githadharsanam

ഗീതാദര്‍ശനം - 447

Posted on: 08 Mar 2010

സി. രാധാകൃഷ്ണന്‍



ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം


(സാംഖ്യശാസ്ത്രത്തിലെ പ്രസിദ്ധതത്ത്വങ്ങളാണ് ഇവ.) ഇവ ചേര്‍ന്നുണ്ടായ ശരീരത്തിന് ഇച്ഛ, ദ്വേഷം, സുഖം, ദുഃഖം, സംഘാതം (ദേഹേന്ദ്രിയസമൂഹത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്താനും പരസ്​പരം ഏകോപിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാനുമുള്ള സംവിധാനം), ചേതന (ശരീരസംഘാതത്തിന്റെ ജീവചൈതന്യത്തോടുകൂടിയ അന്തഃകരണവൃത്തി), ധൃതി (ദേഹേന്ദ്രിയങ്ങളെ ബലപ്പെടുത്തുന്ന വീര്യം) എന്നിങ്ങനെ ഏഴ് വികാരങ്ങളുമുണ്ട്.

ശരീരം എങ്ങനെ ഉണ്ടാകുന്നു എന്ന് ഇതില്‍നിന്ന് ഊഹിച്ചെടുക്കാം. അവ്യക്തം (പരാപ്രകൃതി) പഞ്ചഭൂതതന്മാത്രകളുടെ അഹങ്കാരമെന്ന സവിശേഷതയെ ഉപയോഗപ്പെടുത്തി രൂപനിര്‍മാണക്ഷേത്രത്തിലൂടെ ശരീരത്തിന് തുടക്കമിടുന്നു. അവ്യക്തമാധ്യമത്തിന്റെ വൈരുധ്യാത്മകതയെ ആസ്​പദിച്ച് ദ്വന്ദ്വമോഹാധിഷ്ഠിതമായി ഇന്ദ്രിയങ്ങള്‍ പത്തും അവയുടെ ഏകോപനവും അവയ്ക്ക് അഹങ്കാരസംബന്ധം സാധിക്കുന്ന മനസ്സും രൂപപ്പെടുന്നു. ഇതേ അഹങ്കാരം വിവേചനശേഷിയായി വളരുന്നു.
ശരീരം നിലനില്‍ക്കുന്നതെങ്ങനെ എന്ന് അതിന്റെ വികാരങ്ങളില്‍നിന്ന് അറിയാം. സുഖദുഃഖാദി ദ്വന്ദ്വമോഹാധിഷ്ഠിതങ്ങളായ നാല് പ്രാഥമികവികാരങ്ങള്‍കൊണ്ട് ചുറ്റുപാടുകളുമായി ഇടപെട്ട് നിലനില്പ് സുകരമാക്കുന്നു. ശരീരഘടകങ്ങള്‍ തമ്മില്‍ തന്മാത്രാതലം മുതല്‍ തുടങ്ങി, വ്യത്യസ്തകോശങ്ങള്‍ വരെ എത്തുന്ന ചേര്‍ച്ച-ചാര്‍ച്ചകളുടെ സംഘാതം ശരീരത്തെ ഏകകമായി നിലനിര്‍ത്തുകയും ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. സംഘാതത്തിന്റെ ജീവചൈതന്യമായ ചേതന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിദാനമായി വര്‍ത്തിക്കുന്നു. ഓജസ്സ് (സ്വയം വീണ്ടെടുക്കാനുള്ള ത്വര) രോഗങ്ങളില്‍നിന്നും ക്ഷതങ്ങളില്‍നിന്നും ഉയിര്‍ക്കാന്‍ ശരീരത്തെ കെല്പുറ്റതാക്കുന്നു.
ഇപ്പറഞ്ഞ ഘടകങ്ങളിലോ വികാരങ്ങളിലോ ഏതെങ്കിലുമൊന്ന് മിഥ്യയാണെന്നോ മായയാണെന്നോ ഗീത പറയുന്നില്ല. എല്ലാം അതതിന്റെ തലത്തില്‍ ഉണ്മയാണ്. എല്ലാം ബ്രഹ്മസിദ്ധവും ബ്രഹ്മംതന്നെയുമാണ്. (സംശയിച്ചും തര്‍ക്കിച്ചും നേരം കളയേണ്ടതില്ല.)

(തുടരും)



MathrubhumiMatrimonial