SPECIAL NEWS
  Nov 01, 2014
പട്ടാളക്കാരും പടനീക്കവും
അഡ്വ. ടി.ബി. സെലുരാജ്‌
ഏതാനും രേഖകളിലൂടെ മലബാറിലെ ബ്രിട്ടീഷ് പടനീക്കങ്ങളെക്കുറിച്ച് നാം അന്വേഷിക്കുകയാണ്. ബോംബെയില്‍ നിന്നും പോണ്ടിച്ചേരി, മദ്രാസ് എന്നീ ഭാഗങ്ങളിലേക്കും അവിടെനിന്നും മറിച്ചും പട്ടാളക്കാര്‍ സദാസമയവും സഞ്ചരിച്ചിരുന്നു. മലബാറിലൂടെയായിരുന്നു അവര്‍ യാത്രചെയ്തിരുന്നത്. ഇത്തരം പടനീക്കങ്ങ ള്‍ക്കാവശ്യമായ ഭക്ഷണവും സഞ്ചാരസൗകര്യങ്ങളും പാര്‍പ്പിടസൗകര്യങ്ങളുമൊക്കെ തയ്യാറാക്കുന്നതില്‍ പലപ്പോഴും മലബാര്‍ കളക്ടര്‍ പരാജയപ്പെട്ടിരുന്നു. പ്രത്യേകിച്ചും ഭക്ഷണമൊരുക്കുന്ന കാര്യത്തില്‍. നാട്ടുകാര്‍ക്കെതിരെ ബലം പ്രയോഗിക്കരുതെന്ന ഒരു നിയമവും അക്കാലത്ത് നിലനിന്നിരുന്നു.
ആദ്യം ആ നിയമത്തിലേക്ക്.
പോലീസുകാരുടെ ശ്രദ്ധയ്ക്കായി മലബാര്‍ കളക്ടര്‍ ജെയിംസ് വോഗന്‍ പുറപ്പെടുവിക്കുന്ന സര്‍ക്കുലറെന്തെന്നാല്‍ പട്ടാളക്കാര്‍ കടന്നുപോകുന്ന താങ്കളുടെ പ്രവിശ്യയില്‍ താങ്കള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. താങ്കളുടെ അധികാരപരിധിയില്‍ക്കൂടി പോകുന്ന പട്ടാളക്കാര്‍ക്കും യാത്രക്കാര്‍ക്കും അത്യാവശ്യം ചെയ്തുകൊടുക്കേണ്ടുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. അവര്‍ക്കുവേണ്ട ഭക്ഷണവും പാര്‍പ്പിടവും അതുപോലെതന്നെ ഭൃത്യന്മാരെയും സംഘടിപ്പിച്ച് കൊടുക്കുക നിങ്ങളുടെ ചുമതലയാണ്. അതിനുവേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ഒരു നിയമാവലിയായി അവതരിപ്പിക്കുകയാണ് ഞാന്‍ ചെയ്യുന്നത്.
താങ്കള്‍ക്കൊരിക്കലും നാട്ടുകാരെ ബുദ്ധിമുട്ടിക്കാനവകാശമില്ലെന്നറിയിക്കട്ടെ. കോഴി, താറാവ്, മുട്ടകള്‍, പച്ചക്കറികള്‍ എന്നിവ നാട്ടുകാരില്‍ നിന്ന് സംഘടിപ്പിക്കേണ്ടത് ബലം പ്രയോഗിച്ചല്ല, മറിച്ച് അവരുടെ സ്വന്തം ഇഷ്ടപ്രകാരം നിങ്ങള്‍ക്ക് വില്‍ക്കേണ്ടവയാണെന്നോര്‍ക്കുക. മലബാറിലെ നാട്ടുകാര്‍ പ്രത്യേകിച്ച് തൊഴിലുകള്‍ ഒന്നും ഇല്ലാത്തവരാണ് എന്നോര്‍ക്കുമല്ലോ. നല്ല പെരുമാറ്റത്തിലൂടെ സ്വന്തം ഇഷ്ടപ്രകാരംതന്നെ ഭൃത്യന്മരായി അവര്‍ നിങ്ങള്‍ക്കൊപ്പം കൂടും. നിങ്ങളുടെ പെരുമാറ്റം ഹൃദ്യമായിരിക്കണമെന്നു മാത്രം. അവര്‍ക്കര്‍ഹതപ്പെട്ട വേതനം കൊടുക്കുവാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണെന്നോര്‍ക്കുക. നിങ്ങളുടേത് നല്ല പെരുമാറ്റമാണെങ്കില്‍ അവര്‍ തീര്‍ച്ചയായും അവരുടെ കാര്‍ഷിക വിഭവങ്ങള്‍ നിങ്ങളോടൊപ്പം പങ്കുവെക്കും. ബലപ്രയോഗമൊഴിവാക്കുവാനും നല്ല പെരുമാറ്റം കാഴ്ചവെക്കാനുമാണ് നാട്ടുപ്രമാണികളും മുഖ്യസ്ഥരും സര്‍ക്കാര്‍ ജീവനക്കാരും ശ്രദ്ധിക്കേണ്ടത്. കാര്‍ഷിക ഉടമകള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്കാവശ്യമായ ന്യായവില മുന്‍കൂറായിത്തന്നെ കൊടുക്കുക. ഗ്രാമത്തിലെ നാട്ടുപ്രമാണിക്കും മുഖ്യസ്ഥനുമാണ് ഇക്കാര്യത്തില്‍ താങ്കളെ സഹായിക്കുവാന്‍ കഴിയുക. കര്‍ഷകര്‍ക്ക് കാര്‍ഷിക വിഭവങ്ങള്‍ക്ക് പണം കൊടുക്കുമ്പോള്‍ ഒരു രശീതി വാങ്ങിക്കുവാന്‍ നാട്ടുപ്രമാണികളോ സര്‍ക്കാരുദ്യോഗസ്ഥരോ ഉപേക്ഷ കാണിക്കരുത്.
