githadharsanam

ഗീതാദര്‍ശനം - 470

Posted on: 09 Apr 2010

സി. രാധാകൃഷ്ണന്‍



ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം


പരമാത്മാവിനെ ആലംബമാക്കിയുള്ള പ്രകൃതിസ്​പന്ദമായാണ് ക്ഷേത്രത്തിന്റെ തുടക്കം. ഈ ഓരോ സ്​പന്ദത്തിലും അതിന് ആശ്രയമായ പരമാത്മസ്വരൂപം പ്രതിബിംബിക്കുന്നു. ഇതാണ് ജീവന്‍ അഥവാ, ക്ഷേത്രജ്ഞന്‍. ജീവന്റെ ഉത്പത്തി അന്വേഷിക്കുമ്പോള്‍ ഈ വസ്തുത മറക്കാതിരുന്നാല്‍ വളര്‍ച്ചയും പുനരുത്പാദനശേഷിയും ഇല്ലാത്തതിന് ജീവന്‍ ഇല്ല എന്ന പിഴവില്‍ കലാശിക്കില്ല. വൃക്ഷങ്ങളും ചെടികളും മണ്‍തരികള്‍പോലും ജീവനുള്ളവയാണെന്ന് ഉപനിഷത്തുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. സംഘാതങ്ങള്‍ പരിണാമഗതിയില്‍ സങ്കീര്‍ണങ്ങളാകുമ്പോള്‍ വര്‍ധമാനമാകുന്ന അഹങ്കരണം പരമാത്മസ്വരൂപമെന്ന ശുദ്ധബോധത്തെ ആവരണം ചെയ്യുന്നു. അറിവിനു തെളിമ കൈവരുത്താനുള്ള കരണങ്ങള്‍തന്നെ അതിനു മറ തീര്‍ക്കുന്നു. കരണങ്ങള്‍ ഇത്രയും വികസിച്ചിട്ടില്ലാത്ത പരിണാമരൂപങ്ങള്‍ക്ക് ജന്മസിദ്ധമായ 'ബോധം' അതേപടി നിലനിര്‍ത്താനേ കഴിയൂ.

ഈ വ്യത്യാസമൊഴികെ മനുഷ്യശരീരത്തെപ്പറ്റി പറഞ്ഞത് തരാതരഭേദത്തോടെ, പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും ബാധകമാണെന്നര്‍ഥം. എല്ലാമെല്ലാം 'സജീവ'മാണ്. പ്രപഞ്ചജീവന്‍ കൂടാതെ ചെറുകണം മുതല്‍ മഹാപ്രപഞ്ചംവരെ ഒന്നും ഉത്ഭവിക്കുന്നില്ല. ജീവനും ദേഹവും തമ്മിലുള്ള സംയോഗമാണ് എല്ലാ സൃഷ്ടികളുടെയും രഹസ്യം. അക്ഷരാതീതത്തിന്റെ (പുരുഷോത്തമന്റെ) അധ്യക്ഷതയില്‍ പ്രകൃതി ക്ഷരപ്രപഞ്ചത്തില്‍ ഉരുത്തിരിക്കുന്ന സംഘാതമാണ് ശരീരം. ഇതിന്റെ ബ്ലൂപ്രിന്റായി അക്ഷരമാധ്യമത്തില്‍ അതിലെ ദ്വന്ദ്വാധിഷ്ഠിതബലസമൂഹം നിലനിര്‍ത്തുന്ന രൂപനിര്‍മാണക്ഷേത്രമാണ് ജീവാത്മാവ്. ജീവനുള്ളതെന്നും ഇല്ലാത്തതെന്നും നാം കരുതുന്ന എല്ലാ ഉരുവങ്ങള്‍ക്കും അക്ഷരമാധ്യമത്തില്‍ രൂപനിര്‍മാണക്ഷേത്രങ്ങളുണ്ട്. ഓരോ ദേഹത്തിലെയും രൂപനിര്‍മാണക്ഷേത്രത്തില്‍, ആ ദേഹത്തിന് അനുഭവിക്കേണ്ടിവരുന്ന അവസ്ഥകളില്‍നിന്ന് പ്രകൃതി 'പാഠങ്ങള്‍ ഉള്‍ക്കൊള്ളിക്ക'യോ 'വാസനകള്‍ സ്വരൂപിപ്പിക്ക'യോ ഒക്കെ ചെയ്യുന്നു. അപ്പോഴൊക്കെയും എല്ലാ ജീവാത്മാവിന്റെയും ആശ്രയം, ആത്യന്തികവും ദ്വന്ദ്വരഹിതവും സര്‍വവ്യാപിയുമായ അക്ഷരാതീതമെന്ന ഏകീകൃതബലമാണ്.

(തുടരും)



MathrubhumiMatrimonial