LATEST NEWS
  Sep 19, 2015
മന്‍ കി ബാത്തിനും അതിന്റെ പ്രചാരണത്തിനും നിരോധനമില്ല -തിര.കമ്മിഷന്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പ്രഭാഷണപരിപാടിയായ 'മന്‍ കി ബാത്ത്' പ്രക്ഷേപണംചെയ്യുന്നത് തടയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.

റേഡിയോപരിപാടിക്കും അതിനു മുന്നോടിയായി നടത്തുന്ന പരസ്യത്തിനും വിലക്കില്ലെന്ന് കമ്മിഷന്‍ വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു. എന്നാല്‍ ബിഹാറില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന കാര്യങ്ങളോ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന സംഗതികളോ പറയാന്‍ പാടില്ലെന്ന് കമ്മിഷന്‍ വിശദീകരിച്ചു.

സപ്തംബര്‍ 20ന് ഞായറാഴ്ചത്തെ 'മന്‍ കി ബാത്ത്' തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ പരിപാടി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി.

പെരുമാറ്റച്ചട്ടം ലംഘിക്കുന്നുണ്ടെങ്കില്‍മാത്രമേ ഇത്തരം പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സാധിക്കൂ എന്ന് കമ്മിഷന്‍ കേന്ദ്രങ്ങള്‍ പറഞ്ഞു. പെരുമാറ്റച്ചട്ടം ലംഘിക്കുമെന്ന മുന്‍വിധിയോടെ പരിപാടി നിരോധിക്കാനാവില്ല.

Latest news

- -