
ഗീതാദര്‍ശനം - 446
Posted on: 07 Mar 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
മഹാഭൂതാന്യഹങ്കാരഃ
ബുദ്ധിരവ്യക്തമേവ ച
ഇന്ദ്രിയാണി ദശൈകം ച
പഞ്ചചേന്ദ്രിയ ഗോചരാഃ
ഇച്ഛാ ദ്വേഷഃ സുഖം ദുഃഖം
സംഘാതശ്ചേതനാ ധൃതിഃ
ഏതത് ക്ഷേത്രം സമാസേന
സവികാരമുദാഹൃതം
വ്യാസരുടെതന്നെ കൃതിയായ ബ്രഹ്മസൂത്രം എന്തിനായി വിരചിതമായി എന്നതിന്റെ സൂചനകൂടി ഈ പദ്യത്തിലുണ്ട്. ഈ മേഖലയില്‍ നിലവിലിരുന്ന ആശയവൈകല്യങ്ങള്‍ തീര്‍ക്കാനായിരുന്നു അത്. ഇപ്പോള്‍ ലഭ്യമായ ബ്രഹ്മസൂത്രപാഠത്തില്‍ പക്ഷേ, ഈ വിഷയം ഇപ്പറഞ്ഞ രീതിയില്‍ പ്രതിപാദിച്ചുകാണുന്നില്ല. ബ്രഹ്മസൂത്രപാഠവും കാലാന്തരത്തില്‍ കുറെ ഭാഗങ്ങള്‍ നഷ്ടപ്പെട്ടും വേറെ ചിലത് കൂട്ടിച്ചേര്‍ത്തും വികലമായിപ്പോയി എന്നു കരുതാനേ ന്യായമുള്ളൂ.
പഞ്ചമഹാഭൂതങ്ങള്‍, അഹങ്കരണം, ബുദ്ധി, അവ്യക്തമാധ്യമം, പത്ത് ഇന്ദ്രിയങ്ങള്‍, മനസ്സ്, അഞ്ച് ഇന്ദ്രിയവിഷയങ്ങള്‍ (എന്നിങ്ങനെ 24 കാര്യങ്ങള്‍ അടങ്ങിയ) ഈ ക്ഷേത്രത്തെ, ഇച്ഛ, ദ്വേഷം, സുഖം, ദുഃഖം, സംഘാതം (കൂട്ടിച്ചേര്‍ത്തു നിര്‍ത്തുന്നത് ഏതോ അത്), ചേതന (ജീവചൈതന്യത്തോടുകൂടിയ അന്തഃകരണവൃത്തി), ധൃതി എന്നീ വികാരങ്ങളോടുകൂടിയതെന്ന് ചുരുക്കിപ്പറയാം.
ശരീരഘടകങ്ങള്‍ അക്കമിട്ട് കുറിക്കുന്നു: പഞ്ചഭൂതങ്ങള്‍, അഹങ്കാരം ('ഞാന്‍' എന്നും 'എന്റെ' എന്നുമുള്ള അഭിമാനം, ശരീരഘടകങ്ങള്‍ തമ്മില്‍ തന്മാത്രാതലം മുതല്‍ തുടങ്ങുന്ന ചേര്‍ച്ച-ചാര്‍ച്ചകളുടെ ഉത്പന്നം), ബുദ്ധി (നിശ്ചയാത്മകമായ അന്തഃകരണം. മുന്‍പറഞ്ഞ അഭിമാനത്തിന്റെ ആകെത്തുകയാണ് ഇതിന് ആസ്പദം), അവ്യക്തമാധ്യമം (വൈരുധ്യാത്മകവും സര്‍വവ്യാപിയുമായ പ്രപഞ്ചസത്ത), അഞ്ച് ജ്ഞാനേന്ദ്രിയങ്ങള്‍ (ശബ്ദസ്പര്‍ശരൂപരസഗന്ധങ്ങള്‍ ഗ്രഹിക്കുന്നതിനുള്ള ഉപാധികള്‍), അഞ്ച് കര്‍മേന്ദ്രിയങ്ങള്‍, മനസ്സ് (ജ്ഞാനകര്‍മേന്ദ്രിയങ്ങളെയും ബുദ്ധിയെയും ബന്ധിപ്പിക്കുന്ന ഉപകരണം), ഇന്ദ്രിയവിഷയങ്ങള്‍ അഞ്ച് - മൊത്തം ഇരുപത്തിനാല്.
(തുടരും)





