മഹാരാഷ്ട്ര കത്ത്
ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി സാലിം അലിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കിയ 'ബുക്ക് ഓഫ് ഇന്ത്യന്‍ ബേഡ്‌സ്' പരിഷ്‌കരിച്ച പതിപ്പായി ഇറക്കിയപ്പോള്‍ 538 ഇനം പക്ഷികളുടെ ചിത്രങ്ങള്‍ രേഖപ്പെടുത്താന്‍ അവര്‍ നിയോഗിച്ചത് കാള്‍ ഡിസില്‍വയെ ആയിരുന്നു

അടിമുതല്‍ മുടിവരെ ഒരു പക്ഷിചിത്രകാരനായിരുന്നു കാള്‍ ഡിസില്‍വ. ജനിച്ചത് ഗോവയിലാണെങ്കിലും സ്‌കൂള്‍പഠനവും കലാപരിശീലനവും മുംബൈയിലായിരുന്നു. കലാപഠനത്തിനായി പ്രസിദ്ധമായ ജെ.ജെ.സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ കഴിയുമ്പോഴും മനസ്സുനിറയെ പക്ഷികളും പ്രകൃതിയുമായിരുന്നു, എന്നും ആഹ്ലാദത്തോടെ ജീവിതത്തെക്കണ്ട ഈ ഗോവക്കാരന്. 12ാം വയസ്സില്‍ പെന്‍സില്‍ സ്‌കെച്ചായിത്തീര്‍ത്ത ഹിപ്പപ്പൊട്ടാമസ് ആയിരുന്നു കാളിന്റെ ആദ്യത്തെ പൂര്‍ണരചന. അവസാനംവരെ ഈ പെന്‍സില്‍ ആലേഖ്യം കാള്‍ നഷ്ടപ്പെടാതെ കൈയില്‍ സൂക്ഷിച്ചു. പക്ഷേ, കാള്‍ എന്നും പറയും: ''സസ്തനികള്‍ ഒരിക്കലും എന്റെ കൈയിലും മനസ്സിലും ഒതുങ്ങിയിട്ടില്ല''. പക്ഷികളായിരുന്നു കാളിന്റെ മനസ്സില്‍ എപ്പോഴും.
കലാപഠനത്തിനിടെയാണ് അദ്ദേഹം ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയില്‍ അംഗമായത്. എണ്‍പതുകളുടെ ആദ്യപാദത്തില്‍ സൊസൈറ്റിയുടെ ഔദ്യോഗികചിത്രകാരന്‍ കാള്‍ ഡിസില്‍വയായിരുന്നു. സാലിം അലിയുടെ ശിഷ്യനായി തുടങ്ങി ഒട്ടേറെ പ്രകൃതിപഠനഗവേഷകര്‍ക്കൊപ്പം കാള്‍ നാടിന്റെ വന്യതയിലലഞ്ഞു. ഓരോസ്ഥലത്തും കാളിന്റെ കൈയില്‍ ഒരു നോട്ടുബുക്കുണ്ടായിരുന്നു, പ്രകൃതിയെ രേഖപ്പെടുത്താന്‍. ഇത് ചെറുകുറിപ്പുകളായും വരകളായും വിടര്‍ന്നു. പിന്നീട് കാള്‍ ഗോവയിലെ പക്ഷിനിരീക്ഷകരുടെ പഠനശൃംഖലയുടെ തലതൊട്ടപ്പനായപ്പോഴും ഒപ്പംചേരുന്ന പുതിയ കുട്ടികളോട് പറയുമായിരുന്നു: ''നിങ്ങള്‍ ക്യാമറയുമായല്ല പക്ഷികളെ കാണേണ്ടത്. ഒരു ചെറിയ നോട്ടുബുക്കെടുക്കുക. അതിന്റെ നടത്തത്തില്‍, അതിന്റെ നില്പില്‍ കാണുന്നതെല്ലാം കുറിച്ചുവെയ്ക്കുക. പക്ഷിയെയും അതു നില്‍ക്കുന്ന ഇടത്തെയും രേഖപ്പെടുത്തുക. അവയെ യാന്ത്രികനിര്‍മിതികളല്ലാതാക്കുക.''
കാള്‍ ഡിസില്‍വ മുംബൈയിലെ വരകളുടെ ലോകത്തുനിന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പക്ഷിചിത്രകാരനായി ഉയര്‍ന്നു; ഒരുപക്ഷേ, നാട്ടിലെക്കാള്‍ മറുനാട്ടില്‍. യൂറോപ്പിലും മറ്റു വിദേശരാജ്യങ്ങളിലും കാള്‍ ഏറെ പ്രസിദ്ധനായിരുന്നു. അവരുടെ മികച്ച പക്ഷിപഠനഗ്രന്ഥങ്ങള്‍ക്കെല്ലാം ആവശ്യം കാളിന്റെ രചനകളായിരുന്നു. ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി സാലിം അലിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കിയ 'ബുക്ക് ഓഫ് ഇന്ത്യന്‍ ബേഡ്‌സ്' പരിഷ്‌കരിച്ച പതിപ്പായി ഇറക്കിയപ്പോള്‍ 538 ഇനം പക്ഷികളുടെ ചിത്രങ്ങള്‍ രേഖപ്പെടുത്താന്‍ അവര്‍ നിയോഗിച്ചത് കാള്‍ ഡിസില്‍വയെ ആയിരുന്നു. ആ ചിത്രങ്ങളില്‍ കാള്‍ പക്ഷികളുടെ നോക്കും നില്പും നടത്തവും അവയുടെ നിറപ്പകിട്ടും ആവാഹിച്ചു. പക്ഷേ, ഓരോ ചിത്രത്തിലും പക്ഷിഘടനയുടെ വിശദാംശങ്ങളിലായിരുന്നു കാളിന് ശ്രദ്ധ.
കാള്‍ ഡിസില്‍വയുടെ ഈ രചനാസാമര്‍ഥ്യമാണ് ബ്രിട്ടനിലെ വന്യജീവിചിത്രകാരന്മാരുടെ സംഘടനയുടെ വാര്‍ഷിക ചിത്രപ്രദര്‍ശനത്തില്‍ അഞ്ചുകൊല്ലം തുടര്‍ച്ചയായി പങ്കെടുക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഒപ്പം ബ്രിട്ടനിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള പക്ഷിനിരീക്ഷകര്‍ക്കായുള്ള ഒട്ടേറെ കൈപ്പുസ്തകങ്ങളില്‍ കാളിന്റെ രചനകള്‍ സ്ഥാനംപിടിച്ചു. ബേഡ്‌സ് ഓഫ് ഭൂട്ടാന്‍, ബേഡ്‌സ് ഓഫ് നേപ്പാള്‍, ബേഡ്‌സ് ഓഫ് നോര്‍ത്ത് ഇന്ത്യ, ബേഡ്‌സ് ഓഫ് മുംബൈ, പാരറ്റ്‌സ് ഓഫ് ദ വേള്‍ഡ്, കിഴക്കനേഷ്യയിലെ പക്ഷികള്‍, ലോകത്തെ കാട്ടുകോഴികളും കാടകളും തുടങ്ങി യൂറോപ്പിലെയും ഇന്ത്യയിലെയും മികച്ച പ്രസിദ്ധീകരണസ്ഥാപനങ്ങളുടെ ആധികാരിക കൈപ്പുസ്തകങ്ങളില്‍ കാളിന്റെ പക്ഷിച്ചിത്രങ്ങളാണ് വിവരണങ്ങള്‍ക്ക് ആധികാരികത നല്‍കിയത്.
കാള്‍ ഡിസില്‍വ ഇന്നു നമ്മോടൊപ്പമില്ല. 51ാം വയസ്സില്‍ പെട്ടന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് ജൂലായിലെ മൂന്നാമത്തെ ഞായറാഴ്ച കാള്‍ ഈ ഭൂമിയില്‍നിന്ന് പറന്നു. ഈ നാളുകളിലാണ് മുംബൈ മഹാനഗരത്തില്‍ പ്രകൃതിയുടെ ഒഴിവിടങ്ങളില്‍ 17 ചതുരശ്രകിലോമീറ്റര്‍ കണ്ടല്‍ക്കാടുകളും ചളിത്തുരുത്തുകളുമടങ്ങിയ താനെ ഉള്‍ക്കടല്‍ത്തീരങ്ങള്‍ ഫ്ലമിംഗോ പക്ഷികളുടെ സംരക്ഷിത അഭയകേന്ദ്രമായി പ്രഖ്യാപിച്ചത്. ഓരോ വര്‍ഷവും ഒക്ടോബര്‍ മുതല്‍ ഏപ്രില്‍, മെയ് വരെ ഗുജറാത്തിലെ കച്ചില്‍നിന്നും ഇറാന്‍തീരങ്ങളില്‍നിന്നും 'പൂണാറ'(ഫ്ലമിംഗോ) പക്ഷികള്‍ പതിനായിരങ്ങളാണ് ദേശാടനത്തിനെത്തുന്നത്. ശീതകാലത്ത് ഇരതേടി മുംബൈ തീരത്ത് ചളിത്തട്ടുകളിലെത്തുന്ന ഇവ മടങ്ങുന്നത് മഴയെത്തുന്നതോടെ.
