
ഗീതാദര്‍ശനം - 467
Posted on: 04 Apr 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
പ്രകൃതി പുരുഷന്‍തന്നെ. പ്രകൃതിയില്‍ ഒളിഞ്ഞും തെളിഞ്ഞും ഇരിക്കുന്ന കാര്യരൂപങ്ങളും പുരുഷന്‍തന്നെ. പ്രകൃതിയെന്നും പുരുഷനെന്നും വേര്‍തിരിച്ചു പറയുന്നത്, എണ്ണമറ്റ പലതു കണ്ട് ഉണ്ടാകുന്ന ആശയക്കുഴപ്പം നീക്കി അദ്വയപുരുഷനെ ചൂണ്ടിക്കാണിച്ചുതരാനുള്ള ഉപായമായി കരുതിയാല്‍ മതി.
ധ്യാനേനാത്മനി പശ്യന്തി
കേചിദാത്മാനമാത്മനാ
അന്യേ സാംഖ്യേന യോഗേന
കര്‍മയോഗേന ചാപരേ
ചിലര്‍ പരമാത്മാവിനെ ധ്യാനയോഗത്തിലൂടെ തന്നില്‍ത്തന്നെ കാണുന്നു. മറ്റു ചിലര്‍ ജ്ഞാനയോഗംകൊണ്ടും വേറെ ചിലര്‍ കര്‍മയോഗംകൊണ്ടും (പരമാത്മാവിനെ) കാണുന്നു.
പുറത്തുള്ള ഒന്നിനെ കണ്ടാല്‍ അതൊരു കാഴ്ച മാത്രം. എന്നുവെച്ചാല്‍, അതിന്റെ അസ്തിത്വം നമുക്ക് ബോധ്യപ്പെടുക മാത്രം ചെയ്യുന്നു. പക്ഷേ, നമ്മുടെ ഉള്ളിലുള്ള പരമാത്മാവിനെ നാം കാണുമ്പോള്‍ നാം അതായിത്തീരുകയാണ്. 'പശ്യന്തി' (കാണുന്നു) എന്നതിന് ഇതാണര്‍ഥം. തികഞ്ഞ ശ്രദ്ധയും അനന്യമായ ഭക്തിയുമാണ് ഇതിനു മുഖ്യമായും വേണ്ടതെന്ന് നേരത്തേ കണ്ടു.
എന്തിനെയാണ് തിരയുന്നതെന്ന കാര്യത്തില്‍ നിര്‍ഗുണോപാസകനായ ധ്യാനയോഗിക്ക് മുന്‍വിധിയില്ല. പിറന്നുവീണ പശുക്കിടാവ് അമ്മയുടെ അകിടന്വേഷിക്കുന്നപോലെ തപ്പുകയും കണ്ടെടുക്കുകയും ചെയ്യുന്നു. എന്നാല്‍, എന്തിനെയാണ് തേടുന്നതെന്ന മുന്നറിവോടെയും സാത്മീകരണശ്രമം ആകാം. അതാണ് ജ്ഞാനയോഗം. ഇവിടെയും പക്ഷേ, പരിപൂര്‍ണമായ അര്‍പ്പണമില്ലാത്ത (യാന്ത്രികമായ) അന്വേഷണം ഫലിക്കില്ല.
(തുടരും)





