SPECIAL NEWS
  Apr 13, 2015
പതിനെട്ടന്മാര്‍
ജേക്കബ് ജോര്‍ജ്‌
പാലായിലെ പതിനെട്ടന്മാരെക്കുറിച്ചുള്ള കഥ കെട്ടുകഥയാവില്ല. മാണിയും ജോര്‍ജും തമ്മിലുള്ള പോരു കാണുമ്പോള്‍ അങ്ങിനെ തോന്നിപ്പോവുന്നു. കൊന്നും കൊല്ലിച്ചും തുടരുന്ന വൈരം അവരുടെ ചോരയില്‍ ഉള്ളതാണ്. കേരള കോണ്‍ഗ്രസ്സിലെ കലഹങ്ങളുടെ വൈകാരിക പശ്ചാത്തലത്തെക്കുറിച്ച് ഒരു വേറിട്ട വായന.


പാലായിലെ പതിനെട്ടന്മാരുടെ കഥ പ്രസിദ്ധമാണ്. പതിനെട്ടന്മാര്‍ എന്നാല്‍ പതിനെട്ടു പേരുടെ സംഘം എന്നേ അര്‍ത്ഥമുള്ളൂ. ചങ്കൂറ്റം ഏറെയുള്ളവര്‍. എന്തിനും പോരുന്നവര്‍. ഇവരുടെ ശത്രുവായാല്‍ പിന്നെ രക്ഷയില്ല. ശത്രുവിനെ പതിയിരുന്നു കൊന്നുകളയും. അതിനു വേണ്ടി സമയം കുറിച്ച് ഒളിച്ചിരിക്കും. ശത്രു അന്ന് ആ വഴി വന്നില്ലെങ്കില്‍ എല്ലാവരും കൂടിയിരുന്ന് നറുക്കിട്ട് ഒരാളെ തിരഞ്ഞെടുക്കും. ബാക്കിയുള്ളവര്‍ ചേര്‍ന്ന് അയാളെ കുത്തിക്കൊല്ലും. പതിനെട്ടാമതായി സംഘം പിന്നീടൊരാളെ ചേര്‍ക്കും. ഇതു പാലായിലെ പതിനെട്ടന്മാരുടെ ചുടുചോര മണക്കുന്ന കഥ.

പാലായിലെ വെറുമൊരു പഴങ്കഥയാണിതെന്നു പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ. അടുത്ത കാലം വരെ പാലാക്കാര്‍ക്കൊരു സ്വഭാവമുണ്ടായിരുന്നു. എളിയില്‍ എപ്പോഴുമൊരു കത്തിയുണ്ടാവും. ഒരു നീളന്‍ കത്തി. മുറുക്കാന്‍ വായിലിടാനെടുക്കുമ്പോള്‍ പാക്കു വെട്ടാനാണെന്നു ചിലര്‍ പറയും. വന പ്രദേശങ്ങളില്‍ ജീവിച്ചിരുന്നതുകൊണ്ടു കൈവന്ന സ്വഭാവമാണിതെന്നു മറ്റു ചിലര്‍ പറയും. അന്ന് എവിടെയും വിഷപ്പാമ്പുകള്‍ കാണും. ഇടവഴികളിലൂടെയും കാട്ടു വഴികളിലൂടെയും സഞ്ചരിക്കുമ്പോള്‍ വളരെ സൂക്ഷിക്കണം. അങ്ങനെ സ്വരക്ഷയ്ക്കായി എളിയില്‍ കത്തി സൂക്ഷിക്കുന്ന സ്വഭാവം പാലാക്കാര്‍ക്കും കിട്ടി. പാമ്പിനെ കണ്ടാല്‍ അടുത്തു കാണുന്ന ഒരു പത്തല്‍ വെട്ടി അടിച്ചു കൊല്ലാമല്ലോ. അത്രമാത്രം.



