
ഗീതാദര്‍ശനം - 468
Posted on: 06 Apr 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
മറ്റൊന്നും ആലോചിക്കാതെയും അറിയാതെയും കര്‍മങ്ങളെല്ലാം പ്രപഞ്ചത്തിന്റെ ആത്മാവിലര്‍പ്പിച്ച് ചെയ്യുന്നവരും പരമാത്മാവിനെ കാണുന്നു. പ്രകൃതിയുടെ ദ്വന്ദ്വാത്മകതയില്‍നിന്ന് ക്ഷേത്രത്തിന്റെ അന്തഃകരണം വിടുതല്‍ നേടാതെ ശരീരസംഘാതത്തിലെ ബുദ്ധിക്ക് കര്‍മഫലം ഉപേക്ഷിക്കാന്‍ കഴിയില്ല. കര്‍മങ്ങള്‍ക്ക് കൃത്യമായ ലാഭവും നഷ്ടവും നന്മയ്ക്ക് കൃത്യമായ പാരിതോഷികവും സുഖദുഃഖങ്ങള്‍ക്ക് ഭൗതികങ്ങളായ അടിസ്ഥാനങ്ങളും ബുദ്ധി ആരോപിച്ചുകൊണ്ടിരിക്കുന്നു. ഈ ഊരാക്കുടുക്ക് നിഷ്‌നപ്രയാസം തരണം ചെയ്യാനുള്ള മാര്‍ഗമാണ് കര്‍മയോഗം. തിരയുടെ ഉയരത്താഴ്ചകള്‍ പോകുന്നതോടെ അത് കടലില്‍ താനേ ലയിക്കുന്നു.
മോക്ഷത്തിനായുള്ള ശ്രമത്തില്‍, ധ്യാനവും ജ്ഞാനവും കര്‍മവും പരസ്പരാശ്രിതങ്ങളാണ്. ധ്യാനം പാടേ ഉപേക്ഷിച്ച് ജ്ഞാനമോ ജ്ഞാനം അപ്പാടെ വിട്ടുകളഞ്ഞ് ധ്യാനമോ കര്‍മം മൊത്തമായി ഉപേക്ഷിച്ച് ഇവ രണ്ടുമോ ശീലിക്കുക സാധ്യമല്ലെന്ന് സ്പഷ്ടമല്ലേ ?
ഈ മാര്‍ഗങ്ങളെക്കുറിച്ചൊന്നും വേണ്ടത്ര അറിവില്ലാത്തവര്‍ക്ക് എന്തുണ്ട് ഉപായം ?
അന്യേ ത്വേവമജാനന്തഃ
ശ്രുത്വാ ശന്യേഭ്യ ഉപാസതേ
തേ ശപി ചാതിതരന്ത്യേവ
മൃത്യും ശ്രുതിപരായണാഃ
ഇപ്രകാരം (സ്വയമേവ ചെയ്യാന്‍) അറിഞ്ഞുകൂടാത്ത മറ്റുള്ളവരാകട്ടെ അന്യരില്‍നിന്നു കേട്ട് (മനസ്സിലാക്കി) ഉപാസിക്കുന്നു. കേട്ടറിവ് പരമാശ്രയമായി കരുതുന്ന അവരും മരണത്തിന്റെ മറുകര പ്രാപിക്കുകതന്നെ ചെയ്യുന്നു.
(തുടരും)





