SPECIAL NEWS
  Feb 28, 2014
ഫിബ്രവരി 28
എന്‍.പി. ആഷ്‌ലി
9/11, 7/7, 26/11, 1984, 1992, 2002 - സ്‌ഫോടനങ്ങളെയും ആക്രമണങ്ങളെയും കലാപങ്ങളെയും കുറിക്കുന്ന ഈ അക്കങ്ങളില്‍ കൗതുകകരമായ ഒരു ഘടകമുണ്ട്. ആദ്യം കൊടുത്ത മൂന്ന് തീയതികളും എല്ലാ വര്‍ഷവുമുണ്ട്. അതുകൊണ്ടുതന്നെ പൊതുജനധാരണകളില്‍ അവ ശക്തമായിനില്‍ക്കും. ക്രിസ്തുവര്‍ഷം 1984-ഉം 1992-ഉം 2002-ഉം ഒരിക്കലേ ഉണ്ടാവൂ. ഓരോ വര്‍ഷവും നാം ആ സംഭവങ്ങളില്‍നിന്ന് അകന്നുപോവുകയാണ്, സംഭവം പഴമ്പുരാണമായി മാറിക്കൊണ്ടിരിക്കുകയും.

9/11 2001-ല്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ നടന്ന ആക്രമണമാണെന്നും 7/7 2005-ല്‍ ലണ്ടനിലുണ്ടായ സ്‌ഫോടനമാണെന്നും 26/11 2008-ല്‍ മുംബൈയിലുണ്ടായ ഭീകരാക്രമണമാണെന്നും ഉള്ള വിശദാംശങ്ങളെ അവഗണിച്ച് സാര്‍വകാലിക യാഥാര്‍ഥ്യങ്ങളാണെന്ന തോന്നല്‍ ഉളവാക്കുന്നതിന് സഹായിക്കുന്നത് ചാക്രികമായ, ആണ്ടുതോറും ആവര്‍ത്തിക്കുന്ന തീയതിയുടെ രൂപത്തിലുള്ള അവതരണമാണ്. 1984-ല്‍ ഡല്‍ഹിയിലും 1992-ല്‍ മുംബൈയിലും 2002-ല്‍ ഗുജറാത്തിലും നടന്ന വര്‍ഗീയകലാപങ്ങളെ രേഖീയമായ, വര്‍ഷത്തിന്റെ പേരില്‍ മാത്രം സൂചിപ്പിക്കുന്നത് അവയെ ഭൂതകാലത്തിലെ ഒരു ബിന്ദുവില്‍ നിര്‍ത്തുന്നതിനുവേണ്ടിയാണ്. അവതരണം ഓര്‍മയെത്തന്നെ മാറ്റുന്നു.

ഫിബ്രവരി 28 ഗുജറാത്ത് കലാപം തുടങ്ങിയ ദിവസമാണ്. ഈ ദിവസം വര്‍ഗീയതയുണ്ടാക്കുന്ന നഷ്ടങ്ങളുടെ ഓര്‍മദിനമായി ഫേസ്ബുക്കില്‍ ആചരിക്കപ്പെടുന്നു. 'ജീവനും സമാധാനത്തിനും നീതിക്കുമുള്ള അവകാശം' ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നടക്കുന്ന ഈ ഇന്റര്‍നെറ്റ് മീറ്റിങ് ആരംഭിച്ചത് രണ്ടുവര്‍ഷം മുമ്പ് ഗുജറാത്ത് വംശഹത്യയുടെ പത്താം വാര്‍ഷികത്തിലാണ്. ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍, എഴുത്തുകാരായ യു.ആര്‍. അനന്തമൂര്‍ത്തി, എന്‍.എസ്. മാധവന്‍, സാറാജോസഫ്, അശോക് ബാങ്കര്‍, മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍, സി.ആര്‍. പരമേശ്വരന്‍, സച്ചിദാനന്ദന്‍, സണ്ണി കപ്പിക്കാട് എന്നിവര്‍ ആദ്യവര്‍ഷം കൂട്ടായ്മയില്‍ പങ്കെടുത്തപ്പോള്‍ കഴിഞ്ഞവര്‍ഷം വീഡിയോ ഷെയറിലൂടെയും പ്രൊഫൈല്‍ ഫോട്ടോ February28 എന്നാക്കി മാറ്റിക്കൊണ്ടുമാണ് നിരവധിപേര്‍ ഈ സൈബര്‍ പരിപാടിയില്‍ പങ്കെടുത്തത്.

