LATEST NEWS
  Sep 19, 2015
നേതാജി: രഹസ്യച്ചെപ്പ് തുറന്ന് മമത, കേന്ദ്രം സമ്മര്‍ദത്തിലാകും
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാറിന്റെ പക്കലുള്ള രഹസ്യരേഖകള്‍ പരസ്യമാക്കിയതിലൂടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി വലിയൊരു രാഷ്ട്രീയനേട്ടമാണ് കൊയ്തിരിക്കുന്നത്. നേതാജിയെക്കുറിച്ചുള്ള ദുരൂഹത നീക്കാന്‍ ആദ്യമായി ഫലപ്രദമായ നടപടി കൈക്കൊണ്ട നേതാവ് എന്ന ഈ നേട്ടം സംസ്ഥാനത്ത് മാത്രമല്ല, ദേശീയതലത്തില്‍ത്തന്നെ അവരുടെ പ്രതിച്ഛായ കൂട്ടും. മാത്രമല്ല, ഇത് കേന്ദ്രസര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കും. അടുത്തവര്‍ഷത്തെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് പ്രചാരണായുധമാവുകയും ചെയ്യും.

അധികാരത്തിലെത്തുന്നതിന് മുന്‍പ് നേതാജിയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ കേന്ദ്രം പരസ്യമാക്കണമെന്ന് ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ രേഖകള്‍ പുറത്തുവിടാനാവില്ലെന്ന പഴയ സര്‍ക്കാറുകളുടെ വാദം തന്നെയാണ് എന്‍.ഡി.എ. സര്‍ക്കാറും ആവര്‍ത്തിക്കുന്നത്. 130-ഓളം രഹസ്യരേഖകളാണ് നേതാജിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിന്റെ പക്കലുള്ളതായി കരുതപ്പെടുന്നത്.

രാഷ്ട്രത്തിന്റെ മഹാനായ പുത്രന്‍ സുഭാഷ്ചന്ദ്ര ബോസിനെക്കുറിച്ചുള്ള സത്യം എഴുപത് വര്‍ഷമായിട്ടും പുറത്തുവന്നില്ലെന്നത് ദൗര്‍ഭാഗ്യകരവും അസ്വാസ്ഥ്യജനകവുമാണെന്ന് കൊല്‍ക്കത്ത പോലീസ് മ്യൂസിയത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ മമതാ ബാനര്‍ജി പറഞ്ഞു. 'സുതാര്യതയുടെ ഈ കാലത്ത് സത്യം എന്തുതന്നെയായാലും പുറത്തുവരികതന്നെ വേണം. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് മാത്രമല്ല ചെറുപ്പകാലം മുതല്‍ ഒരു സാധാരണക്കാരിയെന്ന നിലയ്ക്ക് എനിക്കുണ്ടായിരുന്ന ആഗ്രഹം കൂടിയാണ് നേതാജിക്കെന്ത് സംഭവിച്ചുവെന്നറിയണമെന്നത്. ഇത് തുടക്കം മാത്രമാണ്. കേന്ദ്രസര്‍ക്കാറിന്റെ പക്കലും നേതാജി ഫയലുകളുണ്ട്. അത് അവരും പരസ്യമാക്കട്ടെ' -മമത പറഞ്ഞു.

തന്റെ നീക്കം രാഷ്ട്രീയലാഭം ഉദ്ദേശിച്ചാണെന്ന പ്രചാരണം തടയാനായി രാവിലത്തെ ഔദ്യോഗികച്ചടങ്ങ് ഒഴിവാക്കിയ മമത ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പോലീസ് മ്യൂസിയം സന്ദര്‍ശിച്ചത്.

Latest news

- -