LATEST NEWS
  Sep 19, 2015
സഹകരണസംഘം ജീവനക്കാരുടെ വായ്പാപരിധി ഉയര്‍ത്തി
ചേര്‍ത്തല: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാരുടെ ഭവനവായ്പാ പരിധി ഇരട്ടിയാക്കി. നിലവിലുണ്ടായിരുന്ന അഞ്ചുലക്ഷം 10 ലക്ഷംവരെയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. സഹകരണ സംഘങ്ങളിലെ നാല്‍പ്പത്തിരണ്ടായിരത്തോളം വരുന്ന ജീവനക്കാര്‍ക്ക് ഇത് പ്രയോജനപ്പെടും.

വായ്പാപരിധി ഉയര്‍ത്തിയെങ്കിലും ജീവനക്കാര്‍ക്ക് എടുക്കാവുന്ന ഓവര്‍ഡ്രാഫ്റ്റ് പരിധി ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഇത് നിലവിലുള്ള ഒരുലക്ഷം തന്നെയായി തുടരും. സംഘത്തിന്റെ സ്വന്തം ഫണ്ടില്‍നിന്ന് 15 ശതമാനം കവിയാതെ വായ്പ നല്‍കുന്നതിനാണ് നിര്‍ദേശം. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 50 ഇരട്ടിയോ 10 ലക്ഷമോ ഏതാണ് കുറവ് എന്നു കണക്കാക്കിയാണ് വായ്പ നിശ്ചയിക്കുന്നത്.

സംഘത്തിന്റെ നിക്ഷേപത്തിന് നല്‍കുന്ന ഉയര്‍ന്ന പലിശയാണ് ജീവനക്കാരുടെ വായ്പക്ക് പലിശയായി ഈടാക്കേണ്ടത്. നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം 10 ശതമാനം വരെ ആയിരിക്കും പലിശ വരുന്നത്. വായ്പാ ആവശ്യക്കാരേറുകയും നിര്‍മാണച്ചെലവുകളിലടക്കം ഉണ്ടായ വര്‍ധനയും കണക്കാക്കിയാണ് പരിധി ഉയര്‍ത്തിയത്. ജീവനക്കാരുടെ സംഘടനകള്‍ ഇക്കാര്യം നേരത്തെ ഉന്നയിച്ചിരുന്നു.

ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 3.50 ലക്ഷത്തില്‍നിന്ന് പരിധി അഞ്ചു ലക്ഷമായി ഉയര്‍ത്തിയത്. എന്നാല്‍, അന്നും ഓവര്‍ഡ്രാഫ്റ്റ് പരിധി ഒരു ലക്ഷമായിരുന്നു. സഹകരണസംഘം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും അന്തിമ ഘട്ടത്തിലെത്തിയിരിക്കുകയാണ്.

Latest news

- -