
ഗീതാദര്‍ശനം - 465
Posted on: 02 Apr 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
ഞാന്‍ ദേഹം മാത്രമാണ് എന്ന അവിവേകം നീങ്ങിപ്പോകെ പരമാത്മപ്രഭാവം പടിപടിയായി എവ്വിധമെല്ലാം അനുഭവമാകുമെന്നുകൂടി ഈ പദ്യം വിശദമാക്കുന്നു. കാര്യാകാര്യവിവേകം ഉണ്ടാകുന്ന മുറയ്ക്ക്, ഒന്നും ചെയ്യുന്നത് യഥാര്‍ഥത്തില്‍ താനല്ലെന്നും താനൊരു സാക്ഷി മാത്രമെന്നും അനുഭവമാകും. കരണങ്ങള്‍ നിയന്ത്രണാധീനങ്ങളാകലാണ് അടുത്ത പടി. അപ്പോള്‍, താന്‍ സാക്ഷിതന്നെ എന്നാലും, തന്റെ അനുമോദനവും അനുവാദവും ലഭിച്ചാലേ കരണങ്ങള്‍ പ്രവര്‍ത്തിക്കൂ എന്ന ഘട്ടം വരും. ആത്മനിയന്ത്രണം കുറച്ചുകൂടി പുരോഗമിച്ചാല്‍, സ്വന്തം ഇച്ഛയ്ക്കനുസരിച്ചേ എപ്പോഴും കരണങ്ങള്‍ പ്രവര്‍ത്തിക്കയോ പ്രവര്‍ത്തിക്കാതിരിക്കയോ ചെയ്യൂ എന്നാവും. ഇത്രയുമായാല്‍ കാര്യകരണസംഘാതത്തിന്മേലുള്ള ഭര്‍തൃഭാവം അനുഭവിക്കാം. സമാധിയിലെത്താന്‍ കഴിവുള്ള യോഗിയുടെ സ്ഥിതിയാണ് ഇത്. തുടര്‍ന്ന് ഇടതടവില്ലാത്ത ആത്മാനന്ദാനുഭവം കിട്ടുന്നു. ഈ അര്‍ഥമെടുക്കുമ്പോള്‍ ഇതാണ് ഭോക്തൃഭാവം. (അല്ലാതെ വിഷയഭോഗാനുഭവമല്ല). പ്രപഞ്ചസീമകളും കടന്ന് നിത്യശുദ്ധമായ അദ്വയപരമാത്മാവാണ് താനെന്ന അനുഭവമാണ് സാക്ഷാത്കാരം. ദേഹവുമായി കഴിയവേതന്നെ ഈ നിലകളിലെല്ലാം ആര്‍ക്കും ആത്മാനുഭവം നേടാന്‍ സാധിക്കുമെന്നു കാണിക്കാനാണ് 'ദേഹേസ്മിന്‍' എന്നു പറയുന്നത്.
യ ഏവം വേത്തി പുരുഷം
പ്രകൃതിം ച ഗുണൈഃ സഹ
സര്‍വഥാ വര്‍ത്തമാനോ ശപി
ന സ ഭൂയോ ശഭിജായതേ
(പരമ) പുരുഷനേയും ഗുണങ്ങളോടുകൂടിയ പ്രകൃതിയേയും ഇപ്രകാരം ആര്‍ അനുഭവിച്ച് അറിയുന്നുവോ, അയാള്‍ സര്‍വപ്രകാരേണ ലോകവ്യവഹാരങ്ങളില്‍ കഴിഞ്ഞുകൂടുന്ന ആളായാലും വീണ്ടും ജനനമരണഭ്രമത്തില്‍ പെട്ടുപോകുന്നേ ഇല്ല.
(തുടരും)