വികസനത്തിന്റെ കുതിപ്പില്‍ എപ്പോഴും അധികാരികള്‍ മറക്കുന്നത് ഇത്തരം ഒഴിവിടങ്ങളുടെ പ്രാധാന്യത്തെയാണ്. താനെ ഉള്‍ക്കടലില്‍ വാഷി പാലത്തിനും ഐരോളി പാലത്തിനുമിടയില്‍ ഫ്ലെമിംഗോ സാങ്ച്വറിയുടെ പ്രഖ്യാപനംമാത്രം ഇതിനൊരപവാദമാണ്. പക്ഷേ, മഹാനഗരത്തിനായി പ്രഖ്യാപിച്ച മറ്റുപദ്ധതികളിലെല്ലാം ഈ ഒഴിവിടങ്ങളെ മറക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്. നവിമുംബൈയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം ഉയരുന്നത് ഒരു പുഴയെത്തന്നെ വഴിമാറ്റി ഒഴുക്കിയാണ്. പന്‍വേല്‍ ഉള്‍ക്കടലിനോടുചേര്‍ന്ന പ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച്, ഒരു വന്‍മല നിരത്തി, ചതുപ്പുകള്‍ നികത്തി മുംബൈക്ക് രണ്ടാം വിമാനത്താവളം പണിതീര്‍ക്കുമ്പോള്‍ പന്‍വേല്‍ ഉള്‍ക്കടലിലെ ഒരു വന്‍തുരുത്ത് കണ്ടല്‍സംരക്ഷിതമേഖലയായി നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഒരു കണ്ടല്‍ പാര്‍ക്കിനും പദ്ധതിയില്‍ സ്ഥാനമുണ്ടായിരുന്നു. അവസാനം ഫഡ്‌നവിസ് സര്‍ക്കാര്‍ പദ്ധതിക്ക് പച്ചക്കൊടി വീശിയപ്പോള്‍ ഈ പ്രഖ്യാപനങ്ങളൊക്കെ പിന്‍വലിച്ചു. കണ്ടലും മറ്റ് ഒഴിവിടങ്ങളും പക്ഷികളുടെ ആവാസകേന്ദ്രമായാല്‍ അത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാകുമെന്നാണ് പുതിയ സര്‍ക്കാറിന്റെ വാദം.
വീണ്ടും കാള്‍ ഡിസില്‍വയെ ഓര്‍ക്കാം... ഒരു പക്ഷിചിത്രകാരനപ്പുറം പരിസ്ഥിതി അവബോധം വളര്‍ത്താന്‍ ശാസ്ത്രീയസമീപനം എപ്പോഴും വേണമെന്ന ചിത്രമനസ്സായിരുന്നു കാളിനെ നയിച്ചത്. വംശനാശം നേരിടുന്ന ബംഗാള്‍ ഫ്ലോറിക്കനെക്കുറിച്ച് പഠിക്കാനുള്ള (ബി.എന്‍.എച്ച്.എസ്.) പദ്ധതിയില്‍, മരത്തില്‍ത്തീര്‍ത്ത്, പക്ഷിക്കു തുല്യം നിറംചാര്‍ത്തി കാള്‍ തീര്‍ത്ത ചലിക്കുന്ന പ്രതിമയാണ് ദുദിവയില്‍ അവയുടെ സാന്നിധ്യത്തെ വീണ്ടും തിരിച്ചറിയിച്ചത്. പ്രകൃതിയെ മറന്നുള്ള വികസനം സമ്മാനിക്കുക വീണ്ടും ഇത്തരം വംശനാശഭീഷണികള്‍തന്നെയാകും.