എന്തുകൊണ്ട് ഗുജറാത്ത്?

അസമിലെയും മുംബൈയിലെയും ഒഡിഷയിലെയും ഉത്തര്‍പ്രദേശിലെയും കലാപങ്ങളിരിക്കെ എന്തുകൊണ്ട് ഫിബ്രവരി 28 എന്ന ഗുജറാത്ത് കലാപത്തിന്റെ ദിനം ഇത്തരമൊരാചരണത്തിന് ഉപയോഗിക്കപ്പെടുന്നു? ഗുജറാത്ത് കലാപം പലനിലയ്ക്കും പ്രത്യേകമാണ്: കാല്‍നൂറ്റാണ്ടുകാലം ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും വേര്‍തിരിച്ചുമാത്രം താമസിക്കാനനുവദിക്കുന്നതിലൂടെ ഉണ്ടാക്കിയെടുത്ത ഭീതിയുടെയും വെറുപ്പിന്റെയും സംശയത്തിന്റെയും സാമൂഹിക-സാംസ്‌കാരികാന്തരീക്ഷത്തിന്റെ ക്ലൈമാക്‌സ് ആയിരുന്നു ഗുജറാത്ത്.

മറ്റ് പല കലാപങ്ങളെയും പോലെ പണം ബ്ലേഡ് പലിശയ്ക്ക് കൊടുക്കുന്നവര്‍ ചെല്ലും ചെലവും കൊടുക്കുന്ന ഗുണ്ടകളുടെ വിഹാരത്താല്‍ ക്രിമിനല്‍വത്കരിക്കപ്പെട്ട ഒരു മേഖലയിലാണ് വംശഹത്യ നടന്നതെങ്കിലും നിഷ്‌ക്രിയര്‍ മാത്രമല്ല, പങ്കാളികളാവാന്‍ പോലും മധ്യവര്‍ഗവും ഗിരിവര്‍ഗക്കാരില്‍പ്പെട്ടവരും തയ്യാറാവുന്നതരത്തില്‍ മുസ്‌ലിങ്ങളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പഠിപ്പിച്ചെടുക്കാന്‍ ഹിന്ദുത്വ വിദ്യാഭ്യാസ സംവിധാനത്തിനും പ്രചാരണപദ്ധതികള്‍ക്കും കഴിഞ്ഞിരുന്നു. രാഷ്ട്രീയ സംവിധാനം, ഉദ്യോഗസ്ഥവ്യവസ്ഥ, സാംസ്‌കാരിക വിദ്യാഭ്യാസരംഗങ്ങള്‍ എന്നിവ ഒരു സമുദായത്തെ പാഠംപഠിപ്പിക്കുക എന്ന വികാരത്തോടെ ഒരുമിച്ചുവന്നത് ഗുജറാത്തിലാണ്; പറഞ്ഞത് ചെയ്തുകാണിച്ചതിന്റെ ആദ്യത്തെ ഉദാഹരണമാണത്.

ഡല്‍ഹിയിലെ സിഖ്‌വിരുദ്ധ വികാരത്തെ ഇന്ദിരാഗാന്ധിയുടെ വധത്തെ ഒഴിവുകഴിവായി ഉപയോഗിച്ച് സിഖ് വംശഹത്യയിലേക്കെത്തിക്കുന്നതില്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയദുഷ്പ്രഭുത്വത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ഹിന്ദുത്വ പ്രീണനത്തിന്റെയും കുറ്റകരമായ പങ്ക് പരമപ്രധാനമാണെങ്കിലും 'ചോരയ്ക്ക് പകരം ചോര' എന്ന ആലോചനയ്ക്ക് ഗുജറാത്തിലേതുപോലെ പാഠപുസ്തകങ്ങള്‍ മുതല്‍ സ്വത്തുവിവരങ്ങളടക്കമുള്ള സര്‍വേ റിപ്പോര്‍ട്ടുകള്‍ വരെയുള്ള ശിക്ഷണസമ്പ്രദായത്തിന്റെ പിന്‍ബലം ഡല്‍ഹിയിലുണ്ടായിരുന്നില്ല. രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ എല്ലാ ഘടകങ്ങളും ഇങ്ങനെ മറ്റൊരു കാലപത്തിലും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല.