പക്ഷെ കത്തി കൈയിലുെണ്ടങ്കില്‍ ആര്‍ക്കും ഉശിരു കിട്ടും. എന്തടാ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഏതടാ എന്നു ചോദിക്കാനുള്ള ചങ്കൂറ്റം എപ്പോഴും പാലാക്കാര്‍ക്കുണ്ട്. ഉടനെ എളിയിലെ പിച്ചാത്തിപ്പിടിയില്‍ കൈ മുറുക്കും. പാലാക്കാരുടെ ഈ സ്വഭാവം ചുറ്റുമുള്ള പ്രദേശങ്ങളിലും കാണാം. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നു മലബാറിലേക്കും ഇടുക്കിയിലെ മലനിരകളിലേയ്ക്കും കുടിയേറിപ്പാര്‍ത്തവര്‍ ഈ തടിമിടുക്കുപയോഗിച്ചാണ് കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കി പുതിയ ജീവിതം കരുപ്പിടിപ്പിച്ചത്. മലമ്പനിയോടും മറ്റും പടവെട്ടിയും വന്യമൃഗങ്ങളെ നേരിട്ടും അവര്‍ കാട്ടില്‍ പൊന്നു വിരിയിച്ചു. മലബാറിലെ സ്വദേശികള്‍ ഇവരെ ചേട്ടന്മാര്‍ എന്നു പേടിയോടെയും ബഹുമാനത്തോടെയും വിളിച്ചു. അധ്വാനിച്ചും പോരടിച്ചും വഴക്കുകൂടിയും അവര്‍ മണ്ണ് വെട്ടിപ്പിടിച്ചു സ്വന്തമാക്കി. അവരുടെ പരുക്കന്‍ സ്വഭാവവും തന്റേടവും കണ്ട് നാട്ടുകാര്‍ ഒഴിഞ്ഞുമാറി. പറമ്പില്‍ എല്ലു മുറിയെ പണിയെടുക്കുന്ന ചേട്ടന്മാരെ അവര്‍ മാറി നിന്നു കണ്ടാസ്വദിച്ചു.

പാലാക്കാരന്‍ കരിങ്ങോഴയ്ക്കല്‍ മാണി മാണിയും ഈരാറ്റുപേട്ടക്കാരന്‍ പ്ലാത്തോട്ടത്തില്‍ ചാക്കോ ജോര്‍ജും പരസ്പരം നോക്കിനിന്ന് പോരാടുമ്പോള്‍ ആരും പതിനെട്ടന്മാരുടെ കഥ ഓര്‍ത്തുപോകും. തീ പാറുന്ന പോരാട്ടമാണ് ഇരുവരും തമ്മില്‍. ഇത് കേരളാ കോണ്‍ഗ്രസിന്റെ സ്വന്തം രാഷ്ട്രീയം.

അല്ലെങ്കിലും രാഷ്ട്രീയം അങ്ങനെയാണ്. പലര്‍ക്കും ഏറ്റുമുട്ടേണ്ടി വരുന്നത് അതുവരെ ഒപ്പം നിന്നവരോടു തന്നെയായിരിക്കും. ശത്രു സ്വന്തം പാളയത്തില്‍ത്തന്നെയാവുമ്പോള്‍ പോരാട്ടത്തിന് വീര്യം കൂടും. മൂന്നു ദശകങ്ങളോളം നീണ്ടു നിന്ന കരുണാകരന്‍ - ആന്റണി യുദ്ധം തന്നെ ഉദാഹരണം. രണ്ടു പേരും കോണ്‍ഗ്രസുകാര്‍. അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍. പക്ഷെ കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഒരു പ്രധാന അധ്യായം തന്നെയാണ് ഇവര്‍ തമ്മില്‍ നടന്ന നീണ്ട പോരാട്ടം. ഒടുവില്‍ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ മറിച്ചിട്ട് പകരം ആ കസേരയില്‍ എ.കെ.ആന്റണി കയറിയിരുന്ന ശേഷമാണ് ആ അധ്യായം ഒന്നവസാനിച്ചത്.



കേരളാ കോണ്‍ഗ്രസിലും സമാനമാണ് പോരാട്ടം. ഏറ്റുമുട്ടുന്നത് പാര്‍ട്ടി ചെയര്‍മാനും വൈസ് ചെയര്‍മാനും. ഇരുവരും അക്രമണശേഷി ഏറെയുള്ളവര്‍. അമ്പതു വര്‍ഷം കഴിഞ്ഞ രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ മാണി വെട്ടിപ്പിടിച്ച നേട്ടങ്ങള്‍ ഏറെയുണ്ട്. ഓരോന്നും പ്രത്യേകം ലക്ഷ്യം വെച്ച് കണിശതയോടെ കരുക്കള്‍ നീക്കി കൈയെത്തി പിടിച്ചെടുത്ത നേട്ടങ്ങള്‍. സ്വന്തം നാട്ടില്‍ നിന്നുപോയ കുടിയേറ്റക്കാര്‍ കാടുവെട്ടിത്തെളിച്ചും കാട്ടുമൃഗങ്ങളെ നേരിട്ടും കൃഷിഭൂമി വെട്ടിപ്പിടിച്ചതു മാതിരി. പി.സി.ജോര്‍ജും അങ്ങനെതന്നെയാണ് പാര്‍ട്ടിയില്‍ വളര്‍ന്നത്. നേതാക്കന്മാരോട് വഴക്കുകൂടിയും പലരെയും ആക്ഷേപിച്ചും ടെലിവിഷന്‍ ചാനലുകളില്‍ കയറിയിരുന്ന് അട്ടഹാസം മുഴക്കിയും ജോര്‍ജ് സ്വന്തം സ്വാധീനമേഖല വളര്‍ത്തി.

