
ഗീതാദര്‍ശനം - 450
Posted on: 11 Mar 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
അനിര്‍വചനീയമായ പരംപൊരുളിനെ സങ്കല്പിക്കാന്‍ ക്ലേശിക്കുന്നതിനു പകരം, അതിലേക്കെത്താന്‍ എളുപ്പം പിന്തുടരാവുന്ന വഴിയാണ് ഇപ്പറഞ്ഞത്. അറിവു നേടിയാലത്തെ അവസ്ഥയും അറിവു നേടാനുള്ള വഴിയും, രണ്ടും ഒന്നുതന്നെയാണ്. ഈ വഴിയേ പോകാന്‍ തുടങ്ങുന്നതോടെ അറിവ് പുഷ്ടിപ്പെടും. കുറച്ചൊന്നു മുന്നേറിയാല്‍ ആ മുന്നേറ്റംകൊണ്ടുണ്ടായ അറിവുതന്നെ പിന്നെ മുന്നോട്ടു നയിച്ചോളും. അറിവു തികഞ്ഞാലും പോകാനുള്ളത് ഇതുവഴിതന്നെ. അപ്പോള്‍ പക്ഷേ, ആനന്ദമയമാണ് യാത്ര.
ലോകഹിതത്തിനായി കൗശലപൂര്‍വം സഫലകര്‍മങ്ങളനുഷ്ഠിച്ച് നൂറു വര്‍ഷം ജീവിച്ചിരിക്കാനാണ് ഉപനിഷത്ത് ഉപദേശിക്കുന്നത്. അല്ലാതെ, ശരീരം എന്ന ക്ഷേത്രം നല്‍കുന്ന അനന്തമായ കര്‍മസാധ്യതകള്‍ ഉപേക്ഷിച്ചും ഭൗതികജീവിതം വെറും മായ എന്നു കരുതിയും ഉണക്കക്കമ്പുപോലെ കഴിയാനല്ല. ലൗകികജീവിതത്തെ സത്യാന്വേഷണത്തിന് വിഘാതമാകാത്ത രീതിയില്‍ ക്രമപ്പെടുത്തുക എന്നാണ് സന്ദേശം.
'ജ്ഞേയം' (അറിയാനുള്ളത്) എന്താണെന്നുകൂടി അര്‍ജുനന്‍ ചോദിച്ചല്ലോ. അതിനാല്‍, പരമാത്മാവിനെക്കുറിച്ചുള്ള സങ്കല്പം അവതരിപ്പിക്കുന്നു.
ജ്ഞേയം യത് തത് പ്രവക്ഷ്യാമി
യത് ജ്ഞാത്വാ f മൃതമശ്‌നുതേ
അനാദിമത് പരം ബ്രഹ്മ
ന സത് തന്നാസദുച്യതേ
അറിയപ്പെടേണ്ടത് ഏതോ, ഏതിനെ അറിഞ്ഞാല്‍ അമൃതത്വം പ്രാപിക്കാമോ, അത് ഞാന്‍ പറഞ്ഞുതരാം. ആദിയില്ലാത്തതും നിരതിശയവുമായ പരബ്രഹ്മമത്രെ അത്. അതിനെ സത് (അക്ഷരം, അവ്യക്തം) എന്നു പറയാന്‍ വയ്യ. അസത്ത് (ക്ഷരം, വ്യക്തം) എന്നും പറയാന്‍ വയ്യ.
(തുടരും)





