
തിമിലയുടെ 'പത്മ'സൗന്ദര്യം
Posted on: 22 Apr 2010
ഓര്‍മകളില്‍ വസന്തം വിരിയുന്ന 41 പൂരക്കാലങ്ങള്‍. കുഴൂര്‍ നാരായണമാരാരുടെ സിദ്ധികള്‍ക്ക് രാഷ്ട്രത്തിന്റെ അംഗീകാരം ഇപ്പോഴാണ് കിട്ടുന്നത്. പക്ഷെ, പഞ്ചവാദ്യത്തിന്റെ ആരാധകര്‍ അദ്ദേഹത്തെ മനസ്സിന്റെ അംഗീകാരങ്ങളുടെ പൂമുഖത്ത് എന്നേ പ്രതിഷ്ഠിച്ചുകഴിഞ്ഞു. പത്മഭൂഷണ്‍ നേടുന്ന ആദ്യത്തെ വാദ്യകലാകാരന്‍ എന്ന ബഹുമതി കുഴൂരാശാനെ തേടിയെത്തുമ്പോള്‍ അത് തൃശ്ശൂര്‍ പൂരത്തിന്റെ വാദ്യപാരമ്പര്യത്തിനുള്ള അംഗീകാരംകൂടിയാണ്. പാറമേക്കാവ് ദേശം കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഒരിക്കല്‍കൂടി ആദരിച്ചത് ഈ നേട്ടത്തിന്റെ പശ്ചാത്തലത്തിലാണ്. ഒന്നും രണ്ടുമല്ല 41 വര്‍ഷങ്ങളാണ് അദ്ദേഹം രാത്രിപ്പൂരത്തിന്റെ പഞ്ചവാദ്യത്തില്‍ മധുരകാലങ്ങള്‍ നിരത്തിയത്. കുഴൂരിന്റെ വിരലുകള്‍ കൊട്ടിയൊരുക്കുന്ന തിമിലപ്പെരുക്കങ്ങള്‍ കേള്‍ക്കാന്‍ ദേശം കടന്നും ജനങ്ങള്‍ വന്നിരുന്നു, ദേശക്കാര്‍ ഓര്‍ക്കുന്നു. 1944 മുതല്‍ 85 വരെയാണ് അദ്ദേഹം പാറമേക്കാവിന്റെ നിരയില്‍നിന്നത്. അതില്‍ 11 വര്‍ഷം പ്രമാണം.വാദ്യകുലപതി അന്നമനട പരമേശ്വരമാരാര്‍ (സീനിയര്‍)ക്ക് ഒപ്പമാണ് അദ്ദേഹം ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചത്. പഞ്ചവാദ്യത്തിന് ഇന്നു കാണുന്ന രൂപഭംഗി പകര്‍ന്നവരില്‍ പ്രധാനിയായിരുന്നു അന്നമനട സീനിയര്‍. തന്റെ കൊട്ടിന് ശക്തിയും ചിട്ടയും സൗന്ദര്യവും നല്‍കിയത് അദ്ദേഹത്തിന്റെ കീഴിലെ ശിക്ഷണം ആണെന്ന് കുഴൂരാശാന്‍ വിശ്വസിക്കുന്നു.
കുഴൂരിന്റെ പ്രത്യേകതകളായി ആരാധകരും വാദ്യനിരൂപകരും വിലയിരുത്തുന്ന ചിലതുണ്ട്. പതിഞ്ഞ പതികാലത്തിന്റെ സൗന്ദര്യം ആണ് അതിലൊന്ന്. കാലം നിരത്തുമ്പോള്‍ അതിവേഗത്തില്‍നിന്ന് ഒരു മെല്ലപ്പോക്കിലേക്ക്. പര്‍വ്വതത്തില്‍നിന്നൊഴുകിയിറങ്ങുന്ന അരുവിപോലൊന്ന്. അതില്‍ ലയിക്കാത്തവര്‍ ഇല്ല. തൃപുടയിലെ തനിയാവര്‍ത്തനമാണ് മറ്റൊന്ന്.
അന്നമനട പീതാംബരമാരാര്‍, പുറത്തുവീട്ടില്‍ നാണുമാരാര്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതും തന്റെ പ്രതിഭയ്ക്ക് തെളിമ പകര്‍ന്നതായി അദ്ദേഹം കരുതുന്നു.
ചെറുപ്പത്തിലേ തിമിലയില്‍ പ്രാവീണ്യം തെളിയിച്ച കുഴൂര്‍, എക്കാലവും സഹകലാകാരന്മാരെ ബഹുമാനിച്ചു. മുതിര്‍ന്നവരെ അംഗീകരിച്ചു.
പാറമേക്കാവിന്റെ നിരയില്‍ ഏറ്റവും ഒടുവില്‍നിന്ന് നടുവിലേക്ക് വളരുമ്പോഴും അദ്ദേഹം വിനയത്തിന്റെ രൂപമായി നിലകൊണ്ടു. മുന്നില്‍ വന്ന പ്രമാണിപദങ്ങള്‍ പലതും അദ്ദേഹം എത്രയോവട്ടം ഒഴിവാക്കി. തന്നെക്കാള്‍ മുതിര്‍ന്നവരെ കടന്ന് പ്രമാണിയാകേണ്ടെന്ന നിലപാട് വലിയ മനസ്സിന്റെ തെളിവായി.
ഒരു കാലത്ത് മധ്യകേരളത്തില്‍ ഏറെ പ്രസിദ്ധി നേടിയ കുഴൂര്‍ ത്രയങ്ങളില്‍ നാരായണമാരാര്‍ മാത്രമാണ് വാദ്യരംഗത്തുള്ളത്. സഹോദരങ്ങളായ കുട്ടപ്പമാരാരും ചന്ദ്രന്‍ മാരാരുമായിരുന്നു മറ്റു രണ്ടു പേര്‍. ത്രയത്തിന്റെ വാദനം കേട്ടത് സ്മരണിയം. കേട്ടുകഴിഞ്ഞ പാട്ടുപോലെ, ആ പതികാലം എത്രയോ പേരെ രസിപ്പിച്ചു.
വാദനത്തിന്റെ രസത്തില്‍ ശ്രദ്ധിക്കുമ്പോഴും കുഴൂരാശാന്‍ ഒരിക്കലും കലയുടെ ഗണിതങ്ങളെ കൈവിടുന്നില്ല. വാദനത്തിന്റെ ക്രമനിബന്ധമായ സഞ്ചാരമാണ് കുഴൂര്‍ പഞ്ചവാദ്യം. ആള്‍ക്കൂട്ടങ്ങള്‍ രസിക്കുമ്പോഴും ഒരിക്കലും വിരലുവീശുന്നവര്‍ക്ക് വേണ്ടി അദ്ദേഹം തിമിലകളെ വിട്ടുകൊടുത്തില്ല.
മനസ്സിലെ ഗണിതങ്ങളാകട്ടെ, പഞ്ചവാദ്യം പഠിക്കുന്നവര്‍ക്കും തുടക്കക്കാര്‍ക്കും പാഠമാകേണ്ടതും. ഒരിടത്ത് അദ്ദേഹം ചോദിച്ചു - എത്രയാണ് സമയമെന്ന്. സംഘാടകര്‍ പറഞ്ഞത് രണ്ടര മണിക്കൂറെന്ന്. പഞ്ചവാദ്യം കലാശിക്കുമ്പോള്‍ സമയം 2 മണിക്കൂറും 29 നിമിഷവും കടന്നുപോയിരുന്നു. 85-ാം വയസ്സിലും ഈ സൂക്ഷ്മതയാണ് കുഴൂരിനെ ഉയരങ്ങളില്‍ നിര്‍ത്തുന്നത്.
കൂടെ പ്രവര്‍ത്തിച്ചവര്‍ എന്നും സ്നേഹാദരങ്ങളോടെ മാത്രം കാണുന്ന കലാകാരനാണ് കുഴൂര്‍. പല തലമുറകള്‍ക്കൊപ്പം അദ്ദേഹം തിമിലയേന്തി. പുറത്തുവീട്ടില്‍ നാണുമാരാര്‍, മകന്‍ പരയ്ക്കാട് തങ്കപ്പന്‍, അദ്ദേഹത്തിന്റെ മക്കളായ മഹേശ്വരന്‍, മഹേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചത് ഉദാഹരണം.
മദ്ദളക്കാരില്‍ തൃക്കൂര്‍ കൃഷ്ണന്‍കുട്ടി മാരാരും മകന്‍ തൃക്കൂര്‍ രാജനും ഒപ്പംകൊട്ടി. ചാലക്കുടി നാരായണന്‍ നമ്പീശനും ജൂനിയര്‍ നമ്പീശനും ഒപ്പം പ്രവര്‍ത്തിച്ചു.
10-ാം വയസ്സില്‍ കുഴൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ അരങ്ങേറിയ കുഴൂര്‍, ചൊവ്വാഴ്ച 85-ാം പിറന്നാളിനും അവിടെ പഞ്ചവാദ്യം അവതരിപ്പിക്കും. അതുകാണാന്‍ തൃശ്ശൂരില്‍നിന്ന് പൂരോത്സാഹികളും ഭാരവാഹികളും എത്തും.
കെ.ആര്‍. പ്രഹ്ലാദന്‍