പി.ടി.ചാക്കോയുടെ നിര്യാണത്തോടെ കോണ്‍ഗ്രസിലുണ്ടായ ധ്രുവീകരണമാണ് കേരളാ കോണ്‍ഗ്രസിന്റെ രൂപീകരണത്തിനു കാരണമായത്. 1964 ഒക്ടോബര്‍ എട്ടാം തീയതി കോട്ടയം ലക്ഷ്മിനിവാസ് ഓഡിറ്റോറിയത്തില്‍ ഇ.ജോണ്‍ ജേക്കബ്, മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍, ടി.കൃഷ്ണന്‍, കെ.എം.ജോര്‍ജ്, എം.എം.ജോസഫ്, ജോസഫ് പുലിക്കുന്നേല്‍, ആര്‍. ബാലകൃഷ്ണപിള്ള തുടങ്ങിയവരൊക്കെയാണ് ആദ്യയോഗത്തില്‍ പങ്കെടുത്തവര്‍. അന്ന് കോട്ടയം ഡി.സി.സി. പ്രസിഡന്റായിരുന്ന മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍, സ്ഥാനം രാജിവെച്ച് കേരളകോണ്‍ഗ്രസ്സിലേക്കു മാറുകയായിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ കെ.എം.ജോര്‍ജ് ചെയര്‍മാനായും മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍ ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മന്നത്തു പത്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ രൂപീകരണം.

കേരളാ കോണ്‍ഗ്രസ് രൂപീകരിക്കുന്ന സമയത്ത് കെ.എം.മാണി കോട്ടയം ഡി.സി.സി. സെക്രട്ടറിയായിരുന്നു. 1965 ലെ നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് മോഹന്‍ കളത്തുങ്കല്‍ മുന്‍കൈയെടുത്ത് മാണിയെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തി മാറ്റി പാലായില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. 1965 മാര്‍ച്ച് 4 നു നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനു കിട്ടിയത് 25 സീറ്റ്. കോണ്‍ഗ്രസിന് 40-ഉം മുസ്ലീം ലീഗിന് 12-ഉം സീറ്റ് കിട്ടി. സി.പി.എമ്മിനു കിട്ടിയത് 35 സീറ്റ്. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ നിയമസഭ ചേര്‍ന്നതു പോലുമില്ല. മാര്‍ച്ച് 25 ന് സഭ പിരിച്ചുവിടുകയും ചെയ്തു.



2015 ലെത്തിനില്‍ക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ് വളരെ ക്ഷീണിച്ചിരിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 4 ന് നിയമസഭാംഗമായി അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ കെ.എം.മാണിയാവട്ടെ ആ സമയത്ത് പി.സി.ജോര്‍ജിനെ നേരിടാന്‍ പുതിയ ആയുധങ്ങള്‍ക്കു മൂര്‍ച്ച കൂട്ടുകയായിരുന്നു. ജോര്‍ജാവട്ടെ കൈയില്‍ കിട്ടുന്ന വാക്കുകളും ആരോപണങ്ങളും എടുത്തു വീശി മാണിയെ നേരിടുന്നു.

ജോര്‍ജിന് ഇതൊന്നും പുത്തരിയല്ല. 1976-79 കാലം. അന്നു പൂഞ്ഞാറില്‍ പി.ജെ.ജോസഫും പി.കെ.ദേവസ്യയുമാണ് കേരളാ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍. രണ്ടുപേരും കോളേജ് അധ്യാപകര്‍. പി.ജെ.ജോസഫ് പൊളിറ്റിക്‌സ് അധ്യാപകനും പി.കെ.ദേവസ്യ ഇക്കണോമിക്‌സ് അധ്യാപകനും. രണ്ടുപേരും രണ്ട് ഗ്രൂപ്പിന്റെ തലപ്പത്തുനിന്ന് പരസ്പരം പോരടിച്ചു. ജോസഫിന്റെ ഗ്രൂപ്പ് ഊതാണ്ട് ഗ്രൂപ്പെന്നും ദേവസ്യയുടെ ഗ്രൂപ്പ് പാറയില്‍ ഗ്രൂപ്പെന്നും അറിയപ്പെട്ടു.

പാറയില്‍ ഗ്രൂപ്പിനൊപ്പമായിരുന്നു ജോര്‍ജ്. ചരല്‍ക്കുന്നില്‍ നടന്ന ഒരു പാര്‍ട്ടി സമ്മേളനത്തില്‍ രണ്ടു ഗ്രൂപ്പും തമ്മില്‍ അടിപിടിയായി. തുടര്‍ന്ന് തിരുവനന്തപുരത്ത് എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സില്‍ ഡോ.കെ.സി.ജോസഫിന്റെ മുറിയില്‍ ചേര്‍ന്ന ഒരു യോഗത്തില്‍ ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. എം.എല്‍.എ. ആവാതെ മേലില്‍ ഇങ്ങോട്ടേക്കില്ല എന്നു ശപഥം ചെയ്ത് ഇറങ്ങിപ്പോയ ജോര്‍ജ് 1982 ല്‍ എം.എല്‍.എ. ആയ ശേഷമാണ് വീണ്ടും എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സിലെത്തിയത്.



1989 ല്‍ പി.ജെ.ജോസഫും കൂട്ടരും ഇടതു മുന്നണിയിലേയ്ക്കു ചേക്കേറിയപ്പോള്‍ ഒരു വശത്ത് പി.സി.ജോര്‍ജും മറുവശത്ത് ഡോ.കെ.സി.ജോസഫുമുണ്ടായിരുന്നു. ഇതിനിടയില്‍ വി.എസ്.അച്യുതാനന്ദനുമായി ചങ്ങാത്തം കൂടിയ ജോര്‍ജ് പി.ജെയോടുടക്കി. പ്രതിപക്ഷനേതാവായിരുന്ന അച്യുതാനന്ദന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള തത്രപ്പാടില്‍ ജോര്‍ജ് പിണറായി വിജയന്റെ ശത്രുവായി. 2006 ല്‍ വി.എസ്. മുഖ്യമന്ത്രിയായപ്പോള്‍ ജോര്‍ജ് മന്ത്രിസ്ഥാനം കൈവന്നുവെന്നു കരുതിയതാണ്. പക്ഷെ ഇടതുമുന്നണിയില്‍ നിന്നും പുറത്ത്.

അങ്ങനെ യു.ഡി.എഫിലെത്തിയ ജോര്‍ജ് പല രാഷ്ട്രീയകളികളും കളിച്ചു. നെയ്യാറ്റിന്‍കരയില്‍ സി.പി.എം നിയമസഭാംഗം ശെല്‍വരാജിനെ രാജിവെപ്പിച്ച് യു.ഡി.എഫിലേയ്ക്കു കൊണ്ടുവന്നു. പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാനൊരുങ്ങിയ പ്രത്യേക ജഡ്ജി കെ.പി.ഹനീഫയെ കെട്ടുകെട്ടിച്ചു. അവസാനം ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ നീങ്ങി. പി.ജെ.ജോസഫിനും പഴയ ജോസഫ് ഗ്രൂപ്പിലെ നേതാക്കള്‍ക്കെതിരെയും ജോര്‍ജ് തീ തുപ്പി. അവസാനം കെ.എം. മാണിക്കെതിരെ തുറന്ന പോര്. കളിച്ചു കളിച്ച് കളത്തിനുപുറത്തായ ജോര്‍ജ് ഊരിപ്പിടിച്ച കത്തിയുമായി കത്തിജ്വലിച്ചു നില്‍ക്കുന്നു.

പതിനെട്ടന്മാരുടെ കഥ പാലായിലെ പഴമക്കാര്‍ മാത്രമേ ഓര്‍ക്കുന്നുള്ളൂ. പക്ഷെ മാണി-ജോര്‍ജ് യുദ്ധം കേരളരാഷ്ട്രീയത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കുകയാണ്. കേരളാ കോണ്‍ഗ്രസിലും.
 
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -