തീപ്പൂരത്തിന്റെ രസതന്ത്രം

Posted on: 08 Apr 2010


മാലപ്പടക്കത്തിന്റെ ചെറുശബ്ദങ്ങളില്‍ തുടങ്ങി ഗുണ്ടുകളുടെയും അമിട്ടുകളുടെയും കുഴിമിന്നലുകളുടെയും മുഴക്കങ്ങളിലൂടെ വളര്‍ന്ന് പടരുന്ന തീമരമാണ് തൃശ്ശൂര്‍പ്പൂരത്തിന്റെ വെടിക്കെട്ട്. ചെവിയടഞ്ഞ്, കണ്ണ് ചിന്നി തരിച്ച് നില്‍ക്കുമ്പോള്‍ കരിമരുന്ന് കമ്പക്കാര്‍ പറയും 'കലക്കി!'. അവരിങ്ങനെ പറയണമെങ്കില്‍ ശക്തന്റെ തട്ടകം വിറകൊണ്ടിരിയ്ക്കണമെന്നു മാത്രം... അത് 'ഭൂമികുലുക്കി'യായാലും, 'ഗര്‍ഭംകലക്കി'യായാലും.


'രസ' കലയുടെ കൈപ്പുണ്യം


കലയുടെ രസതന്ത്രമല്ല, രസതന്ത്രത്തിന്റെ കലയാണ് വെടിക്കെട്ട്. ശബ്ദം, വെളിച്ചം, ശക്തി എല്ലാം രാസപദാര്‍ത്ഥങ്ങള്‍ മിശ്രണം ചെയ്യുന്നതിന്റെ കൈപ്പുണ്യം.

ശബ്ദത്തിന്റെ വീര്യം കൂട്ടാന്‍ വെടിക്കെട്ടിന്റെ കൂട്ടാളി പൊട്ടാസ്യം ക്ലോറേറ്റ് ആയിരുന്നു. പറഞ്ഞിട്ടെന്തുകാര്യം, അപകടകാരിയെന്ന പേരില്‍ ഇവനെ നിരോധിച്ചു. ഇപ്പോള്‍ പൊട്ടാസ്യം നൈട്രേറ്റ്. ക്ലോറേറ്റിനോളം വരില്ല നൈട്രേറ്റ്. ശബ്ദത്തിലെ കുറവ് നിറം കൊണ്ട് മറികടക്കണമെന്നാണ് പലരുടെയും നിര്‍ദ്ദേശം. എന്നാല്‍ ഈ 'മത്താപ്പൂ' കത്തിയ്ക്കല്‍ വെടിക്കെട്ടിനു പകരമാവില്ലെന്ന് കമ്പക്കാര്‍ പറയും.

വിരിയമിട്ടുകളില്‍നിന്ന് നിറങ്ങളുടെ മാലകള്‍ വീഴുന്നതു കാണാന്‍ നില്‍ക്കുന്ന 'മാനം നോക്കി' കള്‍ക്ക് ഇതും ഒരു കുടമാറ്റം. കടുംചുവപ്പ് നിറം തരുന്നത് സ്റ്റോണ്‍ഷ്യം കാര്‍ബണേറ്റ് ആണെങ്കില്‍ ഇളം ചുവപ്പിന് ലിതിയം കാര്‍ബണേറ്റ് വേണം, കാല്‍സ്യം ക്ലോറൈഡ് ഓറഞ്ചിനും സോഡിയം നൈട്രേറ്റ് മഞ്ഞയ്ക്കും ബേരിയം ക്ലോറൈഡ് പച്ചയ്ക്കും ചേര്‍ക്കുന്നു.

കോപ്പര്‍ ക്ലോറൈഡ് ചേര്‍ത്താല്‍ നീല വരും. ടൈറ്റാനിയവും അലുമിനിയവുമാണ് ഇരുട്ടില്‍ വെള്ള പടര്‍ത്തുന്നത്. എന്നാല്‍ കോളേജ് ലാബുകളിലെ കണക്കുകളല്ല വെടിക്കെട്ടുപുരകളില്‍. മേല്‍പ്പറഞ്ഞവയില്‍ പലതിനേയും കൂട്ടിച്ചേര്‍ത്ത് നിറഭേദങ്ങളുണ്ടാക്കാനാണ് അവിടത്തെ പരിശ്രമം.

പൊട്ടിത്തെറിക്കുകയും നിറങ്ങളോടെ വിടരുകയും ചെയ്യുന്നതിനിടെ ചില മൂളലുകളും മുരള്‍ച്ചകളും കേള്‍ക്കാം. മൂളികളും വാണങ്ങളുമാണ് ഇവിടെ കത്തുന്നത്. അലുമിനിയം പൗഡറും പൊട്ടാസ്യം നൈട്രേറ്റുമെല്ലാം കലരുന്നുണ്ടിവിടെ.

ഓരോ വിഭാഗവും 600ലധികം ഗുണ്ടുകളും 150 ലധികം കുഴിമിന്നലുകളുമാണ് പൊട്ടിക്കുക. കരിമ്പനയോലയില്‍ ഉണ്ടാക്കുന്ന ലക്ഷക്കണക്കിന് ഓലപ്പടക്കങ്ങള്‍ ഇവയ്ക്ക് അകമ്പടിയാവും. ചേര്‍ത്തു കെട്ടിയ പടക്കമാലകളില്‍ തീപടരുമ്പോഴാണ് കൂട്ടപ്പൊരിച്ചില്‍ ഉണ്ടാവുക. കരിമരുന്ന് മാത്രമല്ല വെടിക്കെട്ടിന്റെ ഗുണവും സ്വഭാവവും നിശ്ചയിക്കുന്നത്. പനയോലയുടെ ഉണക്ക്, കോറയുടെ കടലാസും അത് ഒട്ടിച്ചു ചേര്‍ത്തതിന്റെ ഉറപ്പും തുടങ്ങിയവയ്‌ക്കെല്ലാം പ്രാധാന്യമുണ്ട്.

മൂന്നുമാസത്തെ അധ്വാനം കൊണ്ടാണ് ഓരോ വിഭാഗത്തിനും വെടിക്കെട്ട് ഒരുക്കുന്നത്. 10ല്‍ താഴെ പേര്‍ സ്ഥിരം ജോലിക്ക് ഉണ്ടാവും. വെടിക്കെട്ട് കത്തിക്കുന്ന ദിവസം കൂടുതല്‍ പേരെ കൊണ്ടുവരും.

അണിയറയില്‍ ഇത്രയും ഒരുക്കങ്ങള്‍ നടക്കുമ്പോഴും പുറത്ത് ഇപ്പോഴും വിവാദം തുടരുന്നുണ്ട്. വെടിക്കെട്ടിന് ഇത്രയും ശക്തിവേണോ, അത് തേക്കിന്‍കാട് മൈതാനത്തില്‍ത്തന്നെ വേണോ എന്നെല്ലാം. തൃശ്ശൂരിന്റെ പൂരക്കമ്പക്കാര്‍ക്ക്, കരിമരുന്ന് കമ്പക്കാര്‍ക്ക് ഈ ചോദ്യം തന്നെ കേള്‍ക്കാനിഷ്ടമില്ല. അല്ലെങ്കില്‍ ഇവരിലൊരാളായ ഹരിദാസ് കിഴുപ്പള്ളിക്കര പറയുന്നത് ശ്രദ്ധിക്കൂ.

''ഈ വികസനവും പരിഷ്‌കാരവുമൊക്കെ വരുന്നതിനുമുമ്പ് തുടങ്ങിയതാണ് തൃശ്ശൂര്‍പൂരവും വെടിക്കെട്ടുമെല്ലാം. അതൊന്നും മാറ്റാന്‍ പറ്റില്ല. അപകടമുള്ള കാര്യങ്ങള്‍ ലോകത്ത് എന്തെല്ലാമുണ്ട്. അതെല്ലാം നിരോധിയ്ക്കാന്‍ പറ്റുമോ?''

ഇഷ്ടമുള്ളവര്‍ വെടിക്കെട്ടിനു വന്നാല്‍ മതി, അല്ലെങ്കില്‍ വീട്ടിലിരുന്നോട്ടെ എന്ന മട്ട്. ഈ കൂസലില്ലായ്മയാണ് വെടിക്കെട്ട് കാണുന്നവന്റെയും മനോഭാവം.

എം.കെ.കൃഷ്ണകുമാര്‍



MathrubhumiMatrimonial