githadharsanam

ഗീതാദര്‍ശനം - 458

Posted on: 23 Mar 2010

സി. രാധാകൃഷ്ണന്‍



ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം


പരംപൊരുളിനെ ഏകീകൃതബലം (unified force) എന്നു വിളിക്കാം. അതാണ് വെളിച്ചത്തിനും ഇരുളിനുമപ്പുറത്തെ വെളിച്ചമായ അടിസ്ഥാനം. അറിയാനുള്ളതും അറിവും അറിവിലൂടെ പ്രാപിക്കാനുള്ളതും അതാണ്. ഇത്രയും കടങ്കഥകള്‍ ചോദിച്ച് ഉത്തരം കാണാന്‍ നമ്മെ പ്രേരിപ്പിച്ച് അവസാനം, ഈ പദ്യത്തില്‍, ഒരു ഫൈനല്‍ ക്ലൂകൂടി തരുന്നു: പരമാത്മാവ് എല്ലാ ചരാചരങ്ങളുടെയും ഹൃദയത്തില്‍ (വിശേഷേണ) ഇരിക്കുന്നു. എല്ലാടത്തുമുണ്ടെന്നിരിക്കെ ഹൃദയത്തിലുണ്ട് എന്ന് പ്രത്യേകമെന്തിനു പറയുന്നു ? നമുക്ക് അന്വേഷിക്കാന്‍ ഏറ്റവും സൗകര്യമുള്ളിടം നമ്മുടെ സ്വന്തം ഹൃദയമായതുകൊണ്ടുതന്നെ. അവിടെ പരമാത്മാവിനെ കണ്ടെത്തിയാല്‍ അവിടന്ന് എല്ലായിടത്തേക്കും ആ കാഴ്ച വികസിപ്പിക്കാനും എളുപ്പമായി. മൂക്കത്തിരിക്കുന്ന കണ്ണട തിരഞ്ഞു കണ്ടെടുക്കാന്‍ ലോകമെല്ലാടവും തപ്പിനടക്കുകയെന്ന മണ്ടത്തരം പറ്റരുതല്ലോ !
ഇതി ക്ഷേത്രം തഥാ ജ്ഞാനം
ജ്ഞേയം ചോക്തം സമാസതഃ
മദ്ഭക്ത ഏതദ്വിജ്ഞായ
മദ്ഭാവായോപപദ്യതേ
ക്ഷേത്രം, ജ്ഞാനം, ജ്ഞേയം എന്നിവയെപ്പറ്റി ഇങ്ങനെ ചുരുക്കിയും വ്യക്തമായും പറഞ്ഞുകഴിഞ്ഞു. ഇത്രയും അനുഭവജ്ഞാനമായാല്‍, എന്നെ ഗാഢമായി തിരയുന്ന ഭക്തന് എന്റെ സ്ഥിതിയില്‍ എത്തിച്ചേരാവുന്നതാണ്. പരമാത്മസാരൂപ്യത്തിന് ഭക്തന്‍ അര്‍ഹനാകുന്നത് അനുഭവമാനമുള്ള അറിവിലൂടെയാണ്. എന്തിനോടെന്നില്ലാത്ത ഭക്തി ലക്ഷ്യമില്ലാത്ത യാത്രപോലെയാണ്. അതിനാല്‍, അറിയാനുള്ളതിനെക്കുറിച്ച് ആവശ്യമായ ജ്ഞാനം ഇതാ, സംക്ഷിപ്തമായെന്നാലും വ്യക്തമായി, പറഞ്ഞു തന്നു.'യാതൊരുവനാണോ ആ പരമമായ ബ്രഹ്മത്തെ അറിയുന്നത് അവന്‍ ബ്രഹ്മംതന്നെ ആയിത്തീരുന്നു... അവന്‍ ദുഃഖത്തെ തരണം ചെയ്യുന്നു. പാപത്തെ തരണം ചെയ്യുന്നു. ഹൃദയത്തിന്റെ കെട്ടുപാടുകളില്‍നിന്ന് മുക്തനായി മരണമില്ലാത്തവനായി ഭവിക്കുന്നു.' ('സ യോഹ വൈ തത് പരമം ബ്രഹ്മം വേദ .... വിമുക്തോ മൃതോ ഭവതി'- മുണ്ഡകോപനിഷത്ത്, 3-2-9.)

(തുടരും)



MathrubhumiMatrimonial