githadharsanam

ഗീതാദര്‍ശനം - 466

Posted on: 04 Apr 2010

സി. രാധാകൃഷ്ണന്‍



ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം


'ദേഹേസ്മിന്‍' എന്നു നേരത്തേ പറഞ്ഞതിന്റെ തുടര്‍ച്ചയാണ് 'സര്‍വഥാ വര്‍ത്തമാനോ f പി'. ഈ ശരീരത്തിലിരിക്കെത്തന്നെ എന്നു മാത്രമല്ല, എല്ലാ തരത്തിലുമുള്ള ലൗകികകാര്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നാലും ബ്രഹ്മസാരൂപ്യം സാധിക്കാം. ഞാന്‍ ഏതു കുലത്തില്‍, നാട്ടില്‍, എക്കാലത്ത് പിറന്നെന്നോ, ആരുടെ ശിഷ്യനാണെന്നോ, എന്തു ജോലിയാണ് ചെയ്തുപോരുന്നത് എന്നോ ഒന്നും പ്രശ്‌നമേ അല്ല. നിരന്തരമായ ആത്മാനന്ദാനുഭവമാണ് സാരൂപ്യഫലശ്രുതി.

ശ്രീരാമകൃഷ്ണപരമഹംസര്‍ പറയുന്നു: ''ഒരു മുറി ആയിരം വര്‍ഷം ഇരുളടഞ്ഞുകിടന്നാലും അതില്‍ വിളക്കു തെളിയിച്ചാല്‍ ആ നിമിഷം അത് പ്രകാശിതമായിത്തീരും.''

ആനന്ദാനുഭൂതി നിരന്തരമാകണമെങ്കില്‍ ആദ്യമായി ഇല്ലാതാകേണ്ടത് മരണമെന്ന അന്ത്യമുണ്ട് എന്ന വിചാരമാണ്. ഈ വിചാരത്തിന്റെതന്നെ ഭാഗമാണ് ജനനം എന്ന തുടക്കമുണ്ട് എന്നതും. യഥാര്‍ഥത്തില്‍ ഉള്ളത് തുടങ്ങുകയോ അവസാനിക്കയോ ചെയ്യുന്നില്ല. പുരുഷന്‍ നിത്യമുക്തമായ ആദികാരണമാണ്. ആ നിരുപാധികതയ്ക്ക് ഒരു കോട്ടവും വരുത്താതെ ആണെന്നാലും പ്രകൃതി കാര്യകാരണങ്ങളാല്‍ അതിനെ മറയ്ക്കുന്നു. രൂപാന്തരങ്ങള്‍ ജനനമോ മരണമോ അല്ല. പ്രകൃതി തന്നില്‍ നിഹിതങ്ങളായ സ്ഥൂലരൂപങ്ങള്‍ വെളിപ്പെടുത്തുകയും മറയ്ക്കുകയും ചെയ്യുന്നു. ഇതൊരു തുടര്‍ക്കളിയാണ്. സൂക്ഷ്മം സ്ഥൂലമാകുന്നതോ, സ്ഥൂലം സൂക്ഷ്മമാകുന്നതോ എങ്ങനെ ജനനമരണങ്ങളാകാന്‍ ? മഹാസ്​പന്ദനദശയില്‍പ്പോലും അടിസ്ഥാനവസ്തുവിന് അണുപോലും ഏറ്റക്കുറച്ചില്‍ വരുന്നില്ല.
പ്രകൃതിയുടെ പ്രകടഭാവം വിട്ടുമാറിയാലും അതിനോ പുരുഷനോ യാതൊരു കുറവും വരുന്നില്ല. സ്ഥൂലകാര്യങ്ങള്‍ പ്രകൃതിയില്‍ ഒളിഞ്ഞിരുന്നപോലെ അപ്പോള്‍ പ്രകൃതി പുരുഷനില്‍ ഒളിഞ്ഞിരിക്കുന്നു. ഈ പുരുഷനാകട്ടെ, സനാതനസത്യമാണ്. പ്രകൃതിയും പുരുഷനും അനാദിയാണെന്ന് നേരത്തേ പറഞ്ഞത് ഇതിനാലാണ്.

(തുടരും)



MathrubhumiMatrimonial