LATEST NEWS
  Sep 18, 2015
വിവാദങ്ങള്‍കൊണ്ട് നേട്ടമില്ല -മുഖ്യമന്ത്രി
കാസര്‍കോട്: ദൈവത്തിന്റെ സ്വന്തംനാടായ കേരളം വിവാദങ്ങളുടെ നാടായി മാറുന്നത് ആര്‍ക്കും നേട്ടമുണ്ടാക്കാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 53-ാം സംസ്ഥാനസമ്മേളനം ഓണ്‍ലൈന്‍ വീഡിയോസംവിധാനത്തിലൂടെ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ടൗണ്‍ഹാളില്‍ ( കെ.എം.അഹമ്മദ് നഗര്‍) നടന്ന സമ്മേളനത്തില്‍ കെ.പ്രേംനാഥ് അധ്യക്ഷത വഹിച്ചു.

മാധ്യമരംഗം ഏതെല്ലാം പ്രതിസന്ധികളില്‍ക്കൂടി കടന്നുപോയാലും വെല്ലുവിളികള്‍ നേരിട്ടാലും വിശ്വാസ്യതയെന്ന കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചാലേ നിലനില്ക്കാനാകുകയുള്ളൂ. മാധ്യമസാക്ഷരതയിലും മാധ്യമസാന്ദ്രതയിലും കേരളം എന്നും മുന്നിലാണ്. ജനങ്ങള്‍ വിശ്വസിക്കുന്നതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് ഈ നേട്ടം കൈവരിക്കാനായത്. എന്നാല്‍, സമീപകാലത്തെ പല സംഭവങ്ങളും മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. അക്ഷരങ്ങളിലും വാക്കുകളിലും മായം ചേര്‍ത്തിട്ടുണ്ടോയെന്ന് ആത്മഗതം നടത്തണം. അങ്ങനെ ബോധപൂര്‍വം സംഭവിക്കുന്നുണ്ടെങ്കില്‍ ഇരിക്കുന്ന കൊമ്പുമുറിക്കുന്നതിനു തുല്യമായിരിക്കും അത്.

ഇടുക്കി ഡാമിനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനുംശേഷം കേരളത്തില്‍ ചില വന്‍കിട പദ്ധതികള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമാകുകയാണ്. കേരളത്തിലുണ്ടായ അത്ഭുതകരമായ ഈ മാറ്റം പലര്‍ക്കും വിശ്വസിക്കാന്‍പോലും കഴിയുന്നില്ല. കേരളത്തിന്റെ വികസനകാര്യങ്ങളില്‍ മാധ്യമങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഇനിയുമേറെ മുന്നോട്ടുപോകാനാവും -മുഖ്യമന്ത്രി പറഞ്ഞു. എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍റസാഖ്, കെ.കുഞ്ഞിരാമന്‍, പ്രസ് അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി, അബ്ബാസ് ബീഗം, എം.ഒ.വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.

Latest news

- -