githadharsanam

ഗീതാദര്‍ശനം - 462

Posted on: 28 Mar 2010

സി. രാധാകൃഷ്ണന്‍



ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം


സുഖദുഃഖാദികള്‍ അനുഭവങ്ങളാണ്. ഇവയ്ക്കു കളമൊരുക്കുന്നത് പ്രത്യക്ഷത്തില്‍ പ്രകൃതിതന്നെ. പക്ഷേ, അനുഭവിക്കുന്നത് ബോധസ്വരൂപനായ പുരുഷനാണ്. ഉദാഹരണത്തിന്, ഒരു ചിത്രം വരയ്ക്കാന്‍ ചായക്കൂട്ടുകളും ഉപകരണങ്ങളും കൂടാതെ കഴിയില്ല. പക്ഷേ, ചിത്രം ചിത്രകാരന്റെ സങ്കല്പവും അനുഭവവുമാണ്. ഉപാധികളും ഉപകരണങ്ങളുമില്ലാതെ ചിത്രം വരയ്ക്കാന്‍ സാധിക്കില്ലെന്നാലും ഇതൊക്കെ ഉണ്ടെങ്കില്‍ത്തന്നെ ചിത്രകാരനില്ലാതെ ചിത്രമുണ്ടാവില്ല.

സുഖദുഃഖാദി അനുഭവങ്ങള്‍ ഉണ്ടാകുന്നതിനു നിദാനമായി എല്ലാ ക്ഷേത്രങ്ങളിലുമുള്ള പുരുഷന്റെ മട്ടും മാതിരിയും മാറ്റവും ഇനി പറയുന്നു.
പുരുഷഃ പ്രകൃതിസ്ഥോ ഹി
ഭുങ്‌ക്തേ പ്രകൃതിജാന്‍ ഗുണാന്‍
കാരണം ഗുണസംഗോ ശസ്യ
സദസദ്യോനി ജന്മസു

(ഇപ്പറഞ്ഞ) പുരുഷന്‍ പ്രകൃതിയില്‍ ഇരിക്കുന്നവനായി പ്രകൃതിയില്‍നിന്നുണ്ടാകുന്ന ഗുണങ്ങളെ അനുഭവിക്കുന്നു. (ഈ) പുരുഷന് ഗുണങ്ങളുമായുള്ള വേഴ്ച നല്ലതും ചീത്തയുമായ ശരീരങ്ങളെ സ്വീകരിക്കുന്നതിനു കാരണമായി ഭവിക്കുന്നു.

പരമാത്മാവില്‍ത്തന്നെ പ്രതിഷ്ഠിതമായ പ്രകൃതിയില്‍ പരമാത്മപ്രഭാവം പ്രകടമാകുന്നത് വേറിട്ടെന്നപോലെ ഇരിക്കുന്ന ശരീരസംഘാതമായാണ്. പ്രപഞ്ചജീവന്‍ പ്രകൃതിയുടെ ഗുണങ്ങളെ അനുഭവിക്കുന്നു. സംഘാതത്തിന്റെ സാരാംശമായ പരമാത്മാവിനെ ഇന്ദ്രിയാധിഷ്ഠിതമായ അനുഭവങ്ങള്‍ മറയ്ക്കുന്നു. കര്‍ത്തൃത്വബോധം ഉരുത്തിരിയുന്നു. വിഭ്രാമകമായ ഒരു 'ഞാന്‍' വേറിട്ടുണ്ടാകുന്നു. താനാണ് ക്ഷേത്രജ്ഞന്‍ എന്ന് ഈ 'ഞാന്‍' തെറ്റായി ധരിക്കുന്നു.
(തുടരും)



MathrubhumiMatrimonial