
ഗീതാദര്‍ശനം - 461
Posted on: 25 Mar 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
പുരുഷന്‍ എന്നാല്‍ പുരുഷോത്തമന്‍. പ്രകൃതി എന്നാല്‍ പരാപ്രകൃതി അഥവാ, അക്ഷരമാധ്യമം. രണ്ടും അടിസ്ഥാനപരമായി ഒന്നുതന്നെയാണ്; വേറിട്ടപോലെ ഇരിക്കുന്നെന്നു മാത്രം. ഇവയുടെ ഇടപഴകലാണ് പ്രപഞ്ചസൃഷ്ടിയുടെ നിദാനം. ഈ ഇടപഴകലില്‍ ഓരോന്നിന്റെയും മുറ വേര്‍തിരിച്ചു പറയുന്നത് പ്രപഞ്ചരഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ പഴുതുണ്ടാക്കാനാണ്.
പുരുഷനില്‍നിന്നു പ്രകൃതി സ്പന്ദിച്ചുയര്ന്നാല് സ്വാഭാവികമായും അത് പ്രപഞ്ചമെന്ന അനുഭവത്തിനു രൂപം നല്കുന്നു. ഈ അനുഭവത്തെ കാര്യമെന്നും കരണമെന്നും രണ്ടായി തിരിക്കാം. പഞ്ചഭൂതങ്ങളും അവയുടെ ശബ്ദസ്പര്‍ശരൂപരസഗന്ധങ്ങളെന്ന തന്മാത്രകളും ഇവ കൂടിച്ചേര്‍ന്നുണ്ടാകുന്ന വ്യക്തിശരീരങ്ങളുമാണ് കാര്യങ്ങള്‍. ഈ കാര്യങ്ങളെ അനുഭവിക്കാന്‍ പുരുഷനുള്ള ഉപകരണങ്ങളാണ് കരണങ്ങള്‍. (ഇവയും വാസ്തവത്തില്‍ പഞ്ചഭൂതകാര്യങ്ങള്‍തന്നെ. അനുഭവരംഗത്തെ 'റോളു'കളുടെ അടിസ്ഥാനത്തില്‍ കരണങ്ങളെന്ന പേരില്‍ വേര്‍തിരിക്കുന്നു.)
ജ്ഞാനേന്ദ്രിയങ്ങള്‍ വിഷയങ്ങളെ അറിയുന്നു. മനസ്സ് വിഷയസ്വഭാവം സങ്കല്പിക്കുന്നു, ബുദ്ധി നിശ്ചയിക്കുന്നു. കര്‍മേന്ദ്രിയങ്ങള്‍ അതനുസരിച്ച് പെരുമാറുന്നു. അഹങ്കാരരൂപത്തില്‍ പ്രതിഫലിച്ചുനിന്നുകൊണ്ട് പുരുഷന്‍ അവയെ അനുഭവിക്കുന്നു. ജ്ഞാനേന്ദ്രിയങ്ങള്‍ മുതലായ പതിമ്മൂന്നെണ്ണവും ഈ അനുഭവത്തിനായുള്ള ഉപകരണങ്ങളാണ്. അതുകൊണ്ട് അവയെ കരണങ്ങള്‍ എന്നു വിളിക്കുന്നു.
കാര്യങ്ങളും കരണങ്ങളും പ്രകൃതിയുടെ നേരിട്ടുള്ള പരിണാമങ്ങളാണ്. ഇത് എങ്ങനെയെന്ന് ഈ അധ്യായത്തിലെ ആറാമത്തെയും ഏഴാമത്തെയും ശ്ലോകങ്ങളില്‍ വിസ്തരിച്ചുകണ്ടു. ഇവയെ രൂപപ്പെടുത്തുന്നതില്‍ പ്രകൃതിക്കാണ് പ്രാധാന്യം എന്നു പറയുന്നത് അതിനാലാണ്.
(തുടരും)