അഴിമതിയുടെയും അതുവഴിയുണ്ടാവുന്ന ക്രിമിനല്‍വത്കരണത്തിന്റെയും തന്‍മൂലം സംഭവിക്കുന്ന അപമാനവീകരണത്തിന്റെയും ഒരു ഘട്ടത്തില്‍ വിരുദ്ധതാത്പര്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിച്ചുണ്ടാവുന്ന അവസ്ഥയാണ് വര്‍ഗീയകലാപം എന്ന് സാമാന്യമായിപ്പറയാം. സാമുദായിക-രാഷ്ട്രീയ നേതൃത്വത്തിന്റെ അധികാരതാത്പര്യങ്ങളും മാഫിയാബന്ധങ്ങളും കാരണം കലാപങ്ങളെ തടയിടാന്‍ ഭരണകൂടങ്ങള്‍ക്ക് ശ്രമിക്കാന്‍ കഴിയാറുമില്ല (പോലീസ് സേന വേണമെന്ന് വിചാരിച്ചാല്‍ ഇന്ത്യയിലെ ഏത് കലാപവും രണ്ടുമണിക്കൂറിനുള്ളില്‍ നിയന്ത്രണാധീനമാക്കാമെന്ന് ആര്‍.ബി. ശ്രീകുമാര്‍). ഒരു മതത്തില്‍പ്പെട്ട ചിലരെ ആക്രമിച്ച് ഇല്ലാതാക്കുകയോ അതിലൂടെ ബാക്കിയുള്ളവരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുകയോ നയമായതും നടപ്പാക്കിയതും ഗുജറാത്തില്‍ മാത്രമാണ്.

2001-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദി ദേശീയശ്രദ്ധയിലേക്ക് വരുന്നത് 2002-ലെ കൂട്ടക്കൊലയിലൂടെയാണ്. പങ്കാളിത്തത്തെപ്പറ്റിയുള്ള ആരോപണങ്ങള്‍ വിട്ടുകളഞ്ഞാലും തന്റെ കെടുകാര്യസ്ഥതയുടെ പേരിലോ ആജ്ഞാശക്തിയില്ലായ്മയുടെ പേരിലോ മോദി ഇന്നോളം ഖേദം പ്രകടിപ്പിച്ചിട്ടില്ല; രാജ്യത്തോട് വിശദീകരണം നല്‍കിയിട്ടില്ല (രാജ്യത്ത് ആദ്യമായി ക്രിമിനല്‍ കേസില്‍ വിചാരണനേരിടുന്ന മുഖ്യമന്ത്രിയാണ് മോദി). ഇന്ന് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായിരിക്കാന്‍ ഗുജറാത്തിലെ വ്യാവസായിക വികസനത്തെ മാത്രം മാതൃകയായവതരിപ്പിക്കുന്ന മോദി ഗുജറാത്തിനെ ഇന്ത്യയുടെ 'ചെറുകോശം' എന്ന നിലയില്‍ത്തന്നെയാണവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിലെ ഈ പരീക്ഷണശാലാ രൂപകം വര്‍ഗീയതയെക്കുറിച്ച് സംസാരിക്കാനുള്ള സംജ്ഞകൂടിയായി ഗുജറാത്തിനെ മാറ്റുന്നുണ്ട്. മാധ്യമങ്ങളുടെ വളര്‍ച്ചയുടെ ഒരു പ്രത്യേകഘട്ടത്തില്‍ ഒരു സംസ്ഥാനതലസ്ഥാനത്ത് നടന്നതിനാല്‍ ആദ്യം ലൈവ് ആയി പ്രക്ഷേപണം ചെയ്യപ്പെട്ട, രാജ്യം 'കണ്ട' വര്‍ഗീയകലാപവും ഗുജറാത്തിലേതായതിനാല്‍ ഫിബ്രവരി 28 വര്‍ഗീയകലാപങ്ങളെക്കുറിച്ച് മനസ്സിലാക്കാനുള്ള ഒരു ശ്രമത്തിന് തുടക്കമിടാന്‍ പറ്റിയ ദിവസംതന്നെ. രാജ്യമാസകലം നടന്ന കലാപങ്ങളില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരെയും അഭയാര്‍ഥികളായി ഉഴറേണ്ടിവന്നവരെയും നീതികിട്ടാത്തവരെയും കുറിച്ച് ഓര്‍ക്കാന്‍ - അവര്‍ ഹിന്ദുവാകട്ടെ, മുസ്‌ലിമാകട്ടെ, ക്രിസ്ത്യാനിയാകട്ടെ, സിഖാവട്ടെ - ഒരു തീയതി.

നമുക്ക് ഓര്‍മിക്കുക


1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം - ഡിസംബര്‍ 6 - കേന്ദ്രമാക്കി 'നമുക്ക് മറക്കാതിരിക്കുക' എന്നൊരു പോസ്റ്റര്‍കാമ്പെയ്ന്‍ നാഷണല്‍ ഡെമോക്രാറ്റിക് (എന്‍.ഡി.എഫ്.) നടത്തിയിരുന്നത് കണ്ടിട്ടുണ്ട്. ഇരട്ട നെഗറ്റീവുകള്‍ (മറവി, ചെയ്യാതിരിക്കുക) ഉപയോഗിക്കുന്ന ഈ ആഹ്വാനം - മോശത്തെ തള്ളുന്ന രീതി (negating the negative) - സംശയത്തിന്റെയോ പ്രതികാരത്തിന്റെയോ പ്രതീതിയാണുണ്ടാക്കുന്നത് - നഷ്ടപ്പെട്ടത് ഒരു പള്ളിയാണെന്നും അത് തകര്‍ത്തതിനെയും തകര്‍ത്തവരെയും മറക്കാതിരിക്കണമെന്ന വാചകം 'നാം' എന്ന കാറ്റഗറിയെത്തന്നെ ഏകസമുദായികമാക്കുന്നുമുണ്ട്. ദുരന്തത്തോടുണ്ടാവേണ്ട ഏറ്റവും അടിസ്ഥാനപരമായ മനോഭാവം - ഇനി ഇതെവിടെയും ആര്‍ക്കും വരാതിരിക്കട്ടെ എന്ന ചിന്തയാണല്ലോ പ്രാഥമികമായി ചരിത്രബോധം. രാമജന്മഭൂമി തിരിച്ചുപിടിക്കുക എന്ന വ്യാജപ്രചാരണത്തിനായി രഥയാത്രയിലൂടെ ജാത്യാവബോധത്തെ നിരാകരിച്ച് ദേശവിരുദ്ധമായും രാഷ്ട്രത്തെ ദുര്‍ബലമാക്കുന്നതരത്തിലും നടപ്പാക്കപ്പെട്ട ബാബറി മസ്ജിദിന്റെ പൊളിക്കല്‍ ആത്യന്തികമായി ചരിത്രനിരാസം കൂടിയാണ്. കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനുള്ള നിയമപ്രക്രിയയ്ക്ക് സമാന്തരമായി ഭരണഘടനാ മൂല്യങ്ങളെ ശക്തിപ്പെടുത്താന്‍ നടക്കേണ്ട സാമൂഹിക പ്രചാരണ പരിപാടികളെ ദുര്‍ബലമാക്കുന്ന അപകടകരമായ ഇത്തരം ശ്രമങ്ങളില്‍നിന്ന് 'നമുക്ക് ഓര്‍മിക്കുക' എന്ന ആഹ്വാനത്തിനുള്ള വ്യത്യാസമെന്താണ്?

ഗുണപരമായതിനെ ഊന്നാന്‍ (asserting the positive) ഒരു വിഭാഗത്തെയും വേര്‍തിരിച്ച് അഭിസംബോധന ചെയ്യേണ്ടതില്ല; മറിച്ച് ഭൂഭാഗവും വിധിയും പങ്കിടുമ്പോള്‍ എന്നതുപോലെ ഓര്‍മയും പങ്കുവെക്കുമ്പോഴാണ് 'നാം' ഒരു ജനതയാവുന്നത്. വിവിധ വര്‍ഗീയകലാപങ്ങളെ അവയുടെ മുഴുവന്‍ രൂപങ്ങളിലും ഓര്‍മിക്കുന്നത് കലാപങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ രാഷ്ട്രവ്യവസ്ഥയിലുണ്ടാക്കുന്ന വിടവുകളെക്കുറിച്ച് (ആയിരക്കണക്കിനുപേര്‍ കൊല്ലപ്പെടുന്ന കൂട്ടക്കൊലകളില്‍നിന്ന് പത്രമാധ്യമങ്ങളില്‍ ബാക്കിയാവുന്നത് ഇരുപതോ മുപ്പതോ പേര്‍ കൊല്ലപ്പെട്ട നാലോ അഞ്ചോ കേസുകള്‍ മാത്രമാണ് - ബാക്കിയുള്ളവര്‍ അപ്രത്യക്ഷമാകുന്ന കറുത്തഗര്‍ത്തങ്ങളില്‍ രാഷ്ട്രസംവിധാനവും വീണുതകരും), ഭീതിയുടെ ഭരണം നടക്കുമ്പോള്‍ സമൂഹത്തിലുണ്ടാവുന്ന വിടവുകളെക്കുറിച്ച് (കലാപം അശക്തരെ ആക്രമിക്കുന്നുവെങ്കില്‍ ശക്തരെ പങ്കാളികള്‍ എന്ന നിലയ്ക്കും സാക്ഷികള്‍ എന്നനിലയ്ക്കും നിര്‍മാനവീകരിക്കുകയും അതിലൂടെ വ്യക്തിത്വത്തെ നശിപ്പിക്കുകയും ചെയ്യുന്നു. കലാപശേഷം ഭ്രാന്തമായ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി കൊലയും തീവെപ്പും നടത്തിയവര്‍പോലും അനിവാര്യമായത് ചെയ്തു എന്ന അര്‍ഥത്തില്‍ ന്യായീകരിക്കുകയല്ലാതെ വ്യക്തിപരമായ തീരുമാനമായി അതിനെ അവതരിപ്പിക്കാറുപോലുമില്ല) ആലോചിക്കാന്‍ വേദിയൊരുക്കുന്ന ഒരു പ്രക്രിയയാണ്. ഒരു ദുരന്തത്തെ മറ്റൊരു ദുരന്തംകൊണ്ട് അകറ്റാതിരിക്കാനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനത്തിന്റെ ഭാഗവും.

വര്‍ഗീയതയുടെ നഷ്ടങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്നിരിക്കെ എന്തിന് ഇങ്ങനെ ഒരോര്‍മദിനം? സര്‍വമത സാഹോദര്യ പ്രഘോഷണങ്ങള്‍ക്കപ്പുറം സാമൂഹികമായോ ചരിത്രപരമായോ വര്‍ഗീയതയെ മനസ്സിലാക്കാനും അവയെ പൊതുമണ്ഡലത്തിലവതരിപ്പിക്കാനുമുള്ള എത്ര ശ്രമങ്ങള്‍ ദേശീയാര്‍ഥത്തില്‍ നടന്നിട്ടുണ്ട് എന്നാലോചിക്കാവുന്നതാണ്. വ്യാവസായികനഗരങ്ങളിലും കുടിയേറിയ തൊഴിലാളികളുള്ള പ്രദേശങ്ങളിലുമാണ് കാര്യമായി കലാപങ്ങള്‍ നടന്നുകാണുന്നത്. മത, രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് രണ്ട് പ്രതികരണങ്ങളാണ് വര്‍ഗീയകലാപങ്ങളോടുള്ളത്. നിരര്‍ഥകമായ സാഹോദര്യ വിലാപമോ സംയമനാഹ്വാനമോ ആണ് ആദ്യത്തേത്. രണ്ടാമത്തേത് പഴിചാരലിന്റെതും ഭാഗംപിടിക്കലിന്റെതുമാണ്. ആദ്യത്തേത് നിഷ്ഫലവും ദുര്‍ബലവും ആത്മാര്‍ഥതാ രഹിതവുമാണെങ്കില്‍ രണ്ടാമത്തേത് അപകടകരമാണ്. രണ്ടും പിന്നീട് ഒരു കലാപമുണ്ടാകാതിരിക്കാന്‍ എന്തുചെയ്യണമെന്ന ആലോചനയിലേക്കെത്തുന്നുപോലുമില്ല. കലാപങ്ങളിലെ കുറ്റവാളികളെ നിയമസമക്ഷം കൊണ്ടുവരാന്‍ അഭിനന്ദനാര്‍ഹമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എവിടെയും ഉണ്ടാവാറുണ്ടെങ്കിലും കലാപത്തെക്കുറിച്ച് പങ്കാളികളും ഇരകളും സാക്ഷികളും അവലംബിക്കുന്ന സൗകര്യകരമായ മൗനത്തെ ചോദ്യംചെയ്യുന്ന ഒരു നീക്കവും എവിടെനിന്നും കാണാറില്ല. ആരെന്ത് വിവരക്കേട് പറഞ്ഞാലും ചര്‍ച്ചയാക്കുന്ന കേരളത്തിലെ ഒരു 24 ഃ 7 ചാനലും രണ്ടാം മാറാട് ഹിന്ദു കൂട്ടക്കൊലയ്ക്കുശേഷം മലബാറിലുണ്ടായ ഭീതിദമായ വര്‍ഗീയ ധ്രുവീകരണത്തെപ്പറ്റിയോ മാറാട്ടെ ജനങ്ങള്‍ക്കും ഭൂമിക്കും ജീവിതത്തിനും സംഭവിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റിയോ ഒരു ചര്‍ച്ചപോലും നടത്തിയിട്ടില്ലെന്ന് ഓര്‍ക്കുക.

ഡല്‍ഹിയില്‍ ജീവിക്കുന്ന ഒരാളെന്നനിലയ്ക്ക് ഞാന്‍ ഓര്‍ത്തുപോവാറുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് സിഖ് വംശഹത്യയില്‍ 3,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാള്‍ ആറുപേരെ കൊന്നു എന്നുകൂട്ടിയാല്‍ ഈ ദേശീയതലസ്ഥാനത്ത് 500 കൊലപാതകികളുണ്ട്. 500 കൊലപാതകികളുള്ള നഗരം എന്നതിനെക്കാള്‍ ഭീകരമാണ് കൊലപാതകികളേ ഇല്ലാത്ത 3000 കൊലപാതകങ്ങള്‍ എന്ന പ്രതീതി. ഇങ്ങനെ മൂര്‍ത്തമായി, കാര്യകാരണബന്ധത്തോടെ, നീതിബോധത്തോടെ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതിനെക്കാള്‍ വംശഹത്യകളെയും കൂട്ടക്കൊലകളെയും കലാപങ്ങളെയും സാമൂഹികാപകടങ്ങളായി മനസ്സിലാക്കി ഓര്‍മയില്‍നിന്ന് പുറന്തള്ളാനാണ് എല്ലാവര്‍ക്കും തിടുക്കം. അതുകൊണ്ടാണ് ഓരോ വര്‍ഷവും ഇന്ത്യയിലെ വര്‍ഗീയ കലാപലിസ്റ്റ് കൂടിക്കൊണ്ടിരിക്കുന്നത്. (2012-ല്‍ നെല്ലി, 2013-ല്‍ മുസാഫര്‍ നഗര്‍).

എല്ലാ വര്‍ഗീയകലാപങ്ങളും എപ്പോഴും സ്ത്രീവിരുദ്ധമാണ് (വര്‍ഗീയതയ്ക്ക് മതത്തോടല്ല, അധികാരത്തോടാണ് ബന്ധമെന്നും അധികാരം കൈയാളുന്ന ആണുങ്ങള്‍ക്ക് അത് നേടാനും നിലനിര്‍ത്താനും പ്രകടിപ്പിക്കാനുമുള്ള ഭ്രാന്തമായ അവസരമാണ് കലാപങ്ങളെന്നും സാറ ജോസഫ്), ജാതി യാഥാര്‍ഥ്യങ്ങളെ മൂടിവെച്ച് ദളിതരെ ഉപകരണമായോ ഇരയായോ മാത്രം കാണുന്നു എന്നതിനാല്‍ അത് ജാതീയമാണ്, മതത്തിന്റെ പേരില്‍ നശീകരണം നടത്തുന്നു എന്നതിനാല്‍ അത് മതവിരുദ്ധമാണ്, ജനതയുടെ ജീവിതപ്രശ്‌നങ്ങളെ സാമുദായികതയില്‍ മുക്കിക്കളയുന്ന മുതലാളി താത്പര്യത്തിന്റെ കൊട്ടൂരവും നിരാശാബാധിതമായ ഘട്ടമാണ് ഓരോ കലാപവും. ഈ ആലോചനകള്‍ ഒട്ടും കാല്‍പനികമല്ല, ചരിത്രബോധവും നിര്‍മാണാത്മകതയുമുള്ള രാഷ്ട്രീയത്തിന്റെ അടിപ്പടവാണ്.

വര്‍ഗീയത വിചിത്രമായ ഏതോ ഉത്തരേന്ത്യന്‍ പ്രശ്‌നമാണെന്ന് പുരോഗമനക്കാരെന്ന് സ്വയം വിശ്വസിക്കുന്ന ഏതെങ്കിലും മലയാളി ഇപ്പോഴും ധരിക്കുന്നുണ്ടെങ്കില്‍ അവര്‍ നോക്കേണ്ടത് തിരഞ്ഞെടുപ്പ് ഫലങ്ങളോ ചാനല്‍ ചര്‍ച്ചകളോ അല്ല. യൂ ട്യൂബിലും ഓണ്‍ലൈന്‍ മാഗസിനുകളിലും വരുന്ന ജുഗുപ്‌സാവഹമായ കമന്റുകളാണ്. നമ്മുടെ ഔദ്യോഗിക ബജറ്റിനേക്കാള്‍ വലിയ ഒരു കള്ളപ്പണ സമ്പദ്‌വ്യവസ്ഥ ഉണ്ട് എന്നതുപോലെ, നിരന്തരം വാര്‍ത്തനല്‍കുന്ന ചാനലുകള്‍ക്കപ്പുറം വെറുപ്പിന്റെയും ഭീതിയുടേതുമായ ഒരു ഉപസമൂഹം സ്വയം ന്യായീകരിച്ചുകൊണ്ടും മറ്റ് സമുദായങ്ങളെ വാക്കുകളാല്‍ ആക്രമിച്ചുകൊണ്ടും ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ വിഭാഗത്തിന് ആയുധം നല്‍കിയാലാണ് സ്വന്തം അധികാരം നിലനിര്‍ത്താനാവുകയെങ്കില്‍ അത് ചെയ്യില്ലെന്ന് നമ്മുടെ ഏതൊക്കെ സമുദായ-രാഷ്ട്രീയ നേതാക്കന്മാരെപ്പറ്റി നമുക്ക് ഉറപ്പുണ്ട്? മാഫിയയ്ക്ക് വിശേഷണമായി മാത്രം പറയാവുന്ന ആരോഗ്യം, വിദ്യാഭ്യാസം, മണല്‍, ഭൂമി, കള്ള് തുടങ്ങിയ പ്രവര്‍ത്തനമേഖലകള്‍ അക്രമത്തിലേക്ക് വഴുതാവുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ചുവെച്ചിട്ടുമുണ്ട്.

നമ്മുടെ ശുഭാപ്തിവിശ്വാസമല്ല, ചരിത്രബോധമാണ് നമ്മെ രക്ഷിക്കുക. അതുകൊണ്ട് നമുക്ക് ഓര്‍മിക്കുക.

 


Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -