githadharsanam

ഗീതാദര്‍ശനം - 463

Posted on: 29 Mar 2010

സി. രാധാകൃഷ്ണന്‍



ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം



ഗുണങ്ങളുമായുള്ള വേഴ്ചയില്‍നിന്ന് ഉരുത്തിരിഞ്ഞ വാസനകളുടെ സന്തതിയാണ് ഈ 'ഞാന്‍'. പ്രകൃതിയുടെ ബന്ധനം മുറുകുമ്പോള്‍ വാസനകള്‍ ബലപ്പെടുകയും ശരീരസംഘാതത്തിലെ പരമാത്മസാരം അത്രയ്ക്കത്രയ്ക്ക് മറയ്ക്കപ്പെടുകയും ചെയ്യുന്നു. മറിച്ച്, പരമാത്മസാരം പ്രമുഖമാകുന്ന മുറയ്ക്ക് വാസനകളുടെ കെട്ടഴിയുന്നു. ത്രിഗുണനിര്‍വിശേഷമായ അവസ്ഥയാണ് പരമാത്മസ്വരൂപത്തിന്റെ നിജസ്ഥിതി. സമതുലിതമായ ആ സ്ഥിതിയിലെത്താനാണ് സംഘാതത്തിലൂടെ പ്രകൃതിയുടെ സ്ഥായിയായ ഉത്സാഹം.'ഞാന്‍' എന്നാല്‍ ആരാണ്, എന്താണ് ? പരമാത്മസ്വരൂപമാണോ, അതോ ആത്മസ്വരൂപം പൂര്‍ണമായും വിസ്മരിച്ചതിനാല്‍ അശാന്തനും അസ്വസ്ഥനുമാണോ ? ഇക്കാര്യം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും പരമാത്മഭാവമായി നമ്മിലുണ്ട്. അതിന്റെ കൂടെ ആനന്ദത്തിനുള്ള പ്രചോദനവുംകൂടിയുണ്ട്. ഒരാള്‍ ശാന്തനും സ്വസ്ഥനും ആകണമെങ്കില്‍ അയാള്‍ കാരണശരീരം (പരമാത്മാവ്), സൂക്ഷ്മശരീരം (പ്രകൃതിയിലെ രൂപനിര്‍മാണക്ഷേത്രം അല്ലെങ്കില്‍, ജീവാത്മാവ്), സ്ഥൂലശരീരം എന്നിങ്ങനെ ശരീരസംഘാതത്തിലുള്ള മൂന്നു തലങ്ങളെയും ഒരേപോലെ കണക്കിലെടുത്ത് ജീവിക്കേണ്ടതുണ്ട്. മൂന്നിനും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കേണ്ടതുണ്ട്.

ഇതില്‍ ഏതെങ്കിലും ഒന്ന് അവഗണിക്കപ്പെടേണ്ടതാണെന്നോ മിഥ്യയാണെന്നോ കരുതിയാല്‍ ജീവിതം അസ്വസ്ഥമാവുകയേ ഉള്ളൂ. പ്രാപഞ്ചികതയ്ക്കുനേരേ പിന്‍തിരിഞ്ഞുനില്‍ക്കുകയല്ല കാര്യം എന്നര്‍ഥം. അടങ്ങാത്ത ആര്‍ത്തിയും അടങ്ങരെയുള്ള ഉപേക്ഷയും വിരുദ്ധദ്വന്ദ്വങ്ങളുടെ പാരമ്യങ്ങളാണ്; അതിനാല്‍ വര്‍ജ്യങ്ങളും.പ്രകൃതിയില്‍നിന്നുണ്ടാകുന്ന ത്രിഗുണങ്ങള്‍ക്കനുസരിച്ച് ഒരാള്‍ മാറുമ്പോള്‍ ജീവാത്മാവ് എന്ന രൂപനിര്‍മാണക്ഷേത്രം അതനുസരിച്ച് മാറുന്നു. ആ മാറ്റങ്ങള്‍ക്കൊത്ത വേഴ്ചകളുടെ ഫലമായി പഴയ വാസനകള്‍ ബലപ്പെടുകയോ ക്ഷയിക്കയോ പുതിയ വാസനകള്‍ ഉണ്ടാവുകയോ ഒക്കെ ചെയ്യുന്നു.

മാറ്റത്തിന്റെ ദിശാമുഖം 'മേലോട്ടാ'യാലും 'താഴോട്ടാ'യാലും പിന്നെ, ആ വഴിക്കാവും പുരോഗതി. ആ പോക്കില്‍ നല്ലതോ ചീത്തയോ ആയ അനേകം ജന്മങ്ങള്‍ക്കുതകുന്ന രൂപരേഖയായി രൂപനിര്‍മാണക്ഷേത്രത്തെ (ജീവാത്മാവിനെ) പ്രകൃതി നിലനിര്‍ത്തുന്നു. ജീവന്റെ സാരാംശമായ പരമാത്മാവാകട്ടെ, എല്ലാ പരിതഃസ്ഥിതികളിലും സമവസ്ഥിതമായും സംഗരഹിതമായും ഇരിക്കയും ചെയ്യുന്നു.

(തുടരും)




MathrubhumiMatrimonial