
ഗീതാദര്‍ശനം - 448
Posted on: 09 Mar 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
സര്‍വക്ഷേത്രക്ഷേത്രജ്ഞത്വമുള്ള പരമാത്മാവിനെ തിരിച്ചറിയാനും പ്രാപിക്കാനും പാകത്തിലാണ് ശരീരനിര്‍മിതിയും വികാരങ്ങളുടെ സ്വഭാവവും. ഈ ഉപാധികളുപയോഗിച്ച് അതെങ്ങനെ സാധിക്കാമെന്ന് ഇനി കാര്യകാരണസഹിതം പറയുന്നു.
അമാനിത്വമദംഭിത്വം
അഹിംസാ ക്ഷാന്തിരാര്‍ജവം
ആചാര്യോപാസനം ശൗചം
സ്ഥൈര്യമാത്മവിനിഗ്രഹഃ
ഇന്ദ്രിയാര്‍ഥേഷുവൈരാഗ്യം
അനഹങ്കാര ഏവ ച
ജന്മമൃത്യുജരാവ്യാധി-
ദുഃഖദോഷാനുദര്‍ശനം
അസക്തിരനഭിഷ്വങ്ഗഃ
പുത്രദാരഗൃഹാദിഷു
നിത്യം ച സമചിത്തത്വം
ഇഷ്ടാനിഷേ്ടാപപത്തിഷു
മയി ചാനന്യയോഗേന
ഭക്തിരവ്യഭിചാരിണീ
വിവിക്തദേശസേവിത്വം
അരതിര്‍ജനസംസദി
അധ്യാത്മജ്ഞാനനിത്യത്വം
തത്ത്വജ്ഞാനാര്‍ഥദര്‍ശനം
ഏതത് ജ്ഞാനമിതി പ്രോക്തം
അജ്ഞാനം യദതോ ശന്യഥാ
അമാനിത്വം 4 പ്രമാണിത്തമില്ലായ്മ, മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നതാണ് തന്റെ സ്ഥാനം എന്ന വിചാരമില്ലായ്മ, വിനയം. അദംഭിത്വം 4 മറ്റുള്ളവരുടെ ബഹുമാനം നേടാന്‍ യോഗ്യതയോ കഴിവോ തനിക്കുണ്ടെന്നു നടിച്ച് ഞെളിയാതിരിക്കല്‍. അഹിംസ 4 എന്‍േറത്-നിന്‍േറത് എന്ന ഭേദഭാവനയുടെ ഫലമായ ദ്രോഹബുദ്ധി ഇല്ലായ്ക. (ദേഹം മാത്രമാണ് ഞാന്‍ എന്ന ധാരണ പോയാലേ ഈ ഗുണങ്ങള്‍ കൈവരൂ. ശരീരമാണ് മുഖ്യം എന്ന തോന്നലുള്ളപ്പോള്‍ മനഃശാന്തി അസാധ്യം.) ക്ഷാന്തി 4 സഹനശക്തി. ആര്‍ജവം 4 'നേരേ വാ നേരേ പോ' രീതി, മനോവാക്കായങ്ങള്‍ തമ്മില്‍ വൈരുധ്യമില്ലായ്മ. ആചാര്യോപാസനം 4 ആചാര്യന്റെ അറിവിനെയും ഹൃദയാലുത്വത്തെയും ഉപാസിക്കുക. ശൗചം 4 ബാഹ്യാന്തരശുദ്ധി. സ്ഥൈര്യം = അടിയുറച്ച ലക്ഷ്യബോധം. ആത്മവിനിഗ്രഹഃ 4 ഇന്ദ്രിയങ്ങളെയും മനസ്സിനെയും അടക്കി നിര്‍ത്തല്‍. ഇന്ദ്രിയാര്‍ത്‌ഥേഷു വൈരാഗ്യം 4 ഇന്ദ്രിയാനുഭവങ്ങള്‍ക്ക് അടിമപ്പെടാതെ മനസ്സിനെ നിസ്സംഗമാക്കി വെക്കല്‍. അനഹങ്കാരഃ 4 കര്‍തൃത്വാഭിമാനം കൈവിടല്‍, നിമിത്തമാത്രമാണ് താന്‍ എന്ന സങ്കല്പം. (മനസ്സിനെ ജീവനിലേക്കുതന്നെ ഏകാഗ്രമായി തിരിച്ചു നിര്‍ത്താന്‍ ഈ മൂന്നും ആവശ്യമാണ്.)
(തുടരും)