പട്ടാളക്കാര്‍ക്കായി ഭൃത്യരെ സംഘടിപ്പിക്കുന്ന അവസരത്തില്‍ നിലവിലുള്ള നിരക്കുപ്രകാരംതന്നെ കമാന്‍ഡിങ് ഓഫീസര്‍മാര്‍ നാട്ടുകാര്‍ക്ക് പണം കൊടുക്കേണ്ടതാണ്. ഇത് യാത്രയ്ക്ക് മുമ്പുതന്നെ നാട്ടുപ്രമാണിമാരും താലൂക്കോഫീസര്‍മാരും ശ്രദ്ധയോടെ ചെയ്തുതീര്‍ക്കേണ്ടതാണ്. യാത്രയുടെ തുടക്കത്തില്‍ പകുതിയും യാത്രയവസാനം ബാക്കി പകുതിയും കൂലി കൊടുത്തുതീര്‍ക്കേണ്ടതാണ്. ഏതൊക്കെ പച്ചക്കറി വിഭവങ്ങളാണ് വേണ്ടതെന്നും അതെത്രയ്ക്ക് വേണമെന്നും എത്ര പേരെയാണ് കൂലികളായി വേണ്ടതെന്നും മുന്‍കൂട്ടിത്തന്നെ പട്ടാളപ്പടയുടെ കമാന്‍ഡിങ് ഓഫീസര്‍ താലൂക്ക് ഓഫീസറെയോ നാട്ടുപ്രമാണിയെയോ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. അതിനായുള്ള ഫോമിന്റെ പകര്‍പ്പും ഇതോടൊപ്പം അയച്ചു തരുന്നു. ഒരു കമാന്‍ഡിങ് ഓഫീസറില്‍നിന്ന് പടനീക്കത്തെക്കുറിച്ച് അറിവു കിട്ടിയാല്‍ മുമ്പ് കടന്നുപോയ പട്ടാളവ്യൂഹത്തിന്റെ എന്തൊക്കെയായിരുന്നു ആവശ്യങ്ങളെന്ന് പരിശോധിച്ച് തയ്യാറെടുക്കാവുന്നതാണ്. അതനുസരിച്ചു വേണം ഉദ്യോഗസ്ഥര്‍ ഭൃത്യന്മാരെയും പച്ചക്കറികളും മറ്റും സംഘടിപ്പിക്കേണ്ടത്. ഈ സര്‍ക്കുലര്‍ ഉടനെ തന്നെ ഗ്രാമങ്ങളില്‍ ചെണ്ട കൊട്ടി വിതരണം ചെയ്യുക 1982 മെയ് 9.

പട്ടാളമേധാവി കളക്ടര്‍ക്ക് സമര്‍പ്പിക്കേണ്ട ഫോമിന്റെ ഒരുദാഹരണമിങ്ങനെ: ''താങ്കളുടെ പ്രവിശ്യയിലൂടെ ഞങ്ങള്‍ക്ക് കടന്നുപോകണമെങ്കില്‍ 70 കാളകളും 40 കാളവണ്ടികളും ഇരുന്നൂറോളം കൂലിക്കാരെയും സംഘടിപ്പിച്ച് തരേണ്ടതായുണ്ട്. എന്നില്‍നിന്നും എന്റെ പട്ടാളക്കാരില്‍നിന്നും മാന്യമായ പെരുമാറ്റമേ നാട്ടുകാര്‍ക്കുണ്ടാവുകയുള്ളൂ എന്ന് ഞാനുറപ്പ് നല്‍കുന്നു'' കമാന്‍ഡിങ് ഓഫീസര്‍.

