
ഗീതാദര്‍ശനം - 455
Posted on: 17 Mar 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
അവിഭക്തം ച ഭൂതേഷു
വിഭക്തമിവ ച സ്ഥിതം
ഭൂതഭര്‍ത്തൃ ച തത് ജ്ഞേയം
ഗ്രസിഷ്ണു പ്രഭവിഷ്ണു ച
അറിയപ്പെടേണ്ട അത് വേര്‍തിരിഞ്ഞ് ഇരിക്കാത്തതും എന്നാല്‍ വേര്‍തിരിഞ്ഞെന്നപോലെ ഇരിക്കുന്നതുമാണ്. ചരാചരങ്ങളെ ഭരിക്കുന്നതും ഗ്രസിക്കുന്നതും ഉദ്ഭവിപ്പിക്കുന്നതും അതുതന്നെ.
നാം നമുക്കു ചുറ്റും നോക്കുമ്പോള്‍ പദാര്‍ഥങ്ങളും അവയ്ക്കിടയില്‍ 'ഒന്നുമില്ലാത്ത ഇട'ങ്ങളും കാണുന്നു. അഞ്ചു വിരലുകള്‍ക്കിടയില്‍ നാല് ഒഴിവുകള്‍ ! ഈ ഒഴിഞ്ഞേടങ്ങളിലൊന്നും ചൈതന്യമോ ചലനമോ കാണാനാവാത്തതിനാല്‍ അവിടെയൊന്നും അത് ഇല്ലെന്നു തോന്നാം. ചൈതന്യം അവിടവിടെയായി തുണ്ടുതുണ്ടെന്നപോലെ ഇരിക്കുന്നു എന്നും തോന്നാം. പക്ഷേ, അതല്ല നേര്. എങ്ങെങ്ങുമുള്ളതിനാല്‍ അത് അവിഭക്തമാണ്.
ബഹിരാകാശത്തേക്കു നോക്കിയാല്‍ 'ഒന്നുമില്ലാത്ത ഇട'ങ്ങളുടെ വിസ്തൃതി അപാരമാണ്. പ്രപഞ്ചത്തിലുള്ള ഗോളങ്ങള്‍ അഥവാ, ദ്രവ്യസംഘാതങ്ങള്‍ ഗുരുത്വാകര്‍ഷണത്തിന്റെയോ ഊര്‍ജപ്രസരത്തിന്റെയോ ഒക്കെ കേന്ദ്രമായതിനാല്‍, വിശേഷിച്ചും, അവയില്‍ പരമാത്മാവുണ്ടെന്നും ശൂന്യസ്ഥലിയായി പ്രത്യക്ഷപ്പെടുന്ന സ്‌പെയ്‌സില്‍ ഇല്ലെന്നുമുള്ള അബദ്ധം തോന്നാം. എന്നാല്‍, സത്യസ്ഥിതിയോ ? തേജോഗോളമെന്നോ ശൂന്യതയെന്നോ ഭേദമില്ലാതെ എങ്ങും അത് അഖണ്ഡമായി നിറഞ്ഞിരിക്കുന്നു. ഇന്ദ്രിയങ്ങള്‍കൊണ്ട് തിരിച്ചറിയാനാവാത്ത പരംപൊരുളാണ് സകല ചരാചരങ്ങളുടെയും ഭരണത്തിന്റെ സിരാകേന്ദ്രം. എല്ലാറ്റിനെയും വിഴുങ്ങുന്നതും ഉണ്ടാക്കുന്നതും അതുതന്നെ.
(തുടരും)





