githadharsanam

ഗീതാദര്‍ശനം - 452

Posted on: 14 Mar 2010

സി. രാധാകൃഷ്ണന്‍



ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം


സര്‍വതഃ പാണിപാദം തത്
സര്‍വതോ ശക്ഷിശിരോമുഖം
സര്‍വതഃ ശ്രുതിമല്ലോകേ
സര്‍വമാവൃത്യ തിഷ്ഠതി
അത് (ആ പരമാത്മാവ്) എല്ലാ ദിക്കിലും കൈകാലുകളോടുകൂടിയും, എങ്ങെങ്ങും കണ്ണുകളും ശിരസ്സുകളും മുഖങ്ങളുമുള്ളതായും, സര്‍വത്ര ചെവികളുള്ളതുമായി പ്രപഞ്ചത്തില്‍ എല്ലാറ്റിലും വ്യാപിച്ച് സ്ഥിതി ചെയ്യുന്നു.
പരംപൊരുളിന് കൈകാലുകളും മറ്റും ഉണ്ട് എന്ന അക്ഷരാര്‍ത്ഥമല്ല ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. മനുഷ്യശരീരമെന്ന ക്ഷേത്രവുമായി പ്രപഞ്ചമെന്ന മഹാക്ഷേത്രത്തെ താരതമ്യം ചെയ്യുന്നു. നമുക്ക് ജ്ഞാനേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളുമുള്ളപോലെ ഈ മഹാപ്രപഞ്ചത്തിന് സര്‍വത്ര ജ്ഞാനകര്‍മേന്ദ്രിയങ്ങളുണ്ട്. പ്രപഞ്ചത്തിലെ എല്ലാ ചലനവും ആ ശരീരത്തിന്റെ കര്‍മങ്ങളാണ്, ആ ശരീരം എല്ലാമെല്ലാം കാണുകയും കേള്‍ക്കുകയും രുചിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നു. ആ ശരീരം മറ്റെല്ലാ ക്ഷേത്രങ്ങളെയും ഉള്‍ക്കൊള്ളുന്നു. അങ്ങനെയുള്ള പ്രപഞ്ചശരീരത്തിന്റെ ജീവനാണ് പരമാത്മാവ്. പ്രപഞ്ചശരീരത്തില്‍ എവിടെയും അതിന്റെ സാന്നിധ്യം ഒരുപോലെ നിറഞ്ഞിരിക്കുന്നു.
'ഇങ്ങനെ അല്ല, ഇങ്ങനെ അല്ല' (നേതി, നേതി) എന്നാണ് പൊതുവെ ഉപനിഷത്തുകളില്‍ പരമാത്മാവിനെപ്പറ്റി പറയുന്നത്. 'വലുതല്ല, ചെറുതല്ല' (അസ്ഥൂലമനണു) എന്നും മറ്റും എല്ലാ വിശേഷങ്ങളെയും പ്രതിഷേധിക്കുന്നു. ഇവിടെ പറയുന്നത് 'ഇതി' (ഇതാണ്) എന്നത്രെ. ശിഷ്യന്‍ മുങ്ങിത്തപ്പി എടുത്തു കൊണ്ടുവരുന്നതെല്ലാം 'ഇതല്ല' എന്നു പറയുന്നതിനു പകരം, ഗീത ആഴത്തിലേക്കു വിരല്‍ ചൂണ്ടി 'അതാണ്, അതാ കാണുന്നു' എന്നു കരുണ കാട്ടുന്നു.
പക്ഷേ, അങ്ങ് അഗാധതയിലായതിനാല്‍, പുറത്തുനിന്ന് കാണുന്നതല്ല അതിന്റെ യഥാര്‍ഥരൂപം എന്നൊരു താക്കീതുകൂടി അതോടൊപ്പം തരുന്നു.
(തുടരും)



MathrubhumiMatrimonial