githadharsanam

ഗീതാദര്‍ശനം - 451

Posted on: 12 Mar 2010

സി. രാധാകൃഷ്ണന്‍



ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം


തുടക്കമില്ലായ്മയും, ഉള്ളതായോ ഇല്ലാത്തതായോ സങ്കല്പിക്കാന്‍ വയ്യായ്കയുമാണ് പരംപൊരുളിനെ അറിയുന്നതിലുള്ള പ്രയാസങ്ങള്‍. സ്ഥലകാലങ്ങള്‍ക്തതീതമായി നിലനില്‍ക്കുന്ന ഒന്നിനെ 'മനസ്സിലാക്കാന്‍' നമുക്കു പ്രയാസമാണ്. 'നമ്മുടെ' അനുഭവത്തിലെ സമയവുമായി ബന്ധപ്പെടുത്തി ആദ്യവസാനങ്ങള്‍ പറയാന്‍ പറ്റിയാലേ എന്തിനും നമ്മുടെ കണ്ണില്‍ നിലനില്പുള്ളൂ. അതായത്, ജനിക്കാത്തത് ഇല്ലാത്തതാണ്. അതുപോലെയാണ്, പ്രത്യക്ഷമായോ പരോക്ഷമായെങ്കിലുമോ ഇന്ദ്രിയഗോചരമല്ലാത്തതിന് നമ്മെ സംബന്ധിച്ചിടത്തോളമുള്ള ഉണ്മയില്ലായ്മയും.

ഉള്ളതെന്ന് നമുക്കു പ്രത്യക്ഷാനുഭവമുള്ള കാര്യങ്ങള്‍ ഭൗതികപ്രപഞ്ചത്തിലെ പ്രതിഭാസങ്ങളാണ്. ഇവ വാസ്തവത്തില്‍ ഉള്ളതല്ല, വെറും പ്രത്യക്ഷങ്ങള്‍ (അസത്) മാത്രമാണ്. ഇവയെല്ലാം തുടക്കവും ഒടുക്കവുമുള്ളതാകയാല്‍, ഇതു രണ്ടുമില്ലാത്ത പരമാത്മാവ് ഇവയൊന്നുമല്ല. പ്രപഞ്ചത്തിന്റെ രണ്ടാമത്തെ തലമാണ് അക്ഷരമാധ്യമം അഥവാ അവ്യക്തം. (യഥാര്‍ഥത്തില്‍ ഉള്ളതാണെന്നാലും (സത്) ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയാന്‍ പറ്റാത്തതാകയാല്‍ നമ്മെ സംബന്ധിച്ചിടത്തോളം അത് 'ഇല്ലാത്ത'താണ്.) പക്ഷേ, പരമാത്മാവ് അതുമല്ല. കാരണം, അക്ഷരമാധ്യമം ത്രിഗുണങ്ങളോടുകൂടിയതും വൈരുധ്യാത്മകവുമാണ്. അതിലും ശ്രേഷ്ഠമാണ് പരംപൊരുള്‍. ചുരുക്കത്തില്‍, പരാപരങ്ങള്‍ക്കും അതീതമായ പുരുഷോത്തമന്‍ എന്ന മൂന്നാംതലമാണ് അത്.

ആദിയില്ലാത്തതും ഇന്ദ്രിയാതീതവുമായ അതുതന്നെയാണ് നമ്മിലെ ഉണ്മയും എന്ന അറിവേ ഈ പ്രയാസത്തിന് പരിഹാരമാകൂ. ഈ അറിവുതന്നെയാണ് ആ ഉണ്മ എന്നുകൂടി തിരിച്ചറിഞ്ഞാല്‍ കാലാതീതമായ അതുമായി താദാത്മ്യമായി.

(തുടരും)







MathrubhumiMatrimonial