githadharsanam

ഗീതാദര്‍ശനം - 457

Posted on: 21 Mar 2010

സി. രാധാകൃഷ്ണന്‍



വിശ്വരൂപ ദര്‍ശനയോഗം


ജ്യോതിഷാമപി തജ്ജ്യോതിഃ
തമസഃ പരമുച്യതേ
ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം
ഹൃദി സര്‍വസ്യ വിഷ്ഠിതം

(സൂര്യന്‍ മുതലായ) പ്രകാശകേന്ദ്രങ്ങളെപ്പോലും പ്രകാശിപ്പിക്കുന്ന ജ്യോതിസ്സായ അതിനെ തമസ്സിനും അപ്പുറമുള്ളതെന്നു പറയുന്നു. അറിയാനുള്ളതും അറിവും അറിവിലൂടെ പ്രാപിക്കാനുള്ളതും അതുതന്നെ. അത് എല്ലാ (ചരാചരങ്ങളുടെ) ഹൃദയങ്ങളിലും സ്ഥിതി ചെയ്യുന്നു.

ധ'ധിഷ്ഠിതം' എന്ന് പാഠഭേദം. അപ്പോള്‍, (സകല പ്രാണികളുടെയും ഹൃദയത്തിന്) അധിഷ്ഠാനമായി സ്ഥിതി ചെയ്യുന്നു എന്നര്‍ഥം.പ
കണ്ണുണ്ടെങ്കിലും കാണാന്‍ വെളിച്ചം വേണം. അതുപോലെ, നമ്മുടെ വികാരവിചാരങ്ങളെ കാണാനും അകത്തൊരു വെളിച്ചം വേണം. ആ വെളിച്ചം ആത്മാവിന്റെയാണ് എന്നതിനാല്‍, വേദസൂക്തങ്ങളിലും മറ്റും പ്രകാശസ്വരൂപന്‍ എന്ന നിലയിലാണ് ഈശ്വരനെ സങ്കല്പിക്കുന്നത്. പക്ഷേ, പരമാത്മാവ് ഇരുളിനെയും വെളിച്ചത്തെയും ഒരുപോലെ 'പ്രകാശിപ്പിക്കുന്നു'. വൈരുധ്യാത്മകമാണ് ഇരുളും വെളിച്ചവും തമ്മിലുള്ള ബന്ധം. നിഴല്‍ അതിന്റെ ജനനത്തിന് വെളിച്ചത്തോടും വെളിച്ചം അതിന്റെ തെളിമയ്ക്ക് ഇരുളിന്റെ വലയത്തോടും കടപ്പെടുന്നു. പരംപൊരുളിന് വൈരുധ്യാത്മകതയില്ല. അതിനാലത് ഇരുളും വെളിച്ചവും, രണ്ടും, എവിടന്നുണ്ടാകുന്നുവോ അവിടമാണ്. (അറിവിനെ വെളിച്ചമായും അറിവില്ലായ്മയെ ഇരുട്ടായും സങ്കല്പിക്കുമ്പോഴും പരമാത്മാവിന്റെ 'പ്രകാശ'ത്തെ ഇതു രണ്ടിനെയും വെളിപ്പെടുത്തുന്ന ഒന്നായി അറിയണം.)

ആധുനിക പ്രപഞ്ചവിജ്ഞാനീയത്തില്‍ നമുക്കിപ്പോള്‍ പ്രകാശത്തിന്റെ എന്നപോലെ ഇരുളിന്റെയും പ്രഭവകേന്ദ്രങ്ങളുണ്ട്. ചില കേന്ദ്രങ്ങള്‍ ഊര്‍ജപ്രസരം(radiation of energy)നടത്തുന്നത്രതന്നെ ഉഷാറായി മറ്റു ചില കേന്ദ്രങ്ങള്‍ ഊര്‍ജത്തെ ആഗിരണം (absorption) ചെയ്യുന്നു. തമോഗര്‍ത്തങ്ങള്‍ (black holes) എന്നു വിളിക്കപ്പെടുന്ന ഇവ ഇരുളിനെ പ്രസരിപ്പിക്കുന്നു എന്നു പറയാം. ഇതിനും പുറമെ ഇരുണ്ട ഊര്‍ജമെന്നും (dark energy) ഇരുണ്ട ദ്രവ്യമെന്നും (dark matter)'തമസ്സി'ന് അധികമാനങ്ങള്‍ (additional dimensions) കൈവന്നിരിക്കുന്നു. ഏകീകൃതബലം (unified force) ഇരുളിനും വെളിച്ചത്തിനും ഒരുപോലെ ഉത്പത്തിസ്ഥാനമാണ്. (പക്ഷേ, അവ്യക്തമാധ്യമത്തില്‍, അതിന്റെതന്നെ സ്​പന്ദക്രിയയ്ക്കിടെ സംഭവിക്കുന്ന സാന്ദ്രതാവ്യത്യാസങ്ങളുടെ വൈരുധ്യാത്മകപ്രകടനങ്ങളായി അടിസ്ഥാനബലങ്ങളെ (fundamental forces)കണക്കാക്കി അവയെ ഏകീകരിക്കാന്‍ മതിയായ കാഴ്ചപ്പാടിലേക്ക് ഭൗതികശാസ്ത്രം (physics)ഇപ്പോഴും എത്തിയിട്ടില്ല.)

(തുടരും)



MathrubhumiMatrimonial