
ഗീതാദര്‍ശനം - 453
Posted on: 15 Mar 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
സര്‍വേന്ദ്രിയഗുണാഭാസം
സര്‍വേന്ദ്രിയവിവര്‍ജിതം
അസക്തം സര്‍വഭൃച്ചൈവ
നിര്‍ഗുണം ഗുണഭോക്തൃ ച
അത് എല്ലാ ഇന്ദ്രിയങ്ങളുടെയും കഴിവുകളെ പ്രകാശിപ്പിക്കുന്നതും എന്നാല്‍ ഇന്ദ്രിയങ്ങളൊന്നുമേ ഇല്ലാത്തതുമാണ്. ഒന്നിനോടും ചേരാന്‍ ആഭിമുഖ്യമില്ലാത്തതാണെന്നാലും അത് എല്ലാറ്റിനും ആധാരമായി ഇരിക്കുന്നു. (സത്ത്വാദി) ഗുണങ്ങള്‍ ഒന്നുമില്ലാത്തതാണെങ്കിലും അത് ഗുണങ്ങളെ അനുഭവിക്കുന്നു.
നമ്മുടെ ശരീരത്തിലെ ഇന്ദ്രിയങ്ങളെ പരമാത്മാവാണ് പ്രകാശിപ്പിക്കുന്നത്. പക്ഷേ, ഈ ഇന്ദ്രിയങ്ങള്‍ പരമാത്മാവിന്റെ അല്ല. അതുപോലെ പ്രപഞ്ചമഹാക്ഷേത്രത്തിന്റെ ഇന്ദ്രിയങ്ങളെയെല്ലാം ദ്യോതിപ്പിക്കുന്നത് പരമാത്മാവാണെങ്കിലും ആ ഇന്ദ്രിയങ്ങളുടെ ഒന്നിന്റെയും ആവശ്യം പരംപൊരുളിന് ഇല്ല. എല്ലാറ്റിനും ആധാരം പരംപൊരുളാണെന്നാലും പ്രാതിഭാസികമായ ഒന്നിനോടും പരംപൊരുളിന് സംഗമില്ല. സത്ത്വരജസ്തമോഗുണങ്ങളിലൂടെയാണ് പ്രപഞ്ചസംവിധാനം. ഈ ഗുണങ്ങളൊന്നും പരംപൊരുളിന് ബന്ധനമാകുന്നില്ല. പക്ഷേ, ഈ ഗുണങ്ങളെ എല്ലാം അനുഭവിക്കുന്നത് പരംപൊരുളാണ്. (പരംപൊരുളിന്റെയല്ലെങ്കില്‍ പിന്നെ ഈ ഉപാധികളും ഗുണങ്ങളും എന്തിന്റെയാണ് എന്ന സംശയം വഴിയേ തീര്‍ക്കുന്നുണ്ട്.)
'വാഴ' എന്ന ഉത്തരം കിട്ടാന്‍, 'കൈകളുണ്ട്, കാലില്ല; തോട്ടിലില്ല, തോട്ടത്തിലു'ണ്ട് എന്ന് കടങ്കഥ പറയുന്ന മട്ടില്‍ പരംപൊരുളിനെ അവതരിപ്പിക്കേണ്ടിവരുന്നത് ഭാഷയുടെ പരിമിതിയാലാണ്. ഒരാള്‍ ഒരു വാക്കു കേള്‍ക്കുമ്പോള്‍ അതിന്റെ അര്‍ഥം ധരിക്കുന്നത് ക്രിയ, ഗുണം, സംബന്ധം, നാമം, രൂപം എന്നിങ്ങനെയുള്ള ഉപാധികളെ അടിസ്ഥാനമാക്കിയാണ്. ഈ വക ഒന്നുമില്ലാത്തതിനെ സൂചിപ്പിക്കാന്‍ ഒറ്റവാക്കോ വാക്യമോ മതിയാവുന്നില്ല. നേരിട്ടുള്ള അര്‍ഥബോധനം അസാധ്യമായതിനാല്‍ ഭേദങ്ങളില്‍നിന്ന് സാരം ഗ്രഹിക്കണം. അതിനാല്‍, ഇതേ വഴിതന്നെ ഇനിയും തുടരുന്നു.
(തുടരും)





