെ ഏറ്റവും ആകര്‍ഷണീയനായ ചെറുപ്പക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതും ശൈഖ് റാഷിദ് തന്നെ.
2008-ല്‍ യു.എ.ഇ. ഒളിന്പിക് കമ്മിറ്റി പ്രസിഡന്റായി നിയമിക്കപ്പെട്ടെങ്കിലും 2010-ല്‍ സ്ഥാനം രാജിവെച്ചു. നൂര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ്, നൂര്‍ ഇസ്ലാമിക് ബാങ്ക്, യുനൈറ്റഡ് ഹോള്‍ഡിങ്‌സ് ഗ്രൂപ്പ്, സബീല്‍ റേസിങ് ഇന്റര്‍നാഷണല്‍, ദുബായ് ഹോള്‍ഡിങ് കമ്പനി തുടങ്ങിയവയുടെ അമരക്കാരനായിരുന്നു.

Latest news

- -