
ഗീതാദര്‍ശനം - 456
Posted on: 18 Mar 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
(സര്‍വവ്യാപിയായ അവ്യക്തമാധ്യമമെന്ന സത്തയെ മനസ്സിലാക്കിയാല്‍ ഇത് ഗ്രഹിക്കാന്‍ എളുപ്പമാണ്. ശൂന്യസ്ഥലി എന്നറിയപ്പെടുന്ന സ്‌പെയ്‌സ് വാസ്തവത്തില്‍ 'ശൂന്യം' അല്ല. എല്ലായിടത്തും അവ്യക്തമാധ്യമം അഥവാ, വൈരുധ്യാത്മകമായ പ്രകൃതി നിറഞ്ഞുനില്‍ക്കുന്നു. പ്രപഞ്ചമഹാസ്പന്ദത്തിന്റെ അനുരണനങ്ങളായി അതില്‍ ഉണ്ടാകുന്ന അതിന്റെതന്നെ സ്പന്ദങ്ങളുടെ കൂട്ടായ്മയാണ് ദ്രവ്യം (Matter). ഇത്തരം സ്പന്ദങ്ങളോ അവയുടെ കൂട്ടായ്മകളോ ഇല്ലാത്ത അവ്യക്തമാധ്യമസ്ഥലികളെയാണ് 'ശൂന്യം' എന്നു വിളിക്കുന്നത്. ദ്രവ്യം സ്‌പെയ്‌സിലൂടെ നീങ്ങുമ്പോള്‍ സ്പന്ദമെന്ന ക്രിയ മാത്രമാണ് ചലിക്കുന്നത്. അവ്യക്തമാധ്യമം നീങ്ങുന്നില്ല. ക്ഷരപ്രപഞ്ചത്തിലെ ഇത്തരം സ്പന്ദങ്ങളുപയോഗിച്ച് അവ്യക്തമാധ്യമത്തിനെ നിര്‍വചിക്കാനോ തെളിവുസഹിതം സ്ഥാപിക്കാനോ സയന്‍സിനു കഴിയാത്തതിനാല്‍ അത് സയന്‍സിന് 'പിടികിട്ടാപ്പുള്ളി'യായി നില്‍ക്കുന്നു. ഊര്‍ജപ്രസരങ്ങളെല്ലാം 'നില്പുറയ്ക്കാത്ത' സ്പന്ദങ്ങളാണ്. ദ്രവ്യത്തിലുള്ളത് സ്ഥൈതിക ഊര്‍ജമാണെങ്കില്‍ (potential energy) ഊര്‍ജപ്രസരത്തിലേത് ഗതീയ ഊര്‍ജമാണെന്നേ (kinetic energy) ഉള്ളൂ. പ്രപഞ്ചമഹാസ്പന്ദം കാരണം അവ്യക്തമാധ്യമത്തിന്റെ 'സാന്ദ്രത' വ്യത്യാസപ്പെടുമ്പോള്‍ അതിലെ അനുരണനസ്പന്ദങ്ങളുടെ ആയുസ്സിന്റെയും കൂട്ടായ്മകളുടെയും നിയാമകതത്ത്വങ്ങള്‍ മാറും. അതിനാല്‍, തുടരെത്തുടരെ പഴയതെല്ലാം വിലയിച്ചുപോകും, പുതിയ ജനുസ്സുകള്‍ പിറക്കും. പ്രപഞ്ചമഹാസ്പന്ദത്തിന്റെ ആവൃത്തി പൂര്‍ത്തിയാകുമ്പോള്‍ സ്ലേറ്റ് മൊത്തമായി മായ്ക്കപ്പെടുകയും ചെയ്യും.)
പ്രകാശത്തെയും അതിന്റെ അഭാവത്തെയും കുറിച്ചുമുണ്ട് നമ്മുടെ മനസ്സില്‍ തെറ്റായ സമാന ധാരണ. കണ്ണിനു കാണാവുന്ന പരിധിക്കകത്ത് അലനീളമുള്ള (സ്പന്ദനിരക്കുള്ള) ഊര്‍ജപ്രസരത്തെ പ്രകാശമെന്നു നാം പറയുന്നു. ആ പ്രകാശത്തെ പരംപൊരുളിന്റെ പ്രത്യേകപ്രഭാവമായി കരുതാമോ ? അപ്പോള്‍, മറ്റ് ഊര്‍ജപ്രസരങ്ങളോ ?
(തുടരും)





