SPECIAL NEWS
  May 06, 2015
ഭിന്നലിംഗക്കാരുടെ പോരാളി
ബി.എസ് ബിമിനിത്‌

വെള്ളിയാഴ്ചകളിലെ നേരം പോക്കാണ് സ്വകാര്യബില്ലുകളെന്ന പരിഹാസത്തിന് തിരുച്ചി ശിവയുടെ രാഷ്ട്രീയ ജീവിതത്തേക്കാള്‍ പഴക്കമുണ്ട്. തിരുച്ചിറപ്പള്ളിയിലെ ഇവിആര്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ശിവ ആദ്യമായി മുദ്രാവാക്യം വിളിച്ചതിന് തൊട്ടുമുമ്പത്തെ വര്‍ഷമാണ് പാര്‍ലമെന്റ് അവസാനമായി ഒരുസ്വകാര്യ ബില്‍ പാസ്സാക്കിയത്. അതു കഴിഞ്ഞ് 45 വര്‍ഷം വേണ്ടിവന്നു മറ്റൊരു സ്വകാര്യബില്ല് സഭകടക്കാന്‍. ആ സ്വകാര്യബില്‍ അവതരിപ്പിച്ച എം.പി എന്ന നിലയിലാണ് തിരുച്ചി ശിവയെ ലോകം അറിയുന്നത്. അതിലേക്കാളുപരി ഭിന്നലിംഗക്കാര്‍ക്ക് വിലാസമുണ്ടാക്കിക്കൊടുത്തയാളെന്ന നിലയിലും.

രാജ്യസഭയില്‍ ആരും എതിര്‍ക്കാതെ സ്വകാര്യബില്‍ പാസ്സാകുന്നത് വളരെ വിരളമായി സംഭവിക്കുന്ന കാര്യമാണ് എന്ന് രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍ പറഞ്ഞ ആ നിമിഷം ശിവയുടെ ജീവിതത്തില്‍ ഏറ്റവും സന്തോഷം പകര്‍ന്ന മുഹൂര്‍ത്തമാണ്. അതും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ക്യാബിനറ്റ് മന്ത്രിമാരുമുള്ള സഭയില്‍. Rights Of Transgender Persons Bill 2014 ബില്‍ അങ്ങനെ സ്വാതന്ത്ര്യാനന്തര പാര്‍ലമെന്റില്‍ പാസ്സാകുന്ന 15ാമത്തെ സ്വകാര്യബില്ലായി മാറി. പതിവുപോലെ ബില്‍ പിന്‍വലിപ്പിക്കാന്‍ സര്‍ക്കാര്‍ ആവുന്നതു ശ്രമിച്ചു. മന്ത്രിമാരായ വെങ്കയ്യ നായിഡുവും തന്‍വാര്‍ചന്ദ് ഗെഹ്‌ലോട്ടും അതിന് മുന്നിട്ടിറങ്ങി. ശിവ ഉറച്ചുനിന്നു. വോട്ടെടുപ്പിനിടാതെ ശബ്ദവോട്ടോടെ പാസ്സാക്കാന്‍ സഭാനേതാവും ധനമന്ത്രിയുമായ അരുണ്‍ജെയ്റ്റ്‌ലി മുഖ്യപങ്കുവഹിച്ചുവെന്ന് ശിവ പറയുന്നു. അതിനുപിന്നിലെ രാഷ്ട്രീയമെന്തായാലും.

കുടുംബത്തില്‍ നിന്നും ആട്ടിയിറക്കി തെരുവില്‍ പോലും സൈ്വര്യമായി നടക്കാന്‍ കഴിയാത്തവരാണ് ഭിന്നലിംഗക്കാര്‍. മൂത്രപ്പുരകളില്‍ പോലും പ്രവേശനം നിഷേധിക്കുന്നവര്‍. അവര്‍ക്ക് ആരോടും ചോദിക്കാതെ കയറിച്ചെല്ലാവുന്ന സ്ഥലമാണ് തിരുച്ചി ശിവയുടെ വസതി. അവിടെ ഭാര്യ ദേവീകരണിക്കും ശിവക്കും ഒപ്പമിരുന്ന് അവര്‍ക്ക് ഭക്ഷണം കഴിക്കാം. ആരുടേയും ശല്യമില്ലാതെ എന്തും തുറന്നു പറയാം. (ശിവക്ക് താങ്ങായിരുന്ന ദേവീകരണി മരിച്ചത് കഴിഞ്ഞ ഓഗസ്റ്റിലാണ്.)

ബില്‍ പാസ്സായി തൊട്ടടുത്ത ദിവസം സ്വന്തം തട്ടകമായ തിരുച്ചിറപ്പള്ളി റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ശിവയെ എതിരേറ്റത് ഒരു സംഘം ഭിന്നലിംഗക്കാരായിരുന്നു. അതുവരെ സമൂഹത്തിന്റെ പിന്നണിയില്‍ അപകര്‍ഷതയോടെ നിന്ന അവര്‍ക്ക് ഒരു വിലാസമുണ്ടാക്കിക്കൊടുക്കാന്‍ വഴിവെച്ച നേതാവിനെ അവര്‍ ആഘോഷപൂര്‍വ്വം മാലയിട്ട് സ്വീകരിച്ചു. അവര്‍ക്കുപിന്നാലെ രാജ്യത്തെങ്ങുമുള്ള ഭിന്നലിംഗക്കാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളും ശിവയെ തങ്ങളുടെ നേതാവായി വാഴ്ത്തി. അടുത്ത ദിവസങ്ങളില്‍ തനിക്ക് വരുന്ന ഫോണ്‍കോളുകളില്‍ നല്ലൊരു പങ്കും ഭിന്നലിംഗക്കാരുടെ അവകാശലംഘനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് ശിവ പറയുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച് നാലര ലക്ഷം പേരാണ് രാജ്യത്തുള്ള ഭിന്നലിംഗക്കാര്‍. എന്നാല്‍ വിവിധ സംഘടനകളുടെ കണക്കനുസരിച്ച് ഇത് 25 ലക്ഷത്തോളം വരും. സമൂഹത്തില്‍ ഒളിച്ചിരിക്കാന്‍ വിധിക്കപ്പെട്ട ഇവരെ പൊതുമധ്യത്തിലേക്ക് നയിക്കുന്നതിന് വഴിവെച്ചേക്കാവുന്ന നിയമനിര്‍മ്മാണത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു രാജ്യസഭയില്‍ ബില്‍ പാസ്സായത്.

1970ലാണ് സഹോദരങ്ങളുടെ പാത പിന്തുടര്‍ന്ന് ശിവ രാഷ്ട്രീയത്തിലിറങ്ങിയത്. മൂന്നുമാസം മാത്രം പ്രായമുള്ളപ്പോള്‍ അഛന്‍ മരിച്ച ശിവയെ വളര്‍ത്തിയത് അമ്മയും സഹോദരങ്ങളുമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ കരുണാനിധിയുടെ പ്രസംഗം കേട്ടതോടെയാണ് ശിവ രാഷ്ട്രീയക്കാരനാകാന്‍ സ്വയം തീരുമാനിച്ചത്. 22ാമത്തെ വയസ്സില്‍ അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ വാസമനുഷ്ഠിക്കുന്നതിനിടെ തന്നെ സന്ദര്‍ശിക്കാനെത്തിയ അമ്മ 'നീ രാജ്യത്തിന്റെ മകനാണ്' എന്ന് കണ്ണീരോടെ പറഞ്ഞത് ശിവ ഇന്നുമോര്‍ക്കുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങി ഇംഗ്ലീഷ് ബിരുദധാരിയായ ശേഷം അമ്മയുടെ ആഗ്രഹപ്രകാരം സിവില്‍ സര്‍വീസ് പരീക്ഷയെഴുതി. തോറ്റു. അതോടെ സജീവ രാഷ്ട്രീയം ഗൗരവമായെടുക്കാന്‍ ശിവ തീരുമാനിച്ചു. അങ്ങനെ ശിവ തിരുച്ചി ശിവയായി.
ശിവയും ഭാര്യ ദേവീകരണിയും


ശിവക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വീണ്ടും രണ്ടുപതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവന്നു. അതുവരെ നിയമസഭയിലേക്കുപോലും മത്സരിപ്പിക്കാന്‍ ഡി.എം.കെ നേതൃത്വം തയ്യാറായില്ല. 1996ല്‍ പുതുക്കോട്ടൈയില്‍ നിന്നും രണ്ട് ലക്ഷം വോട്ടിന് ജയിച്ചാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. ഇപ്പോള്‍ രാജ്യസഭയില്‍ മൂന്നാംതവണയാണ് എം.പിയാകുന്നത്. ശിവയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ഇതുവരെ ഒന്നും നേടിയിരുന്നില്ല, ഒന്നും നഷ്ടപ്പെട്ടിരുന്നുമില്ല.

നാല്‍പ്പതുവര്‍ഷമായി സജീവ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയിട്ടെങ്കിലും ഡി.എം.കെ നേതാവ് കരുണാനിധിയോ മകന്‍ സ്റ്റാലിനോ ഒരു മന്ത്രിയാവാനുള്ള യോഗ്യത 61കാരനായ ശിവയില്‍ കണ്ടില്ല. നല്ല പ്രാസംഗികന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ തിളങ്ങിയ ശിവ പാര്‍ലമെന്റില്‍ സമാജികനായി ഒരു പരിഭവവും കൂടാതെ കഴിഞ്ഞുകൂടി. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ പെട്ടെന്നു ലഭിച്ച പ്രശസ്തി കരുണാനിധിയുടെ പ്രീതി സമ്പാദിച്ചിട്ടുണ്ട്. ഭിന്നലിംഗക്കാരോടു പോലും മുഖം കറുപ്പിക്കാത്ത നന്മയും രാഷ്ട്രീയ ജീവിതത്തിലെ നിഷ്‌കളങ്കതയുമാണ് ശിവയുടെ മുഖമെന്ന് തമിഴ് രാഷ്ട്രീയം സാക്ഷ്യപ്പെടുത്തുന്നു.
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -