
ഗീതാദര്‍ശനം - 471
Posted on: 11 Apr 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
ഇങ്ങനെയല്ലാതെ, മനുഷ്യന് അധികപ്രാമാണ്യവും തുടര്‍ന്ന്, മനുഷ്യര്‍ക്കിടയില്‍ത്തന്നെ ചിലര്‍ക്ക് അതുല്യപ്രാമാണ്യവും കല്പിക്കപ്പെടുമ്പോള്‍ 'ആത്മാവിന്റെ കാര്യസ്ഥന്മാര്‍' ഉണ്ടാകുകയും അവര്‍ കൂടുതല്‍ 'വലിയവരാ'വുകയും ചെയ്യുന്നു. ഈ വലിയവരില്‍ ആത്മാവ് അധികമായോ വിശേഷമായോ ഉണ്ടെന്നുപോലും അവകാശവാദമുയരുന്നു. ബ്രഹ്മമെന്നാല്‍ തങ്ങളാണെന്ന് അവകാശപ്പെടുന്നവര്‍ രംഗത്തുവരുന്നത് ഇങ്ങനെയാണ്. പക്ഷേ, നേരെന്താണ് ?
സമം സര്‍വേഷു ഭൂതേഷു
തിഷ്ഠന്തം പരമേശ്വരം
വിനശ്യസ്ത്വവിനശ്യന്തം
യഃ പശ്യതി സ പശ്യതി
കണ്ടിരിക്കെ ഇല്ലാതാകുന്ന എല്ലാ ചരാചരങ്ങളിലും ഒരേപോലെ (സമതുലനാധാരമായും) പ്രതിഷ്ഠിതമായ, ഒരിക്കലും നാശമില്ലാത്ത, (ജഗത്തിനു മുഴുവനും ആശ്രയമായ) പരമമായ ഈശ്വരസത്തയെ ആര്‍ കാണുന്നുവോ അവന്‍ സത്യം കാണുന്നു.
പ്രപഞ്ചയാഥാര്‍ഥ്യം എന്തെന്ന് ആരായലാണല്ലോ സത്യാന്വേഷണം. ആകാശംപോലെ, സര്‍വത്ര സമവും മാറ്റമില്ലാത്തതുമായ ഒരു വസ്തുവിലാണ് പ്രപഞ്ചക്കാഴ്ചകളെല്ലാം ഉണ്ടായി മറയുന്നത്. ശുദ്ധശൂന്യമായ ഈ ആകാശം ഇതിനൊക്കെ എങ്ങനെ ഉറവിടമാകും ? അപ്പോള്‍, ആകാശത്തിന്റെ ശൂന്യസ്ഥിതിയെപ്പോലും അനുഭവിക്കുന്ന ഒരു ഉണ്മ ആകാശത്തിനുപോലും ആസ്പദമായി ഉണ്ടായേ തീരൂ. ആ വസ്തുവിന്റെ ആദ്യപ്രതിഭാസമായ ആകാശംതന്നെ സര്‍വത്ര സമമാണെങ്കില്‍, ആ ഉണ്മ സര്‍വത്ര സമമായി നിറഞ്ഞു നില്‍ക്കുന്നു എന്ന് വിശേഷിച്ച് പറയേണ്ടതില്ല. അതാണ് പ്രകൃതി അഥവാ, അക്ഷരമാധ്യമം. അതിനേക്കാള്‍ സൂക്ഷ്മവും അതിനും ആധാരവുമാണ് പരമാത്മാവ് അഥവാ ആനന്ദഘനമായ നിത്യവസ്തു. ആര്‍ക്കും അതിന്റെ സാന്നിധ്യം തന്റെയുള്ളില്‍ കണ്ടെത്താം. തുടര്‍ന്ന്, അത് സര്‍വത്ര സമമായി വ്യാപിച്ചിരിക്കുന്നതായി അനുഭവിക്കാം. ഉണ്ടായി നശിക്കുന്നതിനുപിന്നിലെ നിത്യസത്തയെ ഇങ്ങനെ തന്നില്‍ തെളിയിച്ചെടുക്കലാണ് സത്യദര്‍ശനം.
(തുടരും)