ഇങ്ങനെയൊക്കെയാണെങ്കിലും ഇതൊക്കെ സംഘടിപ്പിക്കുക
എളുപ്പമായിരുന്നില്ല. പട്ടിണി കിടന്നും മറ്റുമുള്ള ദുരിതപൂര്‍ണമായ യാത്രകളായിരുന്നു മലബാറിലൂടെ പട്ടാളക്കാര്‍ നടത്തിയിരുന്നത്. മലബാര്‍ കളക്ടര്‍ 1824 മാര്‍ച്ച് 23ന് ഒരു കമാന്‍ഡിങ് ഓഫീസര്‍ക്കെഴുതിയ എഴുത്ത് നോക്കുക:
''നാട്ടുകാര്‍ക്കെതിരെ ബലപ്രയോഗം പാടില്ല എന്ന നിയമമുള്ളതുകൊണ്ട് നാട്ടുകാരെ നിര്‍ബന്ധിക്കാന്‍ എനിക്ക് കഴിയില്ല. കൂലികളാകാന്‍ സ്വയം മുന്നിട്ടിറങ്ങുന്നവരെ മാത്രമേ എനിക്ക് സംഘടിപ്പിക്കുവാന്‍ കഴിയൂ. മലബാറില്‍ കാളവണ്ടികള്‍ വളരെ കുറവാണ്. ഇക്കാര്യത്തില്‍ മലബാറുകാര്‍ക്ക് അഹങ്കരിക്കുവാന്‍ ഒന്നുംതന്നെയില്ല. പച്ചക്കറികളുടെ കാര്യവും അങ്ങനെതന്നെ. മലബാറുകാര്‍ അവര്‍ക്കാവശ്യമായ വിളവുകളുണ്ടാക്കുന്നുവെന്നല്ലാതെ മിച്ചമായി ഒന്നുംതന്നെ ഉണ്ടാക്കുന്നില്ല. നിങ്ങളുടെ യാത്രകളില്‍ 'സഞ്ചരിക്കുന്ന മാര്‍ക്കറ്റുകള്‍' കൊണ്ടുപോവുകയാണ് ഏകപോംവഴി. അതല്ലെങ്കില്‍ യാത്രയ്ക്കുമുമ്പേ കുറച്ച് സുരക്ഷിത ഭടന്മാരെ ഇങ്ങോട്ടയയ്ക്കുക. താങ്കളുടെ സൈന്യത്തിന് മംഗലാപുരത്തുനിന്ന് കോഴിക്കോട് വരെയുള്ള യാത്രശളില്‍ ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നു.''
ബേപ്പൂരില്‍ തങ്ങിയ പട്ടാളവ്യൂഹത്തിന്റെ കമാന്‍ഡിങ് ഓഫീസര്‍ പെരിയയ്ക്ക് മലബാര്‍ കളക്ടറെഴുതിയ കത്തിങ്ങനെ: ''താങ്കള്‍ക്കും പട്ടാളക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടായതായി അറിഞ്ഞതില്‍ ഖേദിക്കുന്നു. താങ്കളുടെ സൈന്യത്തില്‍ ഏഴായിരം പേര്‍ ഉണ്ടായതിനാലാണിങ്ങനെ സംഭവിച്ചത്. കോഴിക്കോട്ടുനിന്ന് താങ്കളുടെ സൈന്യത്തിനാവശ്യമായ 1500 കൂലികളെയും ഭക്ഷണ സാമഗ്രികളും സംഘടിപ്പിക്കുന്നത് എനിക്ക് കഴിയില്ലെന്നറിയിക്കട്ടെ. താങ്കളിവിടെനിന്ന് താമരശ്ശേരി ചുരംവഴിയാണ് പോകുന്നതെങ്കില്‍ ഞാനിപ്പോഴേ പറയാം ഒരൊറ്റ ഭൃത്യനെപ്പോലും എനിക്ക് സംഘടിപ്പിക്കുവാന്‍് കഴിയില്ല. അവിടെ നിലനില്‍ക്കുന്ന 'പനി'യെ ഇന്നാട്ടുകാര്‍ക്ക് പേടിയാണ്. കൊയിലാണ്ടി വഴിയാണ് മടങ്ങുന്നതെങ്കില്‍ കൊയിലാണ്ടിയോ വടകരയോ നിങ്ങള്‍ക്ക് തങ്ങുവാനുള്ള സ്ഥലമായി തിരഞ്ഞെടുക്കാം. എളാട്ടീരിയില്‍ തങ്ങരുത്. ഇവിടെ ജനവാസം കുറഞ്ഞ സ്ഥലമാണ്.'' ഒരു സൈന്യത്തില്‍ എത്ര പേ ര്‍ വരുമെന്നറിയാന്‍ 1835 ഒക്ടോബര്‍ 26ാം തിയ്യതി മലബാര്‍ കളക്ടര്‍ക്ക് കമാന്‍ഡിങ് ഓഫീസര്‍ അയച്ച ഒരു കത്ത് നോക്കാം. ''ആറ്് യൂറോപ്യന്‍ ഓഫീസേഴ്‌സ് അടങ്ങിയ 21 കുതിരകളും 21 സവാരിക്കാരുള്ളതുമായ എട്ടാം നമ്പര്‍ ലൈറ്റ് കാവല്‍റിയും 13 ആനകളും 18 ഒട്ടകങ്ങളും 11 കാളകളും 500 സാദാ പട്ടാളക്കാരുമടങ്ങിയ 20ാം നമ്പര് റെജിമെന്റും താങ്കളുടെ പ്രവിശ്യയില്‍ക്കൂടി കടന്നുപോകുന്നു. അവര്‍ക്കാവശ്യമായ ഭക്ഷണവും കൂലികളെയും സംഘടിപ്പിക്കുക.''


 


Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -