വടക്കുംനാഥനെ വണങ്ങാനെത്തുന്ന ദേശക്കാര്‍

Posted on: 08 Apr 2010




പൂരം വന്നെത്തുമ്പോള്‍ പുറപ്പാടുകള്‍ക്ക് ദേശങ്ങളില്‍ അരങ്ങൊരുങ്ങും. വടക്കുംനാഥനെ വണങ്ങാന്‍ തട്ടകത്തെ ദൈവങ്ങളോടൊത്ത് പുറപ്പെടാന്‍ മണ്ണും മനസ്സും ഒരുക്കും ഘടകപൂരങ്ങളിലെ ഗ്രാമങ്ങള്‍. ആനയും വാദ്യങ്ങളും ആര്‍പ്പുവിളികളുമായാണ് ഗ്രാമങ്ങള്‍ വടക്കുംനാഥനെ കാണാന്‍ പൂരദിവസമെത്തുക. ഇതിനായുള്ള ഒരുക്കങ്ങള്‍ ഓരോ ഘടകക്ഷേത്രങ്ങളിലും നടക്കും.

തൃശ്ശൂരിനു ചുറ്റുമുള്ള ഗ്രാമങ്ങള്‍ എട്ട് ദേശങ്ങളായാണ് പൂരത്തിനെത്തുന്നത്. കണിമംഗലം ശാസ്താവ്, കാരമുക്ക് ഭഗവതി, അയ്യന്തോള്‍ കാര്‍ത്ത്യായനി, ചൂരക്കോട്ടുകാവ് ഭഗവതി, നൈതലക്കാവ് ഭഗവതി, ലാലൂര്‍ ഭഗവതി, പനമുക്കംപിള്ളി ശാസ്താവ്, ചെമ്പൂക്കാവ് കാര്‍ത്ത്യായനീദേവി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഗ്രാമങ്ങള്‍ നഗരത്തിലേക്ക് വരുന്നത്.

വടക്കുംനാഥനെ വണങ്ങാന്‍ ആദ്യമെത്തുന്നത് കണിമംഗലം ശാസ്താവിന്റെ ക്ഷേത്രവും ഗ്രാമവുമാണ്. കണിമംഗലം ശാസ്താവാണ് വടക്കുംനാഥന്റെ തെക്കേ ഗോപുരം ആദ്യം കടക്കുക. അതിരാവിലെ കണിമംഗലത്തുനിന്നു പുറപ്പെടുന്ന ശാസ്താവിന് കുളശ്ശേരി ക്ഷേത്രത്തില്‍ ഇറക്കിപ്പൂജയുണ്ട്. തെക്കേ ഗോപുരം വഴി കയറുന്ന ഇവര്‍ പടിഞ്ഞാറെ ഗോപുരം വഴിയാണ് പുറത്തിറങ്ങുക.



രാവിലെ ഏഴരയോടെയാണ് കണിമംഗലം ശാസ്താവ് വടക്കുംനാഥനിലെത്തുക. രാത്രി 8 മണിക്കും ശാസ്താവ് വടക്കുംനാഥനിലെത്തും.

ശാസ്താവിനു പിറകെ ചെമ്പൂക്കാവ് ഭഗവതിയാണ് ദേവനെ കാണാനെത്തുക. രാവിലെ 7 മണിയോടെ 3 ആനകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ചെമ്പൂക്കാവില്‍നിന്നു പുറപ്പെടും. എട്ടുമണിയോടെ കിഴക്കേ ഗോപുരം വഴിയാണ് ഭഗവതിയും ദേശക്കാരും ക്ഷേത്രത്തിലെത്തുക. എഴുന്നള്ളിപ്പിന് പഞ്ചാരിമേളം അകമ്പടി സേവിക്കും. രാത്രി 8.30 നാണ് ചെമ്പൂക്കാവ് ഭഗവതി വീണ്ടും വടക്കുന്നാഥനിലെത്തുക.

കാരമുക്ക് ഭഗവതിയാണ് അടുത്തതായി വടക്കുംനാഥനെ വണങ്ങാനെത്തുക. രാവിലെ 8.30 ഓടെ ഭഗവതി വടക്കുംനാഥനിലെത്തും. നാദസ്വരവും പഞ്ചവാദ്യവുമെല്ലാം എഴുന്നള്ളിപ്പിന് അകമ്പടി സേവിക്കും. പ്രധാന എഴുന്നള്ളിപ്പില്‍ ഒന്‍പത് ആനകള്‍ നിരക്കുമെങ്കിലും വടക്കുംനാഥക്ഷേത്രമതില്‍ കടക്കുക ഒരാന മാത്രമാണ്.

പനമുക്കംപിള്ളി ശാസ്താവിന്‍േറതാണ് അടുത്ത ഊഴം. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പ് 7.45ന് വടക്കുംനാഥനിലെത്തും. കിഴക്കേ ഗോപുരം വഴിയാണ് ശാസ്താവ് അകത്തുകയറുക.



പിറകെ ലാലൂര്‍ ഭഗവതിയാണ് എത്തുക. 9 മണിയോടെ ഭഗവതി വടക്കുംനാഥനിലെത്തും. രാവിലെ 6.30 നാണ് പൂരം ലാലൂരില്‍നിന്ന് പുറപ്പെടുക. എഴുന്നള്ളിപ്പില്‍ 5 ആനകളും പഞ്ചവാദ്യവും അണിനിരക്കും.

രാവിലെ 9.30 ഓടെയാണ് ചൂരക്കോട്ടുകാവിലമ്മ വടക്കുംനാഥസന്നിധിയില്‍ എത്തുക. 14 ആനകളുടെ അകമ്പടിയോടെയാണ് ദേവി എഴുന്നള്ളുന്നത്.വാദ്യമേളങ്ങളും ഉണ്ടായിരിക്കും.

അയ്യന്തോള്‍ ഭഗവതിയാണ് അടുത്തതായി വടക്കുംനാഥനിലെത്തുക. രാവിലെ പത്തുമണിയോടെയാണ് ഭഗവതി വാദ്യമേളങ്ങളോടെ ക്ഷേത്രത്തിലെത്തുക.

പതിനൊന്നു മണിയോടെ നെയ്തലക്കാവ് ഭഗവതി വടക്കുംനാഥനിലെത്തും. 7 ആനയും മേളങ്ങളുമായാണ് ഭഗവതി എത്തുക. പടിഞ്ഞാറെ ഗോപുരം വഴി കയറുന്ന ഭഗവതി തെക്കേ ഗോപുരംവഴി ഇറങ്ങും.

കെ.കെ. ശ്രീരാജ്‌



MathrubhumiMatrimonial