LATEST NEWS
  Sep 20, 2015
ഹര്‍ദിക് പട്ടേല്‍ അറസ്റ്റില്‍
ഗുജറാത്തില്‍ ഇന്റര്‍നെറ്റിന് വിലക്ക്


സൂറത്ത്:
പട്ടേല്‍ വിഭാഗക്കാരുടെ സംവരണപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹര്‍ദിക് പട്ടേലിനെ സൂറത്തില്‍ പോലീസ് അറസ്റ്റുചെയ്തു. അധികൃതരുടെ വിലക്കുലംഘിച്ച് 'ഏകതാ റാലി' നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് പോലീസ് ശനിയാഴ്ച രാവിലെ പട്ടേലിനെ കസ്റ്റഡിയിലെടുത്തത്. 50-തോളം അനുയായികളെയും അറസ്റ്റുചെയ്തിട്ടുണ്ട്. അറസ്റ്റിനെത്തുടര്‍ന്ന് പലേടത്തും കല്ലേറും അക്രമവുമുണ്ടായി. വാഹനഗതാഗതവും തടസ്സപ്പെട്ടു.
അതേസമയം ഹര്‍ദിക്കിന്റെ അറസ്റ്റിനു പിന്നാലെ ഗുജറാത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ക്രമസമാധാനം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. ശനിയാഴ്ച ഉച്ചമുതല്‍ ഗുജറാത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു. 36 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനം തുടരും. പ്രക്ഷോഭങ്ങള്‍ തുടങ്ങിയതിനുശേഷം ഇത് മൂന്നാം തവണയാണ് ഇന്റര്‍നെറ്റിന് ഗുജറാത്തില്‍ വിലക്കേര്‍പ്പെടുത്തുന്നത്.
ശനിയാഴ്ച പ്രഖ്യാപിച്ച ഏകതാ റാലിക്ക് അധികൃതര്‍ അനുമതിനിഷേധിച്ചിരുന്നെങ്കിലും ഹര്‍ദിക്കും അനുയായികളും രാവിലെ സൂറത്ത് നഗരത്തിലെ മഗധ് ചൗക്കില്‍ സംഘടിക്കുകയായിരുന്നു. സര്‍ദാര്‍ പട്ടേല്‍ പ്രതിമയില്‍ മാലചാര്‍ത്തി എത്തിയ ഹര്‍ദിക്കിനെയും അനുയായികളെയും പോലീസ് തടഞ്ഞു. റാലി സമാധാനപരമായിരിക്കുമെന്ന് ഹര്‍ദിക് അറിയിച്ചെങ്കിലും പോലീസ് ഇദ്ദേഹത്തെ കൊണ്ടുപോവുകയായിരുന്നു. ഹര്‍ദിക്കിനെ മോചിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് പട്ടീധര്‍ അനാമത്ത് ആന്ദോളന്‍ സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞമാസം പട്ടേല്‍ സമുദായം നടത്തിയ പ്രക്ഷോഭങ്ങളില്‍ ഗുജറാത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹര്‍ദിക്കിനെ അറസ്റ്റുചെയ്തതിനെ തുടര്‍ന്നാണ് സമരം അക്രമാസക്തമായത്.

Latest news

- -