
ഗീതാദര്‍ശനം - 445
Posted on: 05 Mar 2010
സി. രാധാകൃഷ്ണന്‍
ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
സ്ഥൂലശരീരത്തിന്റെ സ്വരൂപം, ഉത്പത്തി, സ്വഭാവം, വികാരം എന്നിവയാണ് ആദ്യം പറയുന്നത്. ഇത് ഭൗതികജ്ഞാനമാണ്. അത് മുഴുവനാകാതെ ആത്യന്തികജ്ഞാനത്തിലേക്ക് പോകാനാവില്ല. അതായത്, പരമമായതിനെ അന്വേഷിക്കാന്‍ കളമൊരുക്കലാണ് ഭൗതികശാസ്ത്രങ്ങളുടെ ലക്ഷ്യം. ഇതരക്ഷേത്രങ്ങളെ നിരീക്ഷിച്ചേ ക്ഷേത്രങ്ങളുടെ സാമാന്യസ്വഭാവം നിരൂപിക്കാനാവൂ. ആ നിരൂപണമാണ് തന്നെത്തന്നെ അറിയാനുള്ള യാത്രയിലെ പാഥേയം. ജ്ഞാനേന്ദ്രിയങ്ങള്‍കൊണ്ട് പ്രപഞ്ചനിരീക്ഷണം നേരേചൊവ്വേ നടത്തി വിവേകം നേടുമ്പോള്‍ മനുഷ്യന്‍ ഉള്ളിലേക്കു നോക്കാന്‍ തയ്യാറായിക്കഴിഞ്ഞു.
ഋഷിഭിര്‍ബഹുധാ ഗീതം
ഛന്ദോഭിര്‍വിവിധൈഃ പൃഥക്
ബ്രഹ്മസൂത്രപദൈശ്ചൈവ
ഹേതുമദ്ഭിര്‍വിനിശ്ചിതൈഃ
(ക്ഷേത്രക്ഷേത്രജ്ഞന്മാരെ സംബന്ധിച്ച കാര്യങ്ങള്‍) ഋഷിമാര്‍ പല വിധങ്ങളില്‍ പറഞ്ഞിരിക്കുന്നു. വിവിധവേദങ്ങള്‍ വെവ്വേറെ (തരത്തിലും) അവതരിപ്പിച്ചിട്ടുണ്ട്. ബ്രഹ്മസൂത്രപദങ്ങളാല്‍ യുക്തിയുക്തമായും സംശയാതീതമായും പ്രതിപാദിക്കപ്പെട്ടിട്ടുമുണ്ട്.
ഒരു വിഷയത്തെപ്പറ്റി ലഭ്യമായ എല്ലാ അറിവുകളും നേടിയ ഗുരുനാഥന്‍ ഒരു ക്ലാസ് തുടങ്ങുന്നപോലെയാണ് ഈ മുഖവുര. പഠിപ്പിക്കുന്നത് പ്രപഞ്ചവിജ്ഞാനീയമാണെന്നിരിക്കട്ടെ. 'ഇതേപ്പറ്റി പ്രഗല്ഭരായ ഒരുപാട് സയന്റിസ്റ്റുകള്‍ വിവിധസിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങളില്‍ പല തരത്തിലുമുള്ള സങ്കല്പങ്ങള്‍ കാണാം. പക്ഷേ, യുക്തിയുക്തമായും സംശയാതീതമായും കാര്യം പറയുന്നത് ഒരു ഗ്രന്ഥത്തില്‍ മാത്രമാണ്....' (ഗുരുത്വാകര്‍ഷണത്തെപ്പറ്റി ന്യൂട്ടണും ഐന്‍സ്‌റ്റൈനും വേറെ പലരും പല രീതിയില്‍ പറഞ്ഞിട്ടുണ്ടെന്നാലും പുതിയ ഒരാള്‍ യുക്തിഭദ്രമായി ആ വിഷയം കൈകാര്യം ചെയ്തിരിക്കുന്നു എന്നു പറയുന്ന രീതിതന്നെ.)
(തുടരും)





