
ഗീതാദര്‍ശനം - 469
Posted on: 07 Apr 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
തങ്ങള്‍ക്ക് സ്വന്തമായി കാഴ്ചയില്ലാത്തവര്‍ക്കും, കണ്ണുള്ള അന്യര്‍ നോക്കി പിച്ച് പറയുന്നതു കേള്‍ക്കാന്‍ കാതുള്ള കാലം വരെ അറിവു നേടാം. ആലോചനാശേഷി കുറവാണെന്നിരിക്കില്‍, അതുള്ളവര്‍ നിരൂപിച്ചത് ഏറ്റുവാങ്ങാം. അനുഭവസ്ഥരുടെ സാക്ഷ്യം സ്വീകരിച്ച് സംശയാലുവിന് നിശ്ചയബുദ്ധി കൈവരിക്കാം. ശ്രദ്ധകൊണ്ട് മറ്റെല്ലാ പോരായ്മകളെയും മറികടക്കാമെന്നുതന്നെ. ജീവിതത്തോണിയുടെ ദിശ തിരിഞ്ഞുകിട്ടിയാല്‍ മതി. ആത്മസാക്ഷാത്കാരത്തിനുള്ള അഭിനിവേശം, നല്ല മണ്ണില്‍ വീണ വിത്തുപോലെയാണ്. ഒരിക്കല്‍ മുളപൊട്ടിക്കിട്ടിയാല്‍ വളര്‍ച്ച സ്വാഭാവികമായി നടന്നുകൊള്ളും.
മരണത്തെ അതിവര്‍ത്തിക്കുകയെന്നാല്‍ മരണമില്ലാത്തതുമായി താദാത്മ്യം പ്രാപിക്കുക എന്നര്‍ഥം.
യാവത് സംജായതേ കിഞ്ചിത്
സത്ത്വം സ്ഥാവരജംഗമം
ക്ഷേത്രക്ഷേത്രജ്ഞസംയോഗാത്
തദ്വിദ്ധി ഭരതര്‍ഷഭ
അല്ലയോ അര്‍ജുനാ, (പ്രപഞ്ചത്തില്‍ എവിടെയുമാകട്ടെ) ചലിക്കുന്നതോ ചലിക്കാത്തതോ ആയ ഏതൊരു വസ്തു ഉണ്ടാകുന്നുവോ അത് ക്ഷേത്രത്തിന്റെയും ക്ഷേത്രജ്ഞന്റെയും സംയോഗത്തില്‍നിന്നാണ് എന്നറിയുക.
'ഇദം ശരീരം' എന്നാണ് പറഞ്ഞുതുടങ്ങിയത്. മനുഷ്യശരീരത്തെപ്പറ്റിയും അതിന് അക്ഷര, അക്ഷരാതീത തലങ്ങളിലുള്ള സമാന്തര അസ്തിത്വങ്ങളെക്കുറിച്ചും പ്രതിപാദിച്ചു കഴിഞ്ഞു. അപ്പോള്‍, പ്രപഞ്ചത്തിലെ മറ്റു വസ്തുക്കളും ജീവികളുമോ ? ആ ചോദ്യത്തിനുള്ള മറുപടിയാണ് ഈ പദ്യം.
(തുടരും)





