
ഗീതാദര്‍ശനം - 459
Posted on: 24 Mar 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
'ആനയെ അറിഞ്ഞാല്‍ ആനയാകുമോ?' എന്ന സംശയം വരാം. ആവില്ല. ഇവിടെ പക്ഷേ, അറിയുന്നത് പുറമെയുള്ള ഒരു കാര്യത്തെ അല്ല, നമ്മെത്തന്നെയാണ്. നമ്മുടെയുള്ളില്‍ ഒരു ആനയാണ് വാസ്തവത്തില്‍ ഉള്ളതെങ്കില്‍ നമുക്ക് അതായിത്തീരാം ! പ്രപഞ്ചത്തിന്റെ ആത്യന്തികസത്ത എന്ന ഉണ്മയെയാണ് ഉള്ളില്‍ കാണുന്നതെങ്കില്‍ അതായും തീരാം. അങ്ങനെയെങ്കില്‍, സര്‍വവ്യാപിയായ പരമാത്മാവിനെപ്പറ്റി എല്ലാരും സ്വയമേവ ഒരുപോലെ അറിയുകയല്ലേ സ്വാഭാവികമായി വേണ്ടത് ? എന്തുകൊണ്ട് പലരും വികാരവിചാരങ്ങളുടെ കാര്യത്തില്‍ പല തട്ടുകളിലായിപ്പോകുന്നു ?
പ്രകൃതിം പുരുഷം ചൈവ
വിദ്ധ്യനാദീ ഉഭാവപി
വികാരംശ്ച ഗുണാംശ്ചൈവ
വിദ്ധി പ്രകൃതിസംഭവാന്‍
പ്രകൃതിയും അതുപോലെ പുരുഷനും രണ്ടും അനാദിയാണെന്ന് അറിയുക. വികാരങ്ങളും ഗുണങ്ങളുമൊക്കെ പ്രകൃതിയില്‍നിന്ന് ഉണ്ടായവയാണെന്നും അറിയുക.
ഗീതയിലെ പ്രപഞ്ചശാസ്ത്രപ്രകാരം പ്രപഞ്ചത്തില്‍ മൂന്നു തലങ്ങള്‍ ഉണ്ടെന്ന് നേരത്തേ പറഞ്ഞല്ലോ. ഏകീകൃതബലമായ പരംപൊരുളാണ് ഒന്ന്. ഇതു പുരുഷോത്തമന്‍. പുരുഷോത്തമന്റെ ഭാവാന്തരമായി പുരുഷോത്തമനില്‍ത്തന്നെ നിലകൊള്ളുന്ന ദ്വന്ദ്വാധിഷ്ഠിതമാധ്യമമാണ് പരാപ്രകൃതി അഥവാ അക്ഷരമാധ്യമം. ഈ പ്രകൃതിയുടെ നശ്വരോത്പന്നം ക്ഷരപ്രപഞ്ചം, അഥവാ ദൃശ്യപ്രപഞ്ചം. പുരുഷോത്തമന്‍ സര്‍വവ്യാപിയായ സമതുലനാധാരവും (point of equilibrium) ഊര്‍ജബീജവുമായി (seeding energy) വര്‍ത്തിക്കുന്നു. (സയന്‍സും ആധ്യാത്മികതയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായ്ച്ചുകൊണ്ടുള്ള ഈ ലളിതമായ ചിത്രത്തില്‍നിന്ന് ഒരു വിഷമവുമില്ലാതെ എല്ലാ പ്രപഞ്ചപ്രതിഭാസങ്ങളെയും യുക്തിയുക്തം നിര്‍ധാരണം ചെയ്യാം.)
(തുടരും)





