
ഗീതാദര്‍ശനം - 454
Posted on: 16 Mar 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
ബഹിരന്തശ്ച ഭൂതാനാം
അചരം ചരമേവ ച
സൂക്ഷ്മത്വാത് തദവിജ്ഞേയം
ദൂരസ്ഥം ചാന്തികേ ച തത്
ചലിക്കുന്നതും അല്ലാത്തതുമായ സര്‍വഭൂതങ്ങളുടെയും അകത്തും പുറത്തും (അത് ഇരിക്കുന്നു.) അത് അങ്ങ് ദൂരെയും ഇങ്ങ് അരികിലും ഉണ്ട്. (എങ്കിലും) സൂക്ഷ്മമാകയാല്‍ അത് ഇന്ദ്രിയങ്ങള്‍കൊണ്ട് തിരിച്ചറിയാവുന്നതല്ല.
സര്‍വവ്യാപിയാകയാല്‍ എല്ലാം അതിലാണുള്ളത്. ഇളകുന്നത് എന്തും അതില്‍ത്തന്നെയാണ് ചലിക്കുന്നത്. അതിനാല്‍ എന്ത് എവിടന്ന് എവിടേക്കു നീങ്ങിയാലും അതെല്ലാം നടക്കുന്നത് അതില്‍ത്തന്നെയാണ്. എങ്ങുമുള്ളതിനാല്‍ തൊട്ടരികിലും എത്ര ദൂരെയും അതുണ്ട്. (അതിനെക്കുറിച്ച് അവബോധമുള്ളവര്‍ക്ക് അതു തൊട്ടരികിലാണ്. ആ അവബോധമില്ലെങ്കില്‍ അത് വളരെ അകലെയുമാണ്.) സൂക്ഷ്മത്വംകൊണ്ടാണ് അത് അജ്ഞേയമാകുന്നത്. കാര്യത്തേക്കാള്‍ സൂക്ഷ്മമാണ് കാരണം എന്നു പറയാറുണ്ട്. ഉദാഹരണം: ബള്‍ബിനേക്കാള്‍ സൂക്ഷ്മമാണ് വൈദ്യുതി. ഏറ്റവും സൂക്ഷ്മമായത് എങ്ങുമുള്ളതാകയാല്‍ ഒന്നുകൊണ്ടും അതിനെ നിരീക്ഷിക്കാനോ അളക്കാനോ നീക്കിയോ മുറിച്ചോ നോക്കാനോ പറ്റില്ല. അറിയാനുള്ള ഉപാധികളായ ജ്ഞാനേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമെല്ലാം അതില്‍നിന്നുണ്ടായതും അതിനാല്‍ വ്യാപിക്കപ്പെട്ട് അതിന്റെ പ്രഭാവംകൊണ്ട് പ്രവര്‍ത്തിക്കുന്നതുമാകയാല്‍ അതിനെ ഇവയുടെ സഹായത്താല്‍ അറിയാനാവില്ല.
ക്വിസ് മാസ്റ്ററോട് അപേക്ഷിക്കുന്നപോലെ 'ഒരു ക്ലൂ തരാമോ?' എന്നു ചോദിക്കാന്‍ തോന്നുന്നില്ലേ? ഇതാ, ചോദിക്കാതെതന്നെ കിട്ടുന്നു.
(തുടരും)





