
ഗീതാദര്‍ശനം - 449
Posted on: 09 Mar 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
ജന്മമൃത്യുജരാവ്യാധി ദുഃഖദോഷാനുദര്‍ശനം 4 ജനനം, മരണം, ജര (യൗവനാവസ്ഥ കഴിഞ്ഞ് ചുളിഞ്ഞ തൊലിയും പല്ലില്ലാത്ത വായും വിറയ്ക്കുന്ന കൈകാലുകളും മാത്രം ശേഷിക്കുന്ന വാര്‍ധക്യത്തിലും വിഷയാഭിലാഷം അവശേഷിച്ചു നില്‍ക്കുക), രോഗം മുതലായവ ദുഃഖകരവും ദോഷദൂഷിതവുമാണെന്ന തിരിച്ചറിവുണ്ടാകല്‍. (ഇതെല്ലാം വന്നുചേരാവുന്ന അവസ്ഥ സാമാന്യം മോശമാണെന്ന തിരിച്ചറിവുണ്ടായാലല്ലേ മറ്റൊരവസ്ഥയെക്കുറിച്ച് ആലോചിക്കൂ?) അസക്തി 4 ആര്‍ത്തിയില്ലായ്മ. പുത്രദാരഗൃഹാദിഷു അനഭിഷ്വങ്ഗഃ 4 ഭാര്യ, മക്കള്‍, വീട് തുടങ്ങിയവയോട് വൃഥാഭിനിവേശമില്ലാതിരിക്കല്‍. (അമിതാഭിനിവേശമുള്ളപ്പോള്‍ ഇതിനെയെല്ലാം സംബന്ധിച്ച ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ തന്റെതന്നെ സുഖദുഃഖങ്ങളായി അനുഭവപ്പെടും.) ഇഷ്ടാനിഷ്‌ടോപപത്തിഷു നിത്യം സമചിത്തത്വം 4 ഇഷ്ടാനിഷ്ടപ്രാപ്തികളില്‍ ചിത്തത്തിന് സ്ഥിരമായ നിര്‍വികാരത. ഇഷ്ടാനിഷ്ടപ്രാപ്തികള്‍ അസമതുലിതമനസ്സിനെ അശാന്തമാക്കും. (ശാന്തമായ മനസ്സുകൊണ്ടേ ധ്യാനിക്കാനാവൂ.) മയി അനന്യയോഗേന അവ്യഭിചാരിണി ഭക്തിഃ = അന്തഃകരണം വ്യതിചലിക്കാതിരിക്കാനുള്ള യോഗപരിശീലനംകൊണ്ട് എന്നിലുറച്ച ഭക്തി. വിവിക്തദേശസേവിത്വം 4 നിരുപദ്രവമായ ദേശത്തെ മാത്രം ആശ്രയിക്കുക, ശുദ്ധമായ ഇടത്തില്‍ ഇരിക്കുക എന്ന ശീലം. ജനസംസദി അരതിഃ 4 സംസ്‌കാരശൂന്യമായ സദസ്സുകളില്‍ താത്പര്യമില്ലാതിരിക്കുക. (തനിയെ ചെയ്യേണ്ടതാണ് ആത്മാന്വേഷണം. മാത്രമല്ല, ജനാവലിയുടെ പൊതുവികാരം വ്യക്തിയുടെ മനസ്സിനെ ബാധിക്കും.) അധ്യാത്മജ്ഞാനനിത്യത്വം 4 ആത്മസ്വരൂപത്തെക്കുറിച്ച് ഉള്ള അറിവില്‍ സ്ഥിരമായി നില്‍ക്കുക. തത്ത്വജ്ഞാനാര്‍ഥദര്‍ശനം 4 ഓരോ അനുഭവത്തെയും അടിസ്ഥാനപരമായ അറിവുമായി എപ്പോഴും ഒത്തുനോക്കല്‍. ഏതത് ജ്ഞാനം ഇതി പ്രോക്തം 4 ജ്ഞാനം എന്നാല്‍ ഇപ്പറഞ്ഞതെല്ലാമാണ്. അതഃ അന്യഥാ യത് (തത്) അജ്ഞാനം 4 ഇതല്ലാത്തതെന്തുണ്ടോ അതെല്ലാം അജ്ഞാനവുമാകുന്നു.
(തുടരും)